മുല്ലശ്ശേരി മധുവിനെ സിപിഎം പുറത്താക്കും; സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ അനുമതിയോടെ നടപടി; മധുവിന്റേത് അപവാദ പ്രചാരണം; അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അസത്യമെന്ന് മറുപടിയുമായി ജില്ലാ സെക്രട്ടറി വി ജോയി
മുല്ലശ്ശേരി മധുവിനെ സിപിഎം പുറത്താക്കും
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം വിഭാഗീയത പരസ്യപോരിലേക്ക് എത്തിയതോടെ സിപിഎം കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് ഏരിയ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി.
മധു മുല്ലശേരിയെ പുറത്താക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. മധുവിനെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി വ്യക്തമാക്കി. മധു നടത്തിയത് പാര്‍ട്ടിക്കു നേരെയുള്ള അപവാദപ്രചാരണമാണെന്നും കഴിഞ്ഞദിവസം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അസത്യമാണെന്നും വി. ജോയ് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയാകാനുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാള്‍ ഇങ്ങനെയൊരു അപവാദപ്രചരണം നടത്തേണ്ട ആവശ്യമില്ല. തികച്ചും അസത്യമായ കാര്യമാണ് ഇന്നലെ മധു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇന്നലെത്തന്നെ തങ്ങള്‍ക്കത് നിഷേധിക്കാമായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ രീതിയനുസരിച്ച് ഇത്തരം കാര്യങ്ങളേക്കുറിച്ച് പാര്‍ട്ടി കമ്മിറ്റി ആലോചിച്ചു. തുടര്‍ന്ന് അതില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനാണ് തീരുമാനിച്ചത്, ജോയ് വ്യക്തമാക്കി.
യഥാര്‍ഥത്തില്‍ ജില്ലാ സമ്മേളന പ്രതിനിധികളുടെ പാനല്‍ വെച്ചത് പഴയ സെക്രട്ടറിയായ മധുവാണ്. പാര്‍ട്ടിയെ സംബന്ധിച്ച് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് ഒരു രീതിയുണ്ട്. ഒന്നുകില്‍ സെക്രട്ടറിയെ കമ്മിറ്റി തിരഞ്ഞെടുക്കും. കമ്മിറ്റിയില്‍ മറ്റൊരു അഭിപ്രായംകൂടി വന്നാല്‍ ഏതിനാണ് മുന്‍തൂക്കം എന്ന് പരിശോധിക്കും. മംഗലപുരത്ത് ഏരിയാ കമ്മിറ്റിയോഗത്തില്‍ മേല്‍പ്പറഞ്ഞ രണ്ടാമത്തെ രീതിയാണ് സംഭവിച്ചത്.
ഒരു പേര് കൂടി ഉയര്‍ന്നുവന്നപ്പോള്‍ ജനാധിപത്യപരമായി പരിശോധിച്ചു. പുതിയ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം. ജലീലിനാണ് ഭൂരിപക്ഷം ലഭിച്ചത്. അതിനാല്‍ പാര്‍ട്ടി തത്വമനുസരിച്ച് അദ്ദേഹത്തെ തിരഞ്ഞെടുത്തു. അതിനുശേഷം മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി പാര്‍ട്ടിക്കെതിരെ പറയുന്നതും അയാളെ നശിപ്പിക്കാനായി ശ്രമിക്കുന്നു എന്ന് പറയുന്നതും തികഞ്ഞ അവാസ്തവമായ കാര്യമാണ്, വി. ജോയ് പറഞ്ഞു.
മധുവിനെതിരായ നടപടിയേക്കുറിച്ച് ചര്‍ച്ചവരുമെന്നും വി.ജോയ് സൂചിപ്പിച്ചു. മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തങ്ങള്‍ക്ക് മാത്രമായി തീരുമാനിക്കാന്‍ കഴിയില്ല. എന്നാല്‍ ഉപരി കമ്മിറ്റിയുമായി ആലോചിച്ചശേഷം അറിയിക്കുമെന്നും വി. ജോയ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ സെക്രട്ടറി വി. ജോയി പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാക്കുന്നു എന്നാരോപിച്ച് കഴിഞ്ഞദിവസമാണ് ഏരിയാ സമ്മേളനത്തില്‍നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്. വി. ജോയി വന്‍ പണപ്പിരിവു നടത്തിയെന്നും സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും താന്‍ പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.