അന്‍വറിനെ കൂടെ നിര്‍ത്തണമെന്ന് വാദിച്ച് വി ഡി സതീശന്‍; ആരുടെയും പിന്നാലെ പോകേണ്ടെന്ന് പറഞ്ഞ് കെ സുധാകരനും; അന്‍വറിന്റെ വിലപേശല്‍ തന്ത്രത്തോട് പ്രതികരിക്കുന്നില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം; പാലക്കാട് മാത്രം ശ്രദ്ധ പോരെന്ന് നേതാക്കള്‍

അന്‍വറിന്റെ പിന്നാലെ പോകേണ്ടെന്ന് കെ സുധാകരന്‍

Update: 2024-10-21 05:23 GMT

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി യുഡിഎഫുമായി വിലപേശുകയാണ് പി വി അന്‍വര്‍. എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിപ്പറ്റുക എന്നതാണ് അന്‍വറിന്റെ തന്ത്രം. അതിനായി ഉപതിരഞ്ഞെടുപ്പു ആയുധമാക്കുകയാണ് നിലമ്പൂര്‍ എംഎല്‍എ. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സവിശേഷ സാഹചര്യത്തില്‍ അന്‍വറിനെ കൂടെ നിര്‍ത്തണം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യം. എന്നാല്‍, ഈ തീരമാനത്തോട് കെപിസിസി അധ്യക്ഷ്ന്‍ താല്പ്പര്യം പ്രകടിപ്പിച്ചില്ല. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ഭിന്നാഭിപ്രായമാണ് ഉണ്ടായത്.

ഇന്നലെ രാത്രി ചേര്‍ന്ന കെ.പി.സി.സി അടിയന്തര നേതൃയോഗത്തിലായിരുന്നു ഇത്തരം അഭിപ്രായം ഉയര്‍ന്നത്. അന്‍വറിനെ കൂടെ നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അന്‍വറിന്റെ പുറകെ പോകേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നിലപാടെടുത്തു. അതിനിടെ പാലക്കാട്ടേക്ക് മാത്രം നേതാക്കളുടെ ശ്രദ്ധ നല്‍കിയാല്‍ പോരായെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

പാലക്കാട്ടേക്ക് അമിത ശ്രദ്ധ നല്‍കിയാല്‍ ചേലക്കരയില്‍ തിരിച്ചടിയുണ്ടാകുമെന്നും വിമര്‍ശനമുയര്‍ന്നു. ഉപാധികള്‍ അംഗീകരിക്കാതെ തന്നെ അന്‍വറിനെ കൂടെ നിര്‍ത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്. മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികള്‍ അറിയിച്ചു.

കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗമാണ് ചേര്‍ന്നത്. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിനെയാണ് സി.പി.എം മുഖ്യശത്രുവായി കാണുന്നതെന്നും ബി.ജെ.പിയോട് സി.പി.എമ്മിനുള്ളത് മൃദുസമീപനമാണെന്നും യോഗം വിലയിരുത്തി.

ചേലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ പാലക്കാട് ഡി.എം.കെ പിന്തുണയുള്ള സ്ഥാനാര്‍ഥിയെ പിന്‍വലിക്കാമെന്നാണ് പി.വി. അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നത്. ആര്‍.എസ്.എസ്- ബി.ജെ.പി വര്‍ഗീയതയും പിണറായിസവും തകര്‍ക്കുക എന്ന ലക്ഷ്യവുമായാണ് ഡി.എം.കെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അന്‍വര്‍ പറഞ്ഞു. പാലക്കാടും ചേലക്കരയിലും ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി.വി അന്‍വറിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥികളെ തത്കാലം പിന്‍വലിക്കില്ലെന്നും ആദ്യം താനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നുമാണ് അന്‍വറിന്റെ നിലപാട്. ഈ ആവശ്യം യുഡിഎഫ് നേതൃത്വം തള്ളിയിരുന്നു.

അതേസമയം പി.വി അന്‍വറുമായി ചര്‍ച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രതിപകക്ഷം ദീര്‍ഘകാലമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. പാലക്കാട് ചര്‍ച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളാണെന്ന് രാഹുല്‍ പറഞ്ഞു.

മതേതര വോട്ടുകള്‍ ഭിന്നിച്ച് പോകാതിരിക്കാനാണ് അന്‍വറിന്റെ പിന്തുണ തേടുന്നത്. യുഡിഎഫ് 8 വര്‍ഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങള്‍ ഭരണ പക്ഷത്ത് നിന്ന് തുറന്ന് പറഞ്ഞയാളാണ് അന്‍വര്‍. അന്‍വറിന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് നേതൃത്വമാണ് സംസാരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

Tags:    

Similar News