രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം; രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് ചെന്നിത്തല; 'സസ്‌പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ല; നടപടിയെടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ല'; രാഹുലിനൊപ്പം വേദി പങ്കിടുമെന്ന് ആവര്‍ത്തിച്ച് കെ സുധാകരനും
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത് കെ സുധാകരന്‍ ഉള്‍പ്പെടെ ചേര്‍ന്നെടുത്ത തീരുമാനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് തുടരുമെന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലപാടിനെ തള്ളി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങനെ പങ്കെടുത്തു എന്നറിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തതാണ്. കെ സുധാകരന്‍ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിയുടെ നടപടി നേരിടുന്ന വ്യക്തി എങ്ങനെ പരിപാടിയില്‍ പങ്കെടുത്തു എന്നറിയില്ല. ഇക്കാര്യം പരിശോധിക്കേണ്ടത് കെപിസിസി ആണ്. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസി ആണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പ്രതികരിച്ചു. രാഹുലിന്റെതായി പുറത്തുവന്ന ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കേള്‍ക്കേണ്ട ഏര്‍പ്പാട് ഒന്നുമല്ലല്ലോ അതെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, ഓഡിയോ സന്ദേശത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിന് എതിരെ കോണ്‍ഗ്രസ് നടപടി എടുത്തതെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാന്‍ സിപിഎമ്മിന് കഴിയുമോ എന്നും ചോദിച്ചു. ശബരിമല വിഷത്തില്‍ അറസ്റ്റിലായ എ പത്മകുമാറിനും എന്‍ വാസുവിനും എതിരെ നടപടി എടുക്കാന്‍ ഗോവിന്ദന് ധൈര്യമുണ്ടോ? തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സസ്പെന്‍ഷന്‍ തീരുമാനം തന്റെ അറിവോടെയല്ലെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ പറഞ്ഞു. നടപടി എടുത്ത യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഓരോ നേതാക്കള്‍ക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. പാര്‍ട്ടി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കും. രാഹുലിന്റെ കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാകകി. രാഹുല്‍ മാങ്കൂട്ടത്തില്‍ മാറണം, നന്നാവണം, ശൈലി മാറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിനോട് യോജിക്കില്ലെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.
തെളിവുകള്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പറ്റും. അതുവിശ്വസിച്ച് രാഷ്ട്രീയപ്രവര്‍ത്തകനെ തളര്‍ത്താനില്ല. തെറ്റ് തിരുത്തിച്ച് കൂടെ നിര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരിക്കലും പറയില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. നേരത്തെ രാഹുല്‍ നിരപരാധിയെന്നും രാഹുല്‍ സജീവമാകണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് രാഹുലിനെ അവിശ്വസിക്കുന്നില്ല. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
അതേസമയം, വിവാദങ്ങള്‍ പുകയുമ്പോഴും പാലക്കാട്ട് പ്രചരണം തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. കാല്‍കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നു രാഹുല്‍ പറഞ്ഞു. രാഹുല്‍ പ്രചരണത്തില്‍ ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് കെ. മുരളീധരനും പ്രതികരിച്ചു. നഗരസഭയിലും കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വീടുകള്‍ കയറി പ്രചരണത്തിലാണ് രാഹുല്‍. ഇന്ന് കല്‍മണ്ഡപത്തും പ്രചരണം തുടര്‍ന്നു.
ജില്ലയില്‍ നിന്നുള്ള നേതാക്കളും രമേശ് ചെന്നിത്തല അടക്കമുള്ളവരും അതൃപ്തി അറിയിച്ചിട്ടും തുടരാനാണ് എംഎല്‍എയുടെ തീരുമാനം. രാഹുല്‍ പ്രചരണത്തിലിറങ്ങുന്നതില്‍ ജില്ലാ നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്നായിരുന്നു ഇന്നലെ കെ.സി വേണുഗോപാലിന്റെ പക്ഷം. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ല.
