ക്രൈസ്തവ വോട്ടുകളില്‍ ബിജെപി കണ്ണുവെക്കുമ്പോള്‍ ശ്രദ്ദിക്കേണ്ടത് മധ്യകേരളത്തില്‍; ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും യുഡിഎഫിന് മുന്‍തൂക്കം; സോഷ്യല്‍ എന്‍ജിനിയറിങ്ങിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാം; ഡാറ്റാക്കണക്കുമായി കെപിസിസിയുടെ പുതിയ നേതൃത്വത്തോട് ഹൈക്കമാന്‍ഡ്; പുനസംഘടനയിലും വെട്ടിനിരത്തല്‍ ഉണ്ടായാല്‍ പൊട്ടിത്തെറിക്കാന്‍ അതൃപ്തര്‍

ക്രൈസ്തവ വോട്ടുകളില്‍ ബിജെപി കണ്ണുവെക്കുമ്പോള്‍ ശ്രദ്ദിക്കേണ്ടത് മധ്യകേരളത്തില്‍

Update: 2025-05-14 01:38 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴും അതൃപ്തര്‍ പാര്‍ട്ടിയില്‍ ഉള്ളത് വെല്ലുവിളിയാകുകയാണ്. പുനസംഘടനയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നേതൃത്വത്തിന് മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന നടത്താനും താഴെത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങാനും കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, കെ സി വേണുഗോപാലും സംഘവും ഏകപക്ഷീയമായി പുനസംഘടനയുമായി മുന്നോട്ടു പോകുന്നു എന്നതാണ് ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കൊനുഗലുവിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കളെ ഒതുക്കാനാണ് ഇപ്പോള്‍ ശ്രമം ശക്തമായി നടക്കുന്നത്.

പ്രകാരം മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് പിന്നാക്കാവസ്ഥയുണ്ടെന്നും ഇവിടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകളെന്നും ഐക്യത്തോടെ നിന്നാല്‍ കേരളത്തില്‍ ഭരണത്തില്‍ തിരിച്ചെത്താമെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നേതാക്കളോട് പറഞ്ഞു. വേഗത്തില്‍ പുനഃസംഘടന നടത്തി തിരഞ്ഞെടുപ്പിനായി സംഘടനയെ സജ്ജമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിര്‍ദേശിച്ചു. പുതിയ ഭാരവാഹികളെ സംസ്ഥാന കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അംഗീകരിച്ചെന്ന് രാഹുലും ഖാര്‍ഗെയും പറഞ്ഞു.

ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും കൃത്യമായ സോഷ്യല്‍ എന്‍ജിനിയറിങ്ങിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇതുപയോഗിക്കാമെന്നുമാണ് കൊനുഗലു റിപ്പോര്‍ട്ടിന്റെ കാതല്‍. ഇത് അനുസരിച്ച് ക്രൈസ്തവ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നത് ക്ഷീണമാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. അതുകൊണ്ടാണ് അധ്യക്ഷ പദവിയില്‍ അടക്കം മാറ്റം വരുത്താന്‍ പാര്‍ട്ടി തയ്യാറായത്.

പുതുതായി ചുമതലയേറ്റ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇന്ദിരാഭവനില്‍നടന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, മുതിര്‍ന്ന നേതാവ് എം.എം. ഹസന്‍, കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരായ പി.വി. മോഹന്‍, അറിവഴകന്‍ എന്നിവരും പങ്കെടുത്തു.

