'സുരേഷ് ഗോപി തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞു; സി.പി.എം കൊടുത്തു; സി.പി.എം - ബി.ജെ.പി ധാരണ'; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണം പ്രഹസനമെന്നും കെ സുധാകരന്‍
സുരേഷ് ഗോപി തൃശൂര്‍ എടുക്കും എന്ന് പറഞ്ഞു, സി പി എം കൊടുത്തു
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിനു പിന്നില്‍ സി.പി.എം - ബി.ജെ.പി ധാരണയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.എം എന്ന പാര്‍ട്ടി ബി.ജെ.പിക്കു മുന്നില്‍ കീഴടങ്ങി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എ.ഡി.ജി.പി എം.ആര്‍. അജിത്ത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നും സുധാകരന്‍ ആരോപണം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എ.ഡി.ജി.പി കണ്ടെതെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അന്വേഷണമെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ ഡി ജി പിക്കെതിരായ അന്വേഷണം ആരെ ബോധിപ്പിക്കാനാണെന്നും കെ സുധാകരന്‍ ചോദിച്ചു. എ ഡി ജി പി എം.ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നതില്‍ സംശയമില്ല. എ ഡി ജി പിക്കെതിരെ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം പോലും ജനങ്ങളുടെയും എല്‍ ഡി എഫിലെ ഘടകകക്ഷികളുടെയും കണ്ണില്‍പ്പൊടിയിടാനാണ്. പേരിന് ഡി ജി പിയെ കൊണ്ട് ഒരന്വേഷണം നടത്തി എ ഡി ജി പിയെ വെളളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണോ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണമെന്ന് സംശയമുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
''സുരേഷ് ഗോപി തൃശൂര്‍ ഞാനിങ്ങ് എടുക്കുകയാണെന്ന് പറഞ്ഞില്ലേ. തൃശൂര്‍ എടുത്തില്ല, സി.പി.എം കൊടുത്തു. അതാണവിടെ നടന്നത്. ഇതു കുറേ കാലമായുള്ള ബന്ധമാണ്. അവിടെ നടന്ന സംഭവമെല്ലാം മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്. ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നത്? സി.പി.എം എന്ന പാര്‍ട്ടി ബി.ജെ.പിക്കു മുന്നില്‍ കീഴടങ്ങി. മുഖ്യമന്ത്രിക്കെതിരെയുള്ള എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് എന്തുകൊണ്ടാണ് കേന്ദ്രം അന്വേഷിക്കാത്തത്? കേസ് ഓരോ തവണയും മാറ്റിവെക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നും അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാകുന്നില്ല. മുഖ്യമന്ത്രിയുടെ മകനും മകള്‍ക്കുമെതിരെ വന്ന കേസുകളിലും അന്വേഷണമില്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിത ബന്ധം തുടരുകയാണ്'' -സുധാകരന്‍ പറഞ്ഞു.
സി പി എം പ്രസ്ഥാനം ആര്‍ എസ് എസിന് സറണ്ടറായി. നേതാക്കളും ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് വേണ്ടി ആര്‍ എസ് എസ് നേതാക്കളെ കാണുകയാണ്. 1970 കാലഘട്ടം മുതല്‍ സി പി എമ്മും സംഘപരിവാറും തിരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കുന്നു. കണ്ണൂരില്‍ ആര്‍ എസ് എസ് വോട്ട് വാങ്ങിയല്ലെ പിണറായി അക്കാലത്ത് വിജയിച്ച് എം എല്‍ എയായത്. ഇപ്പോഴും ആ ബന്ധം തുടരുന്നു. അതിന്റെ ബലത്തിലാണ് ഇത്രയേറെ കേസുകളുണ്ടായിട്ടും മുഖ്യമന്ത്രി പുറത്ത് ഇറങ്ങി നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത്, മാസപ്പടി, ലൈഫ് പദ്ധതിയിലെ അഴിമതി തുടങ്ങിയ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എവിടെയായി? ഇതെല്ലാം മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും സുധാകരന്‍ പറഞ്ഞു.
താന്‍ കണ്ണൂരില്‍ ആര്‍.എസ്.എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. സി.പി.എം അക്രമം തടയുകയാണ് താന്‍ ചെയ്തത്. ബി.ജെ.പിയും സി.പി.എമ്മും പരസ്പരം വര്‍ഷങ്ങളായി പിന്തുണ നല്‍കുന്നവരാണ്. തൃശ്ശൂര്‍ സുരേഷ് ഗോപി എടുത്തതല്ല സി.പി.എം കൊടുത്തതാണ്. പൂരം കലക്കിയതിലും എ.ഡി.ജി.പിക്കെതിരെയും അന്വേഷണത്തിലൂടെ ഒരു ചുക്കും പുറത്തു വരില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അന്വേഷണം കിന്വേഷണം എന്ന് പറയുകയാണെന്നും സുധാകരന്‍ പറഞ്ഞു.
സി പി എമ്മും ബി ജെ പിയും തമ്മില്‍ അവിഹിത ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആര്‍ എസ് എസ് കൂടിക്കാഴ്ചയുടെ വസ്തുതകള്‍ മറച്ചുപിടിക്കാനും മുഖം രക്ഷിക്കാനുമാണ് എ ഡി ജി പിക്കെതിരായി പ്രഖ്യാപിച്ച അന്വേഷണം. ഇത് പ്രഹസനമാണ്. എ ഡി ജി പിയെ പദവികളില്‍ നിന്ന് മാറ്റിനിര്‍ത്താതെയുള്ള ഈ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ആത്മര്‍ത്ഥയില്ലാത്ത അന്വേഷണമാണിത്. എ ഡി ജി പി - ആര്‍ എസ് എസ് കൂടിക്കാഴ്ചയുടെ സത്യാവസ്ഥ ഈ അന്വേഷണത്തിലൂടെ പുറത്തുവരില്ല.