'കെ സുധാകരന്‍ കണ്ടാല്‍ പരുക്കാനാണെന്ന് തോന്നുമെങ്കിലും ലോല ഹൃദയന്‍; പടിയിറങ്ങുന്നത് അഭിമാനത്തോടെ; പലതരക്കാര്‍ മേയ്ക്കാന്‍ കഴിഞ്ഞു'; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരു മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം സണ്ണി ജോസഫിന് ഉണ്ടാകട്ടെ; കെ മുരളീധരന്‍

'കെ സുധാകരന്‍ കണ്ടാല്‍ പരുക്കാനാണെന്ന് തോന്നുമെങ്കിലും ലോല ഹൃദയന്‍

Update: 2025-05-12 10:50 GMT

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആശംസകള്‍ നേര്‍ന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. 'കെ സുധാകരന്‍ കഴിഞ്ഞ നാലുവര്‍ഷം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ കണ്ടാല്‍ പരുക്കാനാണെന്ന് തോന്നുമെങ്കിലും പലപ്പോഴും അദ്ദേഹം ലോലഹൃദയനാണെന്ന കാര്യത്തില്‍ സംശയമില്ല. പലതരക്കാര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. അവരെയൊക്കെ മേയ്ക്കാന്‍ കഴിഞ്ഞു. നല്ല റിസല്‍ട്ട് ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

തികച്ചും അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സഹായം ഉണ്ടാകും. പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരുതലമുറ മാറ്റമാണ് കാണുന്നത്. സ്ഥിരം കണ്ടുമടുത്തുവരെ മാത്രം കണ്ടുമുട്ടിയിട്ട് കാര്യമില്ല. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും അങ്ങനെ വേണം. ഞാനുള്‍പ്പെടയുള്ളവരെല്ലാം മാറി നിന്ന് പുതിയ തലമുറയെ ജയിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറാണ്. എപ്പോഴും ഒറ്റക്കെട്ടാണെന്ന് നമ്മള്‍ എപ്പോഴും പറയേണ്ടതില്ല. അത് കേള്‍ക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് ഒറ്റക്കെട്ടല്ലെന്ന് സംശയം തോന്നും. അത് പ്രവൃത്തിയില്‍ കാണിച്ചാല്‍ മതി'.- മുരളീധരന്‍ പറഞ്ഞു.

പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ അഭിനന്ദിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് തന്നെ പുറത്തിറിക്കി. യുദ്ധമുണ്ടാകുമോയെന്ന അന്തരീക്ഷത്തില്‍ എല്ലാവരും ഇങ്ങനെ ഭയന്നിരിക്കുമ്പോഴാണ് ഈ ലിസ്റ്റ് പുറത്ത് വന്നത്. ബോംബ് പൊട്ടും എന്ന സ്ഥാനത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

വിരുദ്ധ ചേരിയില്‍ നില്‍ക്കുമ്പോഴും ചിലയാളുകള്‍ക്ക് ചില സമാനതകള്‍ ഉണ്ടാകും. എംവി ഗോവിന്ദന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ സണ്ണി ജോസഫ് കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റായിരുന്നു. എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായെന്ന് മുരളീധരന്‍ പറഞ്ഞു. അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവരുന്ന ഒരുമുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടാകട്ടെ. കഴിഞ്ഞ കുറച്ചുകാലമായി അത്തരമൊരു ഭാഗ്യം പല മുന്‍ പ്രസിഡന്റുമാര്‍ക്കും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മുരളീധരന്‍പറഞ്ഞു.

ലീഡര്‍ കെ കരുണാകരന്‍ പറഞ്ഞ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. ഇലക്ഷന്‍ ജയിക്കാന്‍ വെള്ളം വേറെ കുടിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. വോട്ടര്‍ പട്ടികയില്‍ വോട്ട് പേര് ചേര്‍ക്കാതെ ഈ അന്തരീക്ഷത്തില്‍ വിജയിക്കാന്‍ കഴിയില്ല. അക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഇവിടെയുളളവര്‍ പ്രതിജ്ഞയെടുത്ത് പിരിയണം. എന്നാല്‍ ഉദ്ദേശിച്ചപോലെ നല്ലവിജയം ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

'വര്‍ക്കിങ് പ്രസിഡന്റ് മൂന്ന് പേരും മിടുക്കന്‍മാരാണ്. തെലങ്കാന തെരഞ്ഞെടുപ്പിലും കര്‍ണാടക തെരഞ്ഞെടുപ്പിലും മികച്ച പ്രവര്‍ത്തനമാണ് വിഷ്ണുനാഥ് കാഴ്ചവച്ചത്. അനില്‍ കുമാര്‍ ഒരുകാലലത്ത് ഞാന്‍ എന്റെ കൂടെ കൊണ്ടുനടന്ന ആളാണ്. ഇപ്പോ എത്തേണ്ട സ്ഥാനത്ത് എത്തിയതില്‍ സന്തോഷം ഉണ്ട്. ഷാഫിയുടെ മെച്ചം അയാള്‍ എന്ന് വടകരയില്‍ കാലുകുത്തിയോ അതോടെ ഷാഫിയുടെ ഗ്രാഫ് ഉയര്‍ന്നു. ഞാന്‍ തൃശൂര്‍ക്ക് മാറിയപ്പോള്‍ എന്റെ ഗ്രാഫും പോയി കൂടെ പ്രതാപന്റെ ഗ്രാഫും പോയി.

പക്ഷെ കൊടിക്കുന്നിലൊനൊന്നും ഒരു പ്രശ്നവുമില്ല. എംപി എന്ന് പറഞ്ഞാല്‍ അത് നല്ല പദവിയാണ്. അതിന് കുറെ മെച്ചമുണ്ട്. നാളെ ഡല്‍ഹിക്ക് ഹൈക്കമാന്‍ഡ് ഞങ്ങളെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്, സുരേഷിനൊക്കൊ എപ്പോ വേണേലും വിമാനം കയറി പോകാം അതിന് സര്‍ക്കാര്‍ ടിക്കറ്റ് നല്‍കും. ഞാനൊക്കെ പെന്‍ഷന്‍ കാശില്‍ നിന്നെടുക്കണം'- കെ മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News