പുനഃസംഘടന നടത്തുമ്പോള്‍ ഒഴിവാക്കപ്പെടുന്നവര്‍ക്ക് പാര്‍ട്ടി ഏതെങ്കിലും ഉത്തരവാദിത്വം ഏല്‍പ്പിക്കണമെന്നും അല്ലെങ്കില്‍ അസംതൃപ്തരായ നേതാക്കളുടെ എണ്ണം കൂടുമെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി. പുനഃസംഘടന അസംതൃപ്തരെ ഉണ്ടാക്കുന്ന പ്രക്രിയയാവരുതെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചു. പുനഃസംഘടന നടത്തുന്നെങ്കില്‍ വേഗത്തില്‍ വേണമെന്ന് എം.എം. ഹസനും ചൂണ്ടിക്കാട്ടി. സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവാനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായി യോഗത്തിനുശേഷം സണ്ണി ജോസഫ് പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്നും അതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. അതൃപ്തി സംബന്ധിച്ച വാര്‍ത്തകളെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തള്ളുമെന്ന് ഷാഫി പറമ്പിലും യുഡിഎഫും നേതാക്കളും ഒറ്റക്കെട്ടാണെന്ന് ദീപാദാസ് മുന്‍ഷിയും അടൂര്‍ പ്രകാശും പറഞ്ഞു.

അതേസമയം കെ സുധാകരനും കെ മുരളീധരനും അടക്കമുള്ളവര്‍ ഡല്‍ഹി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഡല്‍ഹിയില്‍ ഹൈകമാന്‍ഡ് വിളിപ്പിച്ച യോഗത്തില്‍ നിന്ന് കെ. സുധാകരന്‍ വിട്ടുനിന്നതിനു പിന്നില്‍ സമ്മര്‍ദതന്ത്രമെന്ന് വിലയിരുത്തല്‍. സുധാകരനൊപ്പമുള്ള ചിലരുടെ നീക്കങ്ങളാണ് യാത്ര ഒഴിവാക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് വിവരം. പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുമായാണ് പുതിയ ഭാരവാഹികളെയും മുന്‍ ഭാരവാഹികളെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

സ്ഥാനമൊഴിഞ്ഞെങ്കിലും പിണറായി സര്‍ക്കാറിനെതിരെയുള്ള പോരാട്ടത്തില്‍ താന്‍ പടക്കുതിരയായി മുന്‍നിരയിലുണ്ടാകുമെന്ന് തിങ്കളാഴ്ച സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച വൈകീട്ട് വരെ ഡല്‍ഹി യാത്ര ഉറപ്പിച്ചിരുന്ന സുധാകരന്‍, അവസാന നിമിഷമാണ് തീരുമാനം മാറ്റിയത്. താന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്കിടയാക്കുമെന്നും പുനഃസംഘടനയില്‍ അതൃപ്തി എന്ന നിലയില്‍ ചര്‍ച്ചകളുണ്ടാകുമെന്നും കൃത്യമായി ധാരണയുള്ള നേതാവാണ് സുധാകരന്‍. ഈ സാധ്യതയാണ് സുധാകരനെ കരുവാക്കി ഒപ്പമുള്ളവര്‍ പ്രയോജനപ്പെടുത്തിയത്.

ഹൈകമാന്‍ഡ് യോഗത്തിലെ അസാന്നിധ്യം സ്വാഭാവികമായും ഇനിയുള്ള ചര്‍ച്ചകളില്‍ സുധാകരന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനും വാക്കുകള്‍ക്ക് വില കല്‍പിക്കുന്നതിനുമിടയാക്കും. കെ.പി.സി.സിയിലെ ശേഷിക്കുന്ന ചുമതലകളിലേക്കുള്ള പുനഃസംഘടനയിലും ഡി.സി.സി ഭാരവാഹിമാറ്റത്തിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുമെല്ലാം പിടിവള്ളിയാക്കാമെന്നാണ് സുധാകരപക്ഷത്തിന്റെ വിലയിരുത്തല്‍.

അതേസമയം ഡല്‍ഹിയിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ സുധാകരന്‍ പറഞ്ഞിരുന്നെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നിലപാടിലും സുധാകരന് അതൃപ്തിയുണ്ട്. സുധാകരന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അദ്ദേഹം ഓഫിസിലെത്തുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതാണ് നേതൃമാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് സുധാകരപക്ഷം കരുതുന്നത്. ഒപ്പം നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയ ദീപാദാസിന്റെ നിലപാടിലും സുധാകാരന് അതൃപ്തിയുണ്ടായിരുന്നു.

Tags:    

Similar News