കണ്ണീരോര്‍മ്മകളില്‍ നിന്ന് ഖദറിലേക്ക്; അപ്പയുടെ തണലില്ലാതെ സൈബര്‍ പടയെ നേരിട്ട മറിയ ഉമ്മന്‍ സഭകളുടെ അനുഗ്രഹം തേടുന്നു; മൂന്ന് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് നീക്കം; ഉമ്മന്‍ചാണ്ടി എന്ന വികാരം വോട്ടാക്കാന്‍ കോണ്‍ഗ്രസ് തന്ത്രം പയറ്റുമ്പോള്‍ ചാണ്ടി ഉമ്മന്റെ എല്ലാം 'മാധ്യമസൃഷ്ടി' എന്ന വാദം പൊളിയുന്നോ?

മറിയ ഉമ്മന്‍ മത്സരരംഗത്തേക്ക്?

Update: 2026-01-27 11:27 GMT

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന സൂചനകള്‍ നല്‍കിക്കൊണ്ട് വിവിധ സഭാ അധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. തിരുവല്ലയിലെ മാര്‍ത്തോമാ സഭ ആസ്ഥാനത്തെത്തി ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയെയും, തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസില്‍ രൂപതാ മെത്രാനെയും അവര്‍ നേരില്‍ കണ്ടു. കഴിഞ്ഞ ദിവസം കുറവിലങ്ങാട് പള്ളി സന്ദര്‍ശിച്ച വേളയില്‍ മറിയ സ്ഥാനാര്‍ത്ഥിയാകണമെന്ന് വൈദികര്‍ തന്നെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറിയ ഉമ്മനെ രംഗത്തിറക്കുന്നതിലൂടെ സംസ്ഥാനത്തുടനീളം വലിയൊരു ചലനം ഉണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂര്‍, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളാണ് മറിയയ്ക്കായി സജീവമായി പരിഗണിക്കപ്പെടുന്നത്. മറിയയെ കൂടാതെ അച്ചു ഉമ്മന്റെ പേരും പാര്‍ട്ടി നേതൃത്വത്തിന്റെ പട്ടികയിലുണ്ട്.

അതേസമയം, പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നേതൃത്വത്തെ അറിയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. മത്സരരംഗത്ത് ആരുണ്ടാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും പുതുപ്പള്ളിയില്‍ യുഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്കിടയില്‍ മണ്ഡലങ്ങളെച്ചൊല്ലി ധാരണയുണ്ടാകുമോ അതോ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് കോണ്‍ഗ്രസ് തുനിയുമോ എന്നാണ് ഇനി അറിയേണ്ടത്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ ചാണ്ടി ഉമ്മന് ഭിന്നാഭിപ്രായമോ?

സഹോദരിമാരുടെ പേരുകള്‍ പല മണ്ഡലങ്ങളിലേക്കും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം മത്സരിക്കാന്‍ രണ്ടുപേര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് തന്നോട് പറഞ്ഞതെന്ന് ഈ മാസമാദ്യം ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. അച്ചു ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ കേവലം മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുതുപ്പള്ളിയില്‍ ഇക്കുറി ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും, പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്പയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഡോ. മറിയ ഉമ്മന്‍

പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ ഡോ. മറിയ ഉമ്മന്‍ പലപ്പോഴും കരഞ്ഞുപോകാറുണ്ട്. 'നിയമസഭയില്‍ എന്നെ വ്യക്തിപരമായി ആക്ഷേപിച്ചപ്പോള്‍ അത്ര വിഷമം തോന്നിയില്ല, കാരണം അന്ന് അപ്പയുണ്ടായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കാലത്ത് സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാന്‍ ഉലഞ്ഞുപോയി. അന്ന് കൂടെ നില്‍ക്കാന്‍ അപ്പയില്ലായിരുന്നു,' മറിയ ഓര്‍ക്കുന്നു. മംഗലാപുരത്തെ നാല് വര്‍ഷത്തെ പഠനകാലമൊഴിച്ചാല്‍ എന്നും അപ്പയോടൊപ്പമായിരുന്നു ജീവിതം. വിമാനത്താവളത്തില്‍ മകനെയാക്കാന്‍ പോയപ്പോള്‍ തനിച്ചു നിന്ന നിമിഷം പോലും അപ്പയുടെ കരുതലിനെ ഓര്‍ത്ത് കരഞ്ഞുപോയെന്നും മറിയ പറയുന്നു.

അക്കാദമിക് മികവില്‍ ഡോക്ടറേറ്റ്

തിരുവനന്തപുരം ഏണസ്റ്റ് ആന്‍ഡ് യംഗിലെ ഉദ്യോഗസ്ഥയായ മറിയ ഉമ്മന്‍ മാനേജ്മെന്റില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. ജയ്പൂര്‍ മഹാത്മാ ജ്യോതി റാവു ഫൂലെ സര്‍വകലാശാലയില്‍ നിന്ന് 'ഐടി മേഖലയിലെ മാനേജര്‍മാരുടെ ഗുണനിലവാരത്തില്‍ മാനേജ്മെന്റിന്റെ സ്വാധീനം' എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഡോ. വര്‍ഗീസ് ജോര്‍ജാണ് ഭര്‍ത്താവ്. എഫിനോവ ഏക മകനാണ്.

ഉമ്മന്‍ചാണ്ടി എന്ന വൈകാരിക ഘടകം വോട്ടാക്കി മാറ്റാന്‍ മറിയയെയോ അച്ചുവിനെയോ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് തന്ത്രങ്ങള്‍ മെനയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണ്ണായകമാകും.

Tags:    

Similar News