പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി

പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി

Update: 2025-01-01 07:04 GMT

കണ്ണൂര്‍: സി.പി.എം തള്ളിപ്പറഞ്ഞ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെയും കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെയും ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. 'ക്ഷണിച്ചാല്‍ പോകുന്നത് സാമാന്യ സാമാന്യമര്യാദയുടെ ഭാഗമാണ്. ഗൃഹപ്രവേശം നടത്തുന്നയാള്‍ പ്രതിയാണോ കോണ്‍ഗ്രസാണോ മാര്‍ക്‌സിസ്റ്റാണോ ബി.ജെ.പിയാണോ എന്ന് നോക്കിയിട്ടാണോ പോവുക പാര്‍ട്ടി തള്ളിപ്പറഞ്ഞാലും അല്ലെങ്കിലും പോകും. പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ കുടിയലിന് പോകുന്നുണ്ട് നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ'' -ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

കൊടി സുനിയുടെ പരോള്‍ നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് സിപിഎമ്മിനെ ബാധിക്കുന്ന നിശഷയമില്ലെന്നും അദ്ദേഹം പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വടക്കുമ്പാട് കൂളിബസാറിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്‍, ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തത്. പി. ജയരാജന്‍ നാടമുറിച്ച് നേതാക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കാരായി രാജന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉള്‍പ്പെടെയുള്ള നേതാക്കളും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

2008 മാര്‍ച്ച് അഞ്ചിനാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ നിഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ വടക്കുമ്പാട് സ്വദേശി ശ്രീജിത്ത് അടക്കം അഞ്ച് സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച മുമ്പാണ് പരോളിലിറങ്ങിയത്. അതേസമയം, ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍ പോവുകയെന്നത് ഔചിത്യപൂര്‍ണമായ കാര്യമാണെന്നും പൊതുപ്രവര്‍ത്തകരുടെ കടമയാണെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.

മകന് അനുവദിച്ച പരോള്‍ വിവാദമാക്കേണ്ടതില്ലെന്ന് കൊടി സുനിയുടെ മാതാവ് ചൊക്ലി നിടുമ്പ്രത്തെ ഷാരോണ്‍ വില്ലയില്‍ എം.പി. പുഷ്പയും സഹോദരി സുജിനയും പറഞ്ഞു. 'പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പല പ്രതികള്‍ക്കും പരോള്‍ ലഭിച്ചിട്ടുണ്ട്. സുനിയും പരോളിന് അര്‍ഹനാണ്' - കുടുംബം തലശ്ശേരിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

'ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി എന്ന സുനില്‍കുമാറിന് കഴിഞ്ഞ ആറു വര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല. നിരവധി തവണ ജയില്‍ വകുപ്പിനും സര്‍ക്കാറിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപ്പോഴൊന്നും പരോള്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ തന്റെ ആരോഗ്യസ്ഥിതി കൂടി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനിക്ക് ഇപ്പോള്‍ പരോള്‍ ലഭിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കും നിരവധിതവണ പരോള്‍ അനുവദിച്ചിരുന്നു. അന്നില്ലാത്ത വിവാദം ഇന്ന് ഉണ്ടാകേണ്ടതില്ല' -പുഷ്പ പറഞ്ഞു.

''ശ്വാസംമുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുള്ളയാളാണ് അമ്മ. മകന്റെ സാമീപ്യം ഏതൊരമ്മയും ആഗ്രഹിക്കും. പരോള്‍ അനുവദിച്ചതില്‍ അത്രയേ കാണേണ്ടതുള്ളു. വിവാദമാക്കാനൊന്നുമില്ല''-സഹോദരി സുജിന പറഞ്ഞു. സുനി പരോളിന് അര്‍ഹനാണെന്നും കുടുംബം പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന് ഉള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെയാണ് സുനിക്ക് പരോള്‍ അനുവദിച്ചത്. നിലവില്‍ വയനാട്ടിലെ ബന്ധുവീട്ടിലാണ് കൊടി സുനിയുള്ളത്.

Tags:    

Similar News