കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊളള നടന്നത് ഗുരുവായൂരില്‍; കെ.കരുണാകരന്‍ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയത്; ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല; ശബരിമല സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന പ്രതിപക്ഷത്തിനെതിരെ എം വി ഗോവിന്ദന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള ആയുധമാക്കുന്ന പ്രതിപക്ഷത്തിനെതിരെ എം വി ഗോവിന്ദന്‍

Update: 2025-12-05 13:51 GMT

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ള പ്രചരണ വിഷയമാക്കുന്ന യുഡിഎഫിനെതിരെ സമാന കേസ് മുന്നോട്ടു വെച്ചു സിപിഎമ്മിന്റെ പ്രതിരോധം. ഗുരുവായൂരിലെ തിരുവാഭരണ മോഷണ കഥയാണ് സിപിം ആയുധമാക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണക്കൊളള നടന്നത് ഗുരുവായൂരിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. 1985 ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയത്. ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന യു.ഡി.എഫുകാര്‍ ചരിത്ര മോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാര്‍ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തില്‍ വ്യക്തത വന്നാല്‍ നടപടിയെടുക്കും. ഇതില്‍ ധൃതിവയ്‌ക്കേണ്ട കാര്യമില്ല. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ചു നടപടിയെടുക്കാന്‍ കഴിയില്ല. ഇടതു സര്‍ക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള കേളികൊട്ടാവും തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ് ഫലമെന്നും കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ തദ്ദേശം 20 25 പരിപാടിയാല്‍ പങ്കെടുത്ത് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എസ്. ഐ.ടി അന്വേഷണം പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങള്‍ തന്നെയുണ്ട്.രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള നടപടിയെടുത്തത്തില്‍ ഈക്കാര്യത്തില്‍ കൂട്ടി കുഴയ്‌ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസെടുത്തത് മുഖം രക്ഷിക്കാനുള്ള നടപടിയാണ്. രാഹുലിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പില്‍ ആണ് ഏറ്റവും സംരക്ഷിക്കുന്നത്. ഒളിപ്പിച്ചാലും രാഹുലിനെ പിടിക്കും.ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ല. ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അവര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ കേസുകളില്‍ പ്രതിയാക്കപ്പെടാം. അതൊന്നും പുതിയ കാര്യമല്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പാര്‍ട്ടിയുടെ ഭാഗം തന്നെയാണ്.

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ കുറ്റവാളികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുന്നതിനാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ എസ്. ഐ.ടി അന്വേഷണം നടത്തിവരുന്നത്. അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടപ്പെടാന്‍ വിടില്ല. തദ്ദേശ ഭരണ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ആവര്‍ത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലും ഇത്തവണ ജയിക്കും സി.പി.എം സംസ്ഥാന സമിതി അംഗം എം.പ്രകാശനും പങ്കെടുത്തു.പ്രസ്‌ക്‌ളബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപറമ്പ് സ്വാഗതവുംട്രഷറര്‍ കെ.സതീശന്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News