'ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ല; സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതയുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്? നിക്ഷേപകനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ എം എം മണിയുടെ വിശദീകരണം
വിവാദപ്രസംഗത്തില്‍ എം എം മണിയുടെ വിശദീകരണം
ഇടുക്കി: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിനെ അധിക്ഷേപിച്ചുള്ള വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് എം.എം.മണി. താന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നു മണി പറഞ്ഞു. സാബു ആത്മഹത്യ ചെയാനുള്ള യാതൊരു സാധ്യതകളുമില്ല. മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും മണി ചോദിച്ചു.
സാബുവിന് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നുമായിരുന്നു മണിയുടെ വിവാദ പ്രസംഗം. കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ നയവിശദീകരണയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണിയുടെ പരാമര്‍ശം.
്. ' സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ ഞങ്ങളുടെ അടുത്ത് ചെലവാകില്ല'- എന്നായിരുന്നു എംഎം മണിയുടെ വാക്കുകള്‍.
അതിനിടെ, സാബു തോമസിന്റെ അമ്മ അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരില്‍ ത്രേ്യസാമ്മ (90) ആണ് മരിച്ചത്. സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി കിടപ്പിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. കഴിഞ്ഞ ഡിസംബര്‍ 20നാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു.
കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നാലെ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയുമായ വി.ആര്‍. സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. അമ്മയുടെയും ഭാര്യയുടെയും ചികിത്സാച്ചെലവിന് വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് സാബു കട്ടപ്പന സഹകരണ സൊസൈറ്റിയെ സമീപിച്ചത്. അതിനിടെ, കഴിഞ്ഞദിവസം നിക്ഷേപത്തുകയായ 15 ലക്ഷം രൂപ (14,59,940 രൂപ) ബാങ്ക് തിരികെ നല്‍കി.