പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചു; തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ കോര്‍ഡിനേറ്ററായ മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു; തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന് ആശങ്കയാല്‍ രാജിയെന്ന് മിന്‍ഹാജ്

മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു

Update: 2025-02-28 12:32 GMT

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച മിന്‍ഹാജ് സിപിഎമ്മില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നാല് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് മിന്‍ഹാജ്.

തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അന്‍വറിനൊപ്പം ഡിഎംകെയില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസ്സിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന ഭയമുണ്ട്. അതിനാലാണ് രാജിയെന്ന് മിന്‍ഹാജ് പ്രതികരിച്ചു.

സംസ്ഥാനത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയിലേക്ക് ചേക്കേറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനാല്‍ ഇടത്് ചേരിക്കൊപ്പം ചേരുന്നതായും മിന്‍ഹാജ് വ്യക്തമാക്കി. തൃണമൂലിലെ സ്ഥാനങ്ങള്‍ രാജിവെച്ചതായും മിന്‍ഹാജ് പറഞ്ഞു. ടിഎംസിയുടെ പാലക്കാട്ടെ പ്രവര്‍ത്തകരും തനിക്കൊപ്പം സിപിഎമ്മില്‍ ചേരുമെന്ന് മിന്‍ഹാജ് അവകാശപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭാരവാഹികളും പാര്‍ട്ടി വിട്ടേക്കും. സിപിഎം യാതൊരു ഓഫറുകളും നല്‍കിയിട്ടില്ലെന്നും മിന്‍ഹാജ് പറഞ്ഞു.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് മിന്‍ഹാജിനെ സ്വീകരിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു സ്വീകരണം. മിന്‍ഹാജിന് പാര്‍ട്ടി എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചു. എല്‍ഡിഎഫ് വിട്ട അന്‍വര്‍ ഡിഎംകെ രൂപീകരിച്ചപ്പോള്‍ പാലക്കാട് ജില്ലാ സെക്രട്ടറിയായി. പിന്നീട് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ മിന്‍ഹാജും കൂടെപോയിരുന്നു.

Tags:    

Similar News