ഓരോ വെളിപ്പെടുത്തലുകളും കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖത്തിന്റെ അടയാളപ്പെടുത്തല്‍; രാഹുലിനെതിരെയുള്ള മൂന്നാമത്തെ കേസ് ഗൗരവതരം; ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നത് രാഹുലിന് വെല്ലുവിളിയാകും; ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍
ഓരോ വെളിപ്പെടുത്തലുകളും കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖത്തിന്റെ അടയാളപ്പെടുത്തല്‍
തിരുവനന്തപുരം: പീഡന കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്ത്. രാഹുലിനെതിരായ മൂന്നാമത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. അത് ഗൗരവതരമാണ്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവിലുള്ളത്. ക്രൂര പീഡനവും മര്‍ദനവും ഉള്‍പ്പെടെ നടന്നതായി പരാതിയിലുണ്ടെന്ന കാര്യവും ഓര്‍മ്മപ്പെടുത്തിയാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം.
ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നത് രാഹുലിന് വെല്ലുവിളിയാകും. ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകും. കൂടുതല്‍ കേസുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ പിന്തുണയിലാണ്. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും. അതിനൊന്നും യാതൊരു ഉളുപ്പുമില്ല. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
വളരെ ജീര്‍ണമായ അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ പ്രശ്‌നത്തെ വളരെ ഗൗരവതരമായി കാണുന്നു. ഓരോ കുറ്റകൃത്യവും നടത്തുമ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ അംഗവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും എംഎല്‍എയുമൊക്കെയായിരുന്നു. എപ്പോഴാണ് കോണ്‍ഗ്രസ് രാഹുലിനെ പുറത്താക്കാന്‍ തയാറായതെന്ന് ജനം ഓര്‍ക്കണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്, അവര്‍ മനസിലാക്കട്ടെയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സിപിഐഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ആവശ്യമായ നിലപാട് രാഹുല്‍ തന്നെ സ്വീകരിക്കട്ടെയെന്നും നിയമസഭയില്‍ നിന്ന് അയോഗ്യനാക്കണോ എന്ന കാര്യം നിയമപരമായി പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്നാണ് മന്ത്രി പി. രാജീവിന്റെ പ്രതികരണം. കോണ്‍ഗ്രസ് രാഹുലിന് പരോക്ഷമായി പിന്തുണ നല്‍കുന്നുണ്ട്. ഇതെല്ലാം പൊതുജനം ഗൗരവമായി കാണുന്നുണ്ട്. രാഹുല്‍ വിഷയം ലോകത്ത് തന്നെ അപൂര്‍വമായ കാര്യമാണെന്നും സഭയിലെ അയോഗ്യത സംബന്ധിച്ചുള്ള കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പൊലീസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കുമെന്നും പി. രാജീവ് വിശദീകരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കുന്ന കാര്യത്തില്‍ എംഎല്‍എയും എംഎല്‍എയെ നിശ്ചയിച്ച പാര്‍ട്ടിയും മാന്യത കാണിക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് എപ്പോഴും വാദിക്കുന്ന പൊതുപ്രവര്‍ത്തകര്‍ ഈ അപമാനത്തിലേക്ക് ചെന്ന് വീഴരുത്. വിഷയത്തില്‍ വേണ്ടപ്പെട്ടവര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ. രാജന്‍ പറഞ്ഞു. അതേസമയം, പീഡനത്തിനിരായ അതിജീവിതയുടെ കുറിപ്പ് പങ്കുവച്ചായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. നിസഹായമായ, ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെയെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അതിജീവിതയുടെ കുറിപ്പ് ഹൃദയഭേദകമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്രയും നിഷ്ടൂരമായ പ്രവര്‍ത്തി കേരളം അംഗീകരിക്കില്ലെന്നും എത്ര വലിയവനായാലും കുറ്റം ചെയ്താല്‍ ഒരു സംരക്ഷണവും ലഭിക്കില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നാണ് മുതിര്‍ന്ന സിപിഐഎം നേതാവ് കെ.കെ. ശൈലജയുടെ പ്രതികരണം. പെണ്‍കുട്ടികള്‍ അതിക്രൂരമായി പീഡിക്കപ്പെട്ടു. കോണ്‍ഗ്രസ് ചിഹ്നത്തിലാണ് രാഹുല്‍ ജയിച്ചത്. മാതൃകപരമായ ശിക്ഷ നടപ്പാക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
