രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഡല്‍ഹിയില്‍ തിളങ്ങുന്നത് 'കണ്ണൂര്‍ ലോബി'; സി. സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലേക്ക് എത്തുമ്പോള്‍ ജില്ലയ്ക്ക് ലഭിക്കുന്നത് നാലാമത്തെ രാജ്യസഭാ എം.പി; ലോക്‌സഭയില്‍ മൂന്ന് കണ്ണൂരുകാരും; സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിലെ പവര്‍ഹൗസായി വടക്കന്‍ ജില്ല മാറുമ്പോള്‍
രാഷ്ട്രീയ പാര്‍ട്ടി ഏതായാലും ഡല്‍ഹിയില്‍ തിളങ്ങുന്നത് 'കണ്ണൂര്‍ ലോബി'
കണ്ണൂര്‍: കേരളാ രാഷ്ട്രീയത്തില്‍ കണ്ണൂര്‍ എന്ന ജില്ല സംഭാവന ചെയ്ത രാഷ്ട്രീയക്കാര്‍ നിരവധിയാണ്. ഇന്ന് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലെയും പവര്‍ഹൗസ് കണ്ണൂര്‍ ജില്ലതന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ പ്രമുഖനായ ആലപ്പുഴ എംപി കെ സി വേണുഗോപാല്‍ വരെയുള്ളവര്‍ കണ്ണൂര്‍ ജില്ലയുടെ പുത്രന്‍മാരാണ്. ഒരുകാലത്ത് അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രമായിരുന്ന കണ്ണൂര്‍ ഇന്ന് ഏറെ മാറിയിട്ടുണ്ട്. ഇപ്പോള്‍ സിപിഎം അക്രമ രാഷ്ട്രീയത്തിന്‍രെ ഇരയായി മാറിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ കൂടി രാജ്യസഭയിലെത്തുന്നതോടെ കണ്ണൂരില്‍ നിന്നുള്ള എം.പിമാരുടെ എണ്ണം നാലായി ഉയരും.
ഡോ. വി.ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, പി. സന്തോഷ് എന്നിവരാണ് നിലവില്‍ കണ്ണൂരുകാരായ എം.പിമാര്‍. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ എപ്പോഴും ശോഭിക്കുന്ന നേതാവാണ്. ഇതുകൂടാതെ ലോക്‌സഭയിലുമുണ്ട് കണ്ണൂരിന്റെ പവര്‍. കണ്ണൂരിനെ പ്രതിനിധീകരിച്ച് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എം.കെ രാഘവന്‍ കോഴിക്കോടിനെ പ്രതിനിധീകരിച്ചും തോട്ടട നടാല്‍ സ്വദേശി കെ. സുധാകരന്‍ കണ്ണൂരിനെ പ്രതിനിധീകരിച്ചും ലോക്‌സഭയിലേക്ക് ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ആലപ്പുഴ എംപി കെ സി വേണുഗോപാലും കണ്ണൂരുകാരനാണ്.
ആറ് എം.പി മാരാണ് കണ്ണൂര്‍ ജില്ലയ്ക്കു ഇതു വരെയായിയുള്ളത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം. ഇവിടെ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് എംപി. എന്നാല്‍ ഉണ്ണിത്താന്‍ കണ്ണൂര്‍ സ്വദേശിയല്ലെന്ന് മാത്രം. ഇതിനിടെയാണ് ആര്‍.എസ്.എസ് നേതൃ നിരയില്‍ നിന്നും കണ്ണൂരിന് മറ്റൊരു എംപിയെ ലഭിക്കുന്നത്.
വടക്കേയറ്റത്ത് നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തു കൊണ്ട് കേരളത്തില്‍ ഒന്നാമതാണ് കണ്ണൂര്‍ ജില്ല. ആദ്യ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂര്‍ പെരളശേരി സ്വദേശിയായ എ കെ ഗോപാലന്‍ എന്ന എകെജി. ഇന്നും പാര്‍ട്ടി ഭേദമന്യേ നേതൃനിരയില്‍ ആ രാഷ്ട്രീയ പാരമ്പര്യം കണ്ണൂര്‍ പിന്തുടരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയ കേരളത്തിലെ നമ്പര്‍ വണ്‍ ജില്ലയായി കണ്ണൂര്‍ മാറുന്നതും.
സൗമ്യ സ്വഭാവക്കാരനായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബി.ജെ.പി നേതൃനിരയിലേക്ക് വരുന്നത്. നിലവില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. സിപിഎം ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സി സദാനന്ദന്‍ മാസ്റ്റര്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരയായാണ് അറിയപ്പെടുന്നത്.
കണ്ണൂര്‍ മട്ടന്നൂരിനടുത്തെ ഉരുവച്ചാല്‍ പെരിഞ്ചേരിസ്വദേശിയായ ഇദ്ദേഹം ബാലഗോകുലത്തിലൂടെയാണ് സംഘ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഇരു കാലുകളുംനഷ്ടമായ അദ്ദേഹം കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്.അന്ന് ആര്‍എസ്എസ് ജില്ലാ സര്‍കാര്യവാഹക് ആയിരുന്നു സദാനന്ദര്‍ 2016 ല് കൂത്തുപറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സ്ഥാനാര്‍ത്ഥിയായിരിക്കേ മാസ്റ്റര്‍ക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ പദവിയിലൂടെ സിപി.എം
അക്രമരാഷ്ട്രീയം ചര്‍ച്ചയക്കാനാണ് ബിജെപി നീക്കം 1994 ജനുവരി 25നാണ് രാത്രി 8.30 ന് ഉരുവച്ചാലില്‍ ബസിറങ്ങിയപ്പോള്‍ സി. സദാനന്ദന്‍ മാസ്റ്ററെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിയത്. അദ്ദേഹത്തിന്റെ ഇരുകാലുകളും വെട്ടിമാറ്റി. ഇതിനെ തുടര്‍ന്നാണ് 26 ന് പുലര്‍ച്ചെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ എസ്.എഫ്.ഐ നേതാവ് കെ.വി സുധീഷ് കൊല്ലപ്പെടുന്നത്.