നാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയും; സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണം: എം ടി രമേശ്

നാളെ ശബരിമല വിഗ്രഹം അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയും

Update: 2025-10-03 13:57 GMT

ആലപ്പുഴ: ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സ്വര്‍ണ്ണപാളി കാണാതായ സംഭവം ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാര്‍ഹമാണ്. അയ്യപ്പഭക്തരുടെ മനസില്‍ തീ വാരിയിടുന്ന സമീപനമാണിത്. വിഷയത്തില്‍ കൃത്യമായ അന്വേഷണം പോലും നടത്താന്‍ സാധിച്ചിട്ടില്ലെന്നും എം ടി രമേശ് ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല. പിന്നില്‍ റാക്കറ്റ് ഉണ്ട്. അവര്‍ക്ക് സര്‍ക്കാരും സിപിഐഎമ്മുമായും ബന്ധമുണ്ട്. പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെക്കണം. നാളെ വിഗ്രഹം ആരെങ്കിലും അടിച്ചുകൊണ്ടുപോയാല്‍ ആര് സമാധാനം പറയുമെന്നും എം ടി രമേശ് ചോദിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകള്‍ ദുരൂഹമാണ്. പ്രശ്നം നടക്കുന്ന സമയത്ത് ചുമതലയുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് മന്ത്രിയ്ക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനുമെതിരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണം. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനുമെതിരെ കേസെടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ശബരിമലയിലേത് സര്‍ക്കാര്‍ സ്വത്തല്ല. കാണിക്കയായി ഭക്തര്‍ സമര്‍പ്പിക്കുന്നതാണ്. അത് സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വിഷയം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണം. പ്രതിക്കൂട്ടില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്ളപ്പോള്‍ ബോര്‍ഡിന് അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നും എം ടി രമേശ് പറഞ്ഞു.

Tags:    

Similar News