കപ്പല്‍ അങ്ങനെ മുങ്ങില്ല; എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ ഇപ്പോഴും ഭദ്രം; മധ്യകേരളത്തിലും മലപ്പുറത്തും നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കും; ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല; പാലക്കാട്ടും തിരുവനന്തപുരത്തും കുതിരക്കച്ചവടത്തിനില്ല; വിശദീകരണവുമായി എം വി ഗോവിന്ദന്‍
വിശദീകരണവുമായി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലും മലപ്പുറത്തും എല്‍.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടി ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനം ഉണ്ടായിട്ടും എങ്ങനെ ഇത്തരത്തിലൊരു സ്ഥിതിവിശേഷം ഉണ്ടായി എന്നതും പരിശോധിക്കും. എല്ലാ ജില്ലാ കമ്മിറ്റികളും ഈ മാസം ചേര്‍ന്ന് പരിശോധനകള്‍ നടത്തും,' ഗോവിന്ദന്‍ വ്യക്തമാക്കി. കപ്പല്‍ അങ്ങനെ മുങ്ങുന്നില്ലെന്നും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഇപ്പോഴും ഭദ്രമാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു.
'മധ്യകേരളത്തിലും മലപ്പുറത്തും ഉണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. മലപ്പുറത്ത് 10 ലക്ഷം വോട്ട് എല്‍.ഡി.എഫിനുണ്ട്. ന്യൂനപക്ഷം കൈവിട്ടിട്ടില്ലെന്നതിന്റെ സൂചനയാണ് അത്.'
ന്യൂനപക്ഷ വോട്ടുകള്‍ ചോരുന്നതില്‍ വെള്ളാപ്പള്ളി നടേശന് പങ്കുണ്ടോ എന്ന ചോദ്യത്തിന്, 'വെള്ളാപ്പള്ളിയുടെ പങ്കും പരിശോധിക്കും. ആരുടെ പങ്ക് പരിശോധിക്കുന്നതിലും പേടിയില്ല,' എന്ന് ഗോവിന്ദന്‍ മറുപടി നല്‍കി. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ലെന്നും, തോമസ് ഐസക്കിന്റെ ഇടതു ഹിന്ദുത്വ പരാമര്‍ശം പാര്‍ട്ടി ചര്‍ച്ചയില്‍ ഇല്ലെന്നും ഗോവിന്ദന്‍ തള്ളിപ്പറഞ്ഞു.
തിരഞ്ഞെടുപ്പ് വിധിയെ അംഗീകരിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനം. ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആരുമായും സഖ്യത്തിനില്ല. കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന സമീപനം സ്വീകരിക്കില്ല. ബി.ജെ.പി. ഉള്‍പ്പടെയുള്ളവരുമായും ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയ യു.ഡി.എഫുമായും ഒരു സഖ്യവും ഉണ്ടാക്കില്ല. ഇടതുപക്ഷവുമായി സഹകരിക്കാന്‍ മുന്നോട്ട് വരുന്ന സ്വതന്ത്രരുള്‍പ്പടെയുള്ളവരുമായി ചേര്‍ന്ന് ചിലയിടങ്ങളില്‍ ഭരണത്തിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് എല്‍.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പി.യും കോണ്‍ഗ്രസും പരസ്പര സഹായം ചെയ്തെന്നും ഗോവിന്ദന്‍ ആരോപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടിന്റെ കണക്കില്‍ എല്‍.ഡി.എഫിനാണ് മുന്‍കൈ ഉള്ളത് (എല്‍.ഡി.എഫ്.: 1.75 ലക്ഷം, ബി.ജെ.പി.: 1.60 ലക്ഷം, യു.ഡി.എഫ്.: 1.25 ലക്ഷം).
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ ഉണ്ടായിരുന്ന സീറ്റ് ഇത്തവണ ബി.ജെ.പി.ക്ക് ഇല്ല. നിലവിലുള്ള പഞ്ചായത്ത് ഭരണവും നഗരസഭയും അവര്‍ക്ക് നഷ്ടപ്പെട്ടു. ശബരിമല സ്ഥിതി ചെയ്യുന്ന പന്തളം നഗരസഭ ബി.ജെ.പി.യില്‍ നിന്ന് എല്‍.ഡി.എഫ്. പിടിച്ചെടുത്തതും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ശബരിമല വിഷയം തിരിച്ചടിയായോ ഇല്ലയോ എന്നത് പരിശോധിച്ചാലെ അറിയൂ. വിഷയം സ്വാധീനിച്ചിരുന്നെങ്കില്‍ ബി.ജെ.പി.ക്ക് ഇത്ര സീറ്റ് കിട്ടിയാല്‍ മതിയോ എന്നും അദ്ദേഹം ചോദിച്ചു. കൊല്ലം കോര്‍പ്പറേഷനിലെ തോല്‍വി ഗൗരവപൂര്‍ണ്ണമായി പരിശോധിക്കുമെന്നും അറിയിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാതെ പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന പ്രശ്നമേയില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച എം.വി. ഗോവിന്ദന്‍, വനവാസത്തെക്കുറിച്ച് പറയുന്ന സതീശന്‍ ഒടുവില്‍ വനവാസത്തിന് പോകേണ്ടി വരുമെന്നും പരിഹസിച്ചു.
