ഇനി വെറുപ്പിന്റെ കടയിലേക്ക് പോകരുത്; സ്‌നേഹക്കടയിലെ അംഗത്വം നിലനിര്‍ത്തണം; കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യരോട് കെ. മുരളീധരന്‍

ഇനി വെറുപ്പിന്റെ കടയിലേക്ക് പോകരുത്

Update: 2024-11-16 12:56 GMT

പാലക്കാട്: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയത് നല്ലകാര്യമാണെന്നായിരുന്നു മുരളീധരന്‍ അഭിപ്രായപ്പെട്ടത്. രണ്ടാഴ്ച മുമ്പേ കോണ്‍ഗ്രസിലെത്തി വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കായി പ്രചാരണത്തിന് പോയാല്‍ അത് രാഹുല്‍ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കലാകുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

ഇനി വെറുപ്പിന്റെ കടയില്‍ മെംബര്‍ഷിപ്പ് എടുക്കാന്‍ പോകരുത്. സ്‌നേഹത്തിന്റെ കടയിലെ മെംബര്‍ഷിപ്പ് എപ്പോഴും നിലനിര്‍ത്തണം. ഗാന്ധിവധം സംബന്ധിച്ച പരാമര്‍ശം ബി.ജെ.പിക്ക് വേണ്ടി പറഞ്ഞുവെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. ഇനി അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ടതില്ലെന്നും അദേദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സന്ദീപ് വാര്യര്‍ കയറിയത് മുങ്ങാന്‍ പോകുന്ന കപ്പലിലാണെന്നും സ്‌നേഹത്തിന്റെ കടയില്‍ അല്ല, വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് എത്തിയിരിക്കുന്നതെന്നും എന്നായിരുന്നു പത്മജ വേണുഗോപാലിന്റെ പ്രതികരണം. സന്ദീപ് വാര്യര്‍ ഇതുവരെ പറഞ്ഞതൊക്കെ ഇനി വിഴുങ്ങേണ്ടി വരില്ലേ എന്ന്‌ചോദിച്ച പത്മജ, ഇപ്പോള്‍ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു.

പാര്‍ട്ടി തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയില്‍ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു തനിക്ക്. മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബി.ജെ.പി. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാന്‍ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താന്‍ കഴിയില്ല. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കോട്ടയില്‍നിന്ന് പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.

Tags:    

Similar News