എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യം; അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാര്‍ട്ടി സെക്രട്ടറി; സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം.വി ഗോവിന്ദന്‍ ഉപയോഗിക്കരുത്; ബിഷപ്പ് പാംപ്ലാനിയെ വിമര്‍ശിച്ച എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ചു തലശ്ശേരി അതിരൂപത

എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യം

Update: 2025-08-12 02:03 GMT

കണ്ണൂര്‍: ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമര്‍ശത്തില്‍ എം.വി ഗോവിന്ദനെ കടന്നാക്രമിച്ച് തലശ്ശേരി അതിരൂപത. എം.വി ഗോവിന്ദന്റെ പ്രസ്താവന ഫാഷിസ്റ്റുകളുടേതിന് തുല്യമാണ്. കന്യാസ്ത്രീ വിഷയത്തില്‍ സഭ കേന്ദ്ര സര്‍ക്കാറിനോട് നന്ദി പറഞ്ഞത് നിലപാട് മാറ്റമല്ലെന്ന് അതിരൂപത. അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാര്‍ട്ടി സെക്രട്ടറിയെന്നും സ്വന്തം സ്വഭാവ വൈകല്യത്തെ മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം.വി ഗോവിന്ദന്‍ ഉപയോഗിക്കരുതെന്നും തലശ്ശേരി അതിരൂപയുടെ വിമര്‍ശിക്കുന്നു.

എ.കെ.ജി. സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങിയശേഷമാണോ മെത്രാന്മാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അതിരൂപത ചോദിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാമ്പ്‌ലാനി ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ല. സി പി. എം. സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്. നേരത്തെ, ഡി. വൈ. എഫ്. ഐ.യുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാല്‍, എം.വി. ഗോവിന്ദന്‍ ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി.

ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ വിഷയത്തിലാണ് എം വി ഗോവിന്ദന്‍ പാംപ്ലാനിയുടെ നിലപാടിനെ വിമര്‍ശിച്ചത്. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതി. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയി. ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്ലിമോ കമ്മ്യൂണിസ്റ്റോ രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് വിധേയപ്പെട്ടുവെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഒന്ന് ജുഡീഷ്യറി, മറ്റൊന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലും ബിജെപി കള്ളവോട്ട് ചേര്‍ക്കല്‍ തുടങ്ങി. ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേര്‍ക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാംപ്ലാനിക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. ഹിറ്റ്ലറുടെ കടുത്ത അനുയായി ആയിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് ബിഷപ്പിനെ കാത്തിരിക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമര്‍ശിച്ചത്. ചില പിതാക്കന്മാര്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും സനോജ് കുറ്റപ്പെടുത്തിയിരുന്നു. കേക്കുമായി ആര്‍എസ്എസ് ശാഖയിലേക്ക് ചിലര്‍ പോകുന്നു. തിരിച്ച് ആര്‍എസ്എസ് ശാഖയില്‍ നിന്നും കേക്കുമായി അരമനകളിലേക്കും വരുന്നു. പരസ്പരം പരവതാനി വിരിക്കുകയാണിവരെന്നും വി കെ സനോജ് വിമര്‍ശിച്ചിരുന്നു.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

Similar News