നേതാക്കളാണ് പാര്‍ട്ടിക്കകത്ത് അനൈക്യം ഉണ്ടാക്കുന്നത്; ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകം; ഹൈക്കമാന്‍ഡിന് മുന്നില്‍ വെട്ടിത്തുറന്ന് പറഞ്ഞ് കെ സുധാകരന്‍; നവംബര്‍ ഒന്നു മുതല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കെപിസിസിക്ക് നിര്‍ദേശം നല്‍കി എഐസിസി; കേരളത്തില്‍ 100 ശതമാനവും വിജയിക്കും, മുഖ്യമന്ത്രി മുഖം ആരെന്ന ചര്‍ച്ചയാകാമെന്ന് ഖാര്‍ഗെയും

നേതാക്കളാണ് പാര്‍ട്ടിക്കകത്ത് അനൈക്യം ഉണ്ടാക്കുന്നത്; ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകം

Update: 2025-10-28 11:45 GMT

ന്യൂഡല്‍ഹി: തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് ഒരുങ്ങി ഇറങ്ങുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ നേതാക്കള്‍ തമ്മില്‍ ഒരുമില്ലാതെ നില്‍കുന്ന കാര്യം ചൂണ്ടിക്കാട്ടി കെ സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്ന് ഹൈക്കമാന്‍ഡും വ്യക്തമാക്കി. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചതായി മുന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളാണ് പാര്‍ട്ടിക്ക് അകത്ത് അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം പറഞ്ഞു ശരിയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വച്ച് പറഞ്ഞു.

പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അനൈക്യം പറഞ്ഞു ശരിയാക്കിയില്ലെങ്കില്‍ എല്ലാം വെള്ളത്തിലാകുമെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. ഒരു പാര്‍ട്ടിയാകുമ്പോള്‍ ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുന്നത് തര്‍ക്കമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ നവംബര്‍ ഒന്നുമുതല്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ കെപിസിസി തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യോഗത്തില്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയ നിര്‍ദേശം. മുന്നൊരുക്കങ്ങളില്‍ എഐസിസി നേതൃത്വം സംതൃപ്തി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പിനുള്ള കെ.പി.സി.സി തയ്യാറെടുപ്പും തന്ത്രങ്ങളും എ.ഐ.സി.സി നേതൃത്വം വിലയിരുത്തി.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ പ്രചാരണ പദ്ധതികള്‍ അവതരിപ്പിച്ചത്. പ്രചരണ പദ്ധതികളില്‍ ഹൈക്കമാന്‍ഡ് തൃപ്തി പ്രകടിപ്പിച്ചെന്നും ചെറിയ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചെന്നുമാണ് വിവരം. നവംബര്‍ ഒന്നുമുതല്‍ പ്രാദേശികതലത്തില്‍ ശക്തമായ പ്രചാരണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.

അതേസമയം നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. വയനാട് പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് കൂടിയാലോചന ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറല്‍ സെക്രട്ടറിമാരാക്കി എന്നും വിമര്‍ശനം. ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം താഴെതട്ടില്‍ സര്‍ക്കാരിനെ എതിരാക്കിയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമെന്ന് നേതൃത്വം അറിയിച്ചു.

അതേസമയം കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്റെ പ്രവര്‍ത്തന ശൈലിയില്‍ അമര്‍ഷം രേഖപ്പെടുത്തി നേതാക്കള്‍. പ്രസിഡന്റ് പാര്‍ട്ടിയില്‍ വിഷയങ്ങള്‍ കൂടിയാലോചന നടത്തുന്നില്ലെന്നും രാഷ്ട്രീയകാര്യ സമിതിയും കെപിസിസി യോഗങ്ങളും നടക്കുന്നില്ലെന്നുമാണ് വിമര്‍ശനം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിയാകുമ്പോഴും കെ.പി.സി.സി.സെക്രട്ടറിമാരായില്ല. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലും ആശയവിനിമയമില്ലെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വ്യക്തമാക്കി.

അതിനിടെ കെ സുധാകരന്റെ വിമര്‍ശനം കൂടിക്കാഴ്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം മാധ്യമങ്ങളോട് പറയാന്‍ ആകില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ചില കാര്യങ്ങള്‍ തന്നോടും പറഞ്ഞിട്ടുണ്ട്. നേതാക്കളുടെ ഫീഡ്ബാക്ക് പ്രധാനം. അതെല്ലാം ചര്‍ച്ച ചെയ്യും. കേരളത്തില്‍ 100 ശതമാനവും വിജയിക്കും. മുഖ്യമന്ത്രി മുഖം ആരെന്ന് മാധ്യമങ്ങള്‍ ആരെയെങ്കിലും നിര്‍ദേശിച്ചാല്‍ നമുക്ക് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News