ദളിത് ലീഗിലൂടെ സജീവമായി; പനമരം ബ്ലോക് പഞ്ചായത്ത് മെമ്പറുമായി; ജയന്തി രാജന്‍ ദേശീയ നേതൃത്വത്തിലേക്ക്; വനിതാ ലീഗ് ദേശീയ അധ്യക്ഷയ്ക്കും പദവി; ലീഗിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകള്‍ ദേശീയ ഭാരവാഹിത്വത്തില്‍; മുസ്ലീം ലീഗ് ദേശീയ നേതൃത്വം പുനസംഘടിപ്പിച്ചു

Update: 2025-05-15 09:03 GMT

ചെന്നൈ: ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ തലപ്പത്ത് വനിതാ തളിക്കവും. പ്രഫ.ഖാദര്‍ മൊയ്തീന്‍ ദേശീയ അധ്യക്ഷനായും പി.കെ.കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയായും തുടരും.

പി.വി. അബ്ദുള്‍ വഹാബ് എം.പിയാണ് ട്രഷറര്‍. പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായി രണ്ടു വനിതകള്‍ ദേശീയ ഭാരവാഹിത്വത്തിലെത്തി. വനിത ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫറും വനിതലീഗ് ദേശീയ സെക്രട്ടറിയായിരുന്ന വയനാട് നിന്നുള്ള ജയന്തി രാജനുമാണ് വനിത ഭാരവാഹികള്‍. ഇരുവരെയും അസി.സെക്രട്ടറിമാരായാണ് തെരഞ്ഞെടുത്തത്.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഓര്‍ഗനൈസിങ് സെക്രട്ടറി), എം.പി അബ്ദുസ്സമദ് സമദാനി എം.പി (സീനിയര്‍ വൈസ് പ്രസിഡന്റ്). കെ.പി.എ മജീദ് എം.എല്‍.എ- കേരളം, എം അബ്ദുറഹ്‌മാന്‍, മുന്‍ എംപി- തമിഴ്‌നാട്, സിറാജ് ഇബ്രാഹിം സേട്ട് -കര്‍ണാടക, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ- കര്‍ണാടക, എസ്. നഈം അക്തര്‍- ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ -യു.പി, കെ. സൈനുല്‍ ആബിദീന്‍, കേരളം എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. മുനവ്വറലി ശിഹാബ് തങ്ങള്‍ -കേരളം, ഖുര്‍റം അനീസ് ഉമര്‍- ഡല്‍ഹി, നവാസ് കനി എം.പി -തമിഴ്‌നാട്, അഡ്വ. ഹാരിസ് ബീരാന്‍ എം.പി -കേരളം, അബ്ദുല്‍ ബാസിത് -തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍- കേരളം, സി.കെ സുബൈര്‍ -കേരളം എന്നിവരാണ് സെക്രട്ടറിമാര്‍. ആസിഫ് അന്‍സാരി -ഡല്‍ഹി, അഡ്വ. ഫൈസല്‍ ബാബു- കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി -യു.പി, ഫാത്തിമ മുസഫര്‍- തമിഴ്‌നാട്, ജയന്തി രാജന്‍ -കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ -ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ -കേരളം (ക്ഷേമ പദ്ധതികള്‍) എന്നിവര്‍ അസി. സെക്രട്ടറിമാരുമാണ്. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്നു ജയന്തി രാജന്‍. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ജയന്തി രാജന്‍. വയനാട് ഇരളം സ്വദേശിയായ ഇവര്‍ ഇത്തവണ പുല്‍