ബി.എല്‍.ഒയുടെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധം; കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക; കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി എം.വി. ഗോവിന്ദന്‍

ബി.എല്‍.ഒയുടെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം അസംബന്ധം

Update: 2025-11-17 11:59 GMT

തിരുവനന്തപുരം: പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോണ്‍ഗ്രസ് ആരോപണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍. ആരോപണം അസംബന്ധമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കാര്യങ്ങള്‍ അനീഷിന്റെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകള്‍ക്ക് സമാധാനം ഉണ്ടാവുക. സി.പി.എം ഒരു കാരണവശാലും പാവപ്പെട്ട ബി.എല്‍.ഒമാരുടെ മേല്‍ സമ്മര്‍ദം ചെലുത്തില്ല. അതിന്റെ ഒരാവശ്യവുമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ മേലെയാണ് സി.പി.എം സമ്മര്‍ദ്ദം ചെലുത്തുന്നത്. സുപ്രീംകോടതി വരെ പോകുന്നതും സമ്മര്‍ദ്ദത്തിന്റെ ഭാഗമാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബി.എല്‍.ഒക്ക് മേല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം ഉണ്ടായി എന്ന് കണ്ണൂര്‍ കലക്ടര്‍ സ്ഥിരീകരിച്ചല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, കലക്ടര്‍ സ്ഥിരീകരിച്ചെങ്കില്‍ അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.എല്‍.ഒയോട് അഭിപ്രായം പറയില്ലേയെന്നും അത് സ്വഭാവികമാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബി.എല്‍.ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യക്കു പിന്നില്‍ സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ബി.എല്‍.എയെ ബി.എല്‍.ഒ കൊണ്ടു പോയതിന് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജോലിയുടെ സമ്മര്‍ദവും. ഇതെല്ലാമാണ് ബി.എല്‍.ഒയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതേക്കുറിച്ച് ഗൗരവതരവും എല്ലാവരെയും ബോധ്യപ്പെടുത്തുന്നതുമായ അന്വേഷണം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കമീഷന്‍ കുറേക്കൂടി ഗൗവരവത്തില്‍ ഈ വിഷയം പഠിക്കണം. അമിതമായ ജോലി ഭാരമുണ്ടെന്ന് സംസ്ഥാനത്ത് ഉടനീളം ബി.എല്‍.ഒമാര്‍ പരാതിപ്പെടുന്നുണ്ട്. ബി.എല്‍.ഒമാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്ക് ജോലി ചെയ്ത് തീര്‍ക്കാനാകുന്നില്ല. മൂന്നു തവണ ഒരു വീട്ടില്‍ പോകണമെന്നാണ് നിര്‍ദേശം. 700 മുതല്‍ 1500 വോട്ടുകള്‍ വരെ ഓരോ ബൂത്തുകളിലുമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും എസ്.ഐ.ആര്‍ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് അനുകൂല വോട്ടുകള്‍ ചേര്‍ക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദുരുദ്ദേശ്യത്തോടെ ബി.ജെ.പി എസ്.ഐ.ആര്‍ നടപ്പാക്കുമ്പോള്‍ ആ ദുരുദ്ദേശ്യം സി.പി.എം മറ്റൊരു തരത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News