സി പി എം ആധിപത്യത്തെ വെല്ലുവിളിച്ച ഒരേയൊരു നേതാവ്; കെ. സുധാകരന്‍ അനുകൂല മുദ്രാവാക്യം വിളികളുമായി സണ്ണി ജോസഫിനെയും മറ്റുനേതാക്കളെയും വരവേറ്റ് പ്രവര്‍ത്തകര്‍; കണ്ണൂരിലെ സമരസംഗമത്തില്‍ അസാന്നിദ്ധ്യത്തിലും താരമായി കെ.സുധാകരന്‍
കണ്ണൂരിലെ സമരസംഗമത്തില്‍ അസാന്നിദ്ധ്യത്തിലും താരമായി കെ.സുധാകരന്‍
കണ്ണൂര്‍: കണ്ണൂരില്‍ സമര സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി. സി. സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് കാറില്‍ വന്നിറങ്ങുമ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ സുധാകരന് അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങി. സേവാദള്‍ പ്രവര്‍ത്തകരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സണ്ണി ജോസഫിന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിലെ ഉദ്ഘാടന വേദിയിലെത്താന്‍ കഴിഞ്ഞത്. ഇതിനു പിന്നാലെയെത്തിയ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എം.പി, എ.പി അനില്‍കുമാര്‍ എം.എല്‍.എ, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി തുടങ്ങിയ നേതാക്കളെയും സി.പി.എം. ആധിപത്യത്തിനെതിരെ പോരാടിയ ഒരേയൊരു നേതാവ് കെ.സുധാകരന്‍ മാത്രമാണെന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ഒടുവില്‍ സമരസംഗമത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ അദ്ധ്യക്ഷനായ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് കെ. സുധാകരന്‍ എല്ലാ ആശംസകളും സമരസംഗമത്തിന് അറിയിച്ചിട്ടുണ്ടെന്നും വ്യക്തിപരമായ തിരക്കുള്ളതിനാലാണ് അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നുവെന്നും അനൗണ്‍സ് ചെയ്തപ്പോഴാണ് പ്രവര്‍ത്തകര്‍ ശാന്തരായത്.
കെ.പി.സി.സി അദ്ധ്യക്ഷനായ സണ്ണി ജോസഫ് മുന്‍ അദ്ധ്യക്ഷനായ കെ. സുധാകരനെ പുകഴ്ത്തിയാണ് പ്രസംഗിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിത്തറയിട്ടത് സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷനായ കാലത്താണെന്നും. താന്‍ അതു മുന്‍പോട്ടു കൊണ്ടുപോവുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും ഒത്തൊരുമയോടെ മുന്‍പോട്ടു പോയാല്‍ മാത്രമേ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫ് മുന്നണിക്കും മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂരില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട് പാര്‍ട്ടിയെ വളര്‍ത്തിയ നേതാവാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ കോണ്‍ഗ്രസ് സമര സംഗമ പരിപാടിയില്‍ സുധാകര വിഭാഗത്തിന്റെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിക്ക് പരിപാടിക്ക് തൊട്ട് മുന്‍പ് സുധാകരന്റെ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചു
സുധാകര അനുകൂല മുദ്രാവാക്യം മുഴക്കി പോസ്റ്ററില്‍ സുധാകരന്റെ ഫോട്ടോ ഇല്ലാത്തതിനെതിരെ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കെ പി. സി. സി ആഹ്വാനപ്രകാരം കണ്ണൂര്‍ ഡി.സി.സി നടത്തിയ സമരസംഗമം പരിപാടിയിലാണ് സുധാകര അനുകൂലികള്‍ പ്രതിഷേധിച്ചത്. ചരിത്രത്തിലാദ്യമായാണ് കെ. സുധാകരന്‍ പങ്കെടുക്കാതെ കണ്ണൂരില്‍ ഒരു കോണ്‍ഗ്രസ് പൊതുപരിപാടി നടക്കുന്നത്. എറണാകുളത്ത് ചികിത്സയിലായിരുന്ന കെ. സുധാകരന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്.
കെ. സുധാകരന്‍ കണ്ണൂരിലെ നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമാണെന്ന് ഡി. സി.സി അദ്ധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കണ്ണൂരില്‍ സമരസംഗമം നടക്കുന്ന നവനീതം ഓഡിറ്റോറിയത്തിന് മുന്‍പില്‍ കെ. സുധാകരന്റെ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'സുധാകരന്‍ അനിഷേധ്യനായ നേതാവാണ്. അദ്ദേഹത്തിന്റെ ചിത്രമുള്ള ബോര്‍ഡും പോസ്റ്ററും എവിടെ വേണമെങ്കിലും സ്ഥാപിക്കാം അതിന് യാതൊരു തടസവുമില്ല. കണ്ണൂരില്‍ എന്തൊക്കെയോ നടക്കുന്നുവെന്ന് മാധ്യമങ്ങള്‍ രാവിലെ മുതല്‍ വാര്‍ത്ത കൊടുക്കുകയാണ്. ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല സുധാകരന്റെ ചിത്രം മാത്രമല്ല കെ.പി.സി.സി അദ്ധ്യക്ഷന്റെയും മറ്റു നേതാക്കളുടെയും ചിത്രങ്ങള്‍ വെച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ ഇതു കാണുന്നില്ല. എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു.