ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പരസ്യവിമര്‍ശനം; പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി; ചോദ്യം ചെയ്തത് ഹൈക്കമാന്‍ഡ് തീരുമാനത്തെ; സ്വതന്ത്രനായി മത്സരിച്ച് വോട്ടുചോര്‍ത്തുമോ എന്നും ആശങ്ക; ജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടില്‍ ഉറച്ച് കെപിസിസി

പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി

Update: 2024-10-16 08:06 GMT

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും ഉള്ള കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി. സരിന്‍ ചോദ്യം ചെയ്തത് എഐസിസി തീരുമാനമാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടിയിരുന്നു എന്നാണ് കെപിസിസിയുടെ നിലപാട്.

അതേസമയം പി.സരിന്‍ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിവിടുമെന്ന് താന്‍ കരുതുന്നില്ലെന്നും കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠന്‍ പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വം എല്ലാവര്‍ക്കും ആഗ്രഹിക്കാം എന്നാല്‍ വിജയസാധ്യതയ്ക്കാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

''പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണം. തിരഞ്ഞെടുപ്പിന് മുന്‍പ് സ്വാഭാവികമായും പലരും സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കും. എന്നാല്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. എല്ലാ പാര്‍ട്ടിക്കും തിരഞ്ഞെടുപ്പില്‍ മാനദണ്ഡം ഉണ്ട്. സംസ്ഥാന നിയമസഭയിലേക്കാണ് മത്സരം. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്കല്ല. വിജയസാധ്യതയ്ക്കാണ് മുന്‍ഗണന. ജില്ല മാറി ആളുകള്‍ മത്സരിക്കാറുണ്ട്. പാലക്കാട് ജില്ലയില്‍ എത്രയോ മറ്റുജില്ലയില്‍ നിന്ന് സ്ഥാനാര്‍ഥികളെ കൊണ്ടുവന്ന് വിജയിപ്പിച്ച ചരിത്രം കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. ഒരുപോലെ വിജയസാധ്യതയുള്ളവരുണ്ടാകും. എന്നാല്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് കോണ്‍ഗ്രസ് രീതി.'' ശ്രീകണ്ഠന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ യുവജനങ്ങള്‍ക്ക് അര്‍ഹമായ എല്ലാ പരിഗണനയും കൊടുത്തിട്ടുണ്ടെന്നു പറഞ്ഞ ശ്രീകണ്ഠന്‍ സരിന്‍ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹിയായി ഇരിക്കുന്ന ആളാണെന്നും ഓര്‍മിപ്പിച്ചു. ഇപ്പോഴത്തെ നീക്കം ബിജെപിയെ സഹായിക്കാനാണ്. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സരിന്‍ ഇങ്ങനെ ഒരു നടപടിയെടുക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിബല്‍ സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചോദ്യത്തിന് റിബല്‍ സ്ഥാനാര്‍ഥി എല്ലാ പാര്‍ട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും അതിനെ പ്രതിരോധിക്കാനുള്ള ശക്തി കോണ്‍ഗ്രസിനുണ്ടെന്നുമായിരുന്നു ശ്രീകണ്ഠന്റെ മറുപടി.

അതേസമയം, ചിലര്‍ തീരുമാനിച്ച കാര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പാര്‍ട്ടി വലിയ കൊടുക്കേണ്ടിവരുമെന്നാണ് സരിന്‍ മുന്നറിയിപ്പ് നല്‍കിയത്. സ്ഥാനാര്‍ഥി ആകാത്തതുകൊണ്ടല്ല താന്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് എങ്ങനെയാണ്? പാലക്കാട്ട് ഒരാളുടെ താല്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലി കഴിക്കരുത്. സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസ് പുനഃപരിശോധിക്കണം. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. എന്റെ ആവശ്യമായി കാണരുത്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടത്തില്‍ ആയിരിക്കില്ല രാഹുല്‍ ഗാന്ധിയായിരിക്കും.

പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നു പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണ്. പാര്‍ട്ടിയുടെ മൂല്യങ്ങളിലുള്ള വിശ്വാസങ്ങള്‍ക്ക് കോട്ടം വന്നു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതിക്ക് മാറ്റം വന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാര്‍ഥിയാക്കാന്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് സാധിക്കാത്തത്? താന്‍ കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ടുമാത്രമേ പോകൂ. സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ബാക്കി പിന്നീടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Tags:    

Similar News