സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിക്ക് സാധ്യത; കേരളഘടകം ബേബിക്കായി നിലകൊള്ളും; പ്രായപരിധിയനുസരിച്ച് പിബിയില്‍ നിന്നും ആറ് പേര്‍ പുറത്താകും; പിണറായി വിജയന് പിബിയില്‍ തുടരാന്‍ പ്രത്യേക ഇളവുകളെ കുറിച്ചും ആലോചന; മധുര പാര്‍ട്ടി കോണ്‍ഗ്രസും പിണറായി വഴിയില്‍ നീങ്ങുമോ?

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ ബേബിക്ക് സാധ്യത

Update: 2025-04-01 01:09 GMT

തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനു നാളെ മധുരയില്‍ തുടങ്ങുകയാണ്. ഉന്നത നേതൃത്വനിരയില്‍ കേരള ഘടകം കൂടുതല്‍ പ്രാതിനിധ്യം പ്രതീക്ഷിച്ചു കൊണ്ടാണ് ഇക്കുറി പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. യെച്ചൂരിക്ക് പകരക്കാരനെ കണ്ടേത്തേണ്ട ആവശ്യകതയാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിലുള്ള പ്രധാന ദൗത്യം. പാര്‍ട്ടിയുടെ പുതിയ ജനല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് എം.എ ബേബിയുടെ സാധ്യതയേറുന്നത്.

ഇ.എം.എസിനു ശേഷം കേരളത്തില്‍ നിന്നും ജനറല്‍ സെക്രട്ടറിയുണ്ടാകുമോയെന്ന വലിയ ചോദ്യത്തിനും മധുര ഉത്തരം നല്‍കും. കൊല്ലത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ തീരുമാനം പോലെ, പ്രായപരിധി കഴിഞ്ഞവരെ പിബിയിലേക്കും പരിഗണിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനം. മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് സലീം, അശോക് ധാവ്‌ലെ എന്നിവരുടെ പേര് ചര്‍ച്ചയില്‍ ഉയര്‍ത്തിയെങ്കിലും കേരള നേതാക്കള്‍ ഇത് അംഗീകരിച്ചില്ല. അതിനിടയിലാണ് 2012 മുതല്‍ പിബിയിലുള്ള ഏറ്റവും മുതിര്‍ന്ന മലയാളിയായ എം.എ.ബേബിയുടെ സാധ്യത.

പുതിയ പിബിയില്‍ പ്രായപരിധിയില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് ഇളവ് നല്കുന്നത് ആലോചിക്കും എന്ന് പ്രകാശ് കാരാട്ട് നേരത്തെ തന്നെ സൂചന നല്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൃന്ദ കാരാട്ടിന് ഇളവ് നല്‍കിയാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്. ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്ക് വന്നേക്കാം. ഇ.പി.ജയരാജന് സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്.

കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കും. നിലവില്‍ കോടിയേരി ബാലകൃഷ്ണന്‍ ആന്തരിച്ചതിനെതുടര്‍ന്നുള്ള ഒഴിവു നികത്തിയിട്ടില്ല. അപ്പോള്‍ കേരളത്തില്‍ നിന്നും മൂന്ന് പേര്‍ പുതുതായി കേന്ദ്രകമ്മിറ്റിയില്‍ എത്താന്‍ സാധ്യതയുണ്ട്. നിലവില്‍ എം.എ.ബേബിക്ക് 71 വയസ്സ് തികഞ്ഞിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി പിറണായി വിജയന് പിബിയില്‍ തുടരാന്‍ ഇളവു ലഭിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. പ്രായപരിധി കഴിഞ്ഞതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പിബിയില്‍ തുടരാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കണം. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും ഇളവുനേടിയാണ് അദ്ദേഹം തുടര്‍ന്നത്. അത് രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതു പരിഗണിച്ചായിരുന്നു.

ഇത്തവണയാവട്ടെ, പ്രായപരിധിയനുസരിച്ച് പിബിയില്‍ ആറുപേര്‍ ഒഴിയണം. അതില്‍ പിണറായിക്കുമാത്രം ഇളവനുവദിച്ച് നിലനിര്‍ത്തുന്നത് ഒരുപക്ഷേ, തര്‍ക്കവിഷയമാവും. അതിനാല്‍, ജ്യോതിബസു സ്വീകരിച്ച കമ്യൂണിസ്റ്റ് മാതൃക കേരളത്തിലും നടപ്പാക്കിക്കൂടേയെന്ന ആലോചനയും നേതാക്കള്‍ക്കിടയിലുണ്ടെന്നാണ് വിവരം. ജ്യോതിബസു മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതു പോലെ പിണറായിയും പകരക്കാരനെ നിശ്ചയിക്കുമോ എന്നതാണ് ചോദ്യം. എന്നാല്‍, അത്തരം സാധ്യത പുതിയ സാഹചര്യത്തില്‍ വിരളമാണ്.

രണത്തുടര്‍ച്ച എന്നത് ഭരണാധിപന്റെ തുടര്‍ച്ചയല്ല, പാര്‍ട്ടിനയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അധികാരത്തിന്റേതാണ് എന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചായിരുന്നു ജ്യോതിബസുവിന്റെ സ്ഥാനത്യാഗം. പിണറായി ഈ മാതൃക സ്വീകരിച്ചാല്‍ അത് അടുത്ത നിയമസഭാ തെരഞ്ഞടുപ്പിനെയും ബാധിക്കുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ട് അത്തരമൊരു നീക്കത്തിന് കേരള ഘടകം പച്ചക്കൊടി കാട്ടില്ല.

ഇന്ന് പിബിയില്‍ പ്രായപരിധിപ്രശ്നം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിയായ പിണറായിക്കുവേണ്ടി പ്രത്യേകം തീരുമാനമെടുക്കണം. ഈ സാഹചര്യത്തിലാണ് ബംഗാള്‍ മാതൃകയെക്കുറിച്ചുള്ള ചിന്ത. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഭരണവും അധികാരവുമൊക്കെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതില്‍ വ്യക്തികള്‍ക്കല്ല, നയത്തിനാണ് പ്രാധാന്യമെന്ന് ബംഗാള്‍ മോഡലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍, ബംഗാള്‍ മാതൃക പൂര്‍ണ പരാജയമാണെന്ന് കാലം തെളിയിച്ചതാണെന്നാണ് മറു വിഭാഗത്തിന്റെ വാദം.

Tags:    

Similar News