ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യന്‍ അസ്വസ്ഥനാണ്; സ്വന്തം മാതാവിനെ അപമാനിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ല; കെ. മുരളീധരനോട് സഹതാപം മാത്രമെന്ന് കെ. സുരേന്ദ്രന്‍

ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യന്‍ അസ്വസ്ഥനാണ്

Update: 2024-10-20 11:26 GMT

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പരിഹസിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസില്‍ ആട്ടും ചവിട്ടുമേറ്റ് കെ. മുരളീധരന്‍ അസ്വസ്ഥനാണെന്നും അദ്ദേഹത്തോട് സഹതാപം മാത്രമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്വന്തം മാതാവിനെ അപമാനിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി മുരളീധരന്‍ സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ എന്തിനാണ് അടിമയെ പോലെ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. മാതാവിനെ ആക്ഷേപിച്ചയാള്‍ക്കെതിരെ പത്മജ വേണുഗോപാല്‍ ശക്തമായ നിലപാടാണെടുത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളം മുഴുവന്‍ ആരാധിക്കുന്ന കെ.കരുണാകരന്റെ ഭാര്യയെ അപമാനിച്ച തലതിരിഞ്ഞ ചെറുപ്പക്കാരനെന്നാണ് കെ.സുരേന്ദ്രന്‍ രാഹുല്‍ മാങ്കൂട്ടത്തെ വിശേഷിപ്പിച്ചത്.

പാലക്കാട് ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത പോലുമില്ലെന്ന് കെ.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചിലപ്പോള്‍ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരും. എന്തായാലും യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പാണ്. എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ് തന്നെ ജയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞിരുന്നു.

തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പാലക്കാട് ഞങ്ങള്‍ക്ക് നല്ല ഉറപ്പുള്ള സീറ്റാണ്. ഞങ്ങള്‍ ജയിക്കും. ഇവിടെ ഡീല്‍ നടക്കാനുള്ള സാധ്യതയുള്ളത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ്. എന്നാല്‍, എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ്. ജയിക്കുകയും ചെയ്യും. പൊളിറ്റിക്കലായുള്ള ചര്‍ച്ചയാണ് ഞങ്ങള്‍ ഉദേശിക്കുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയത്, ആര്‍.എസ്.എസ്. നേതാവും അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി. ദിവ്യയുടെ അതിക്രമിച്ചുള്ള കടന്നുകയറ്റം എന്നിവ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) മരിച്ചിട്ട് ഒരു അനുശോചനം രേഖപ്പെടുത്താന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ആ വീട് സന്ദര്‍ശിക്കാനോ ഒരു അനുശോചനം പറയാനോ പോലും തയാറായിട്ടുമില്ല. ഇതൊക്കെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ നിന്ന് ആരൊക്കെ പോയി, ആരൊക്കെ വന്നു എന്നുള്ളതൊന്നും ഒരു വിഷയമേയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിനെ ഒരു പൊളിറ്റിക്കല്‍ ഫൈറ്റ് ആയിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളായി. വയനാട്ടില്‍ ഞങ്ങളുടെ ലക്ഷ്യം ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ്. ചേലക്കര പിടിച്ചെടുക്കണം. പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും പാര്‍ട്ടി ഒരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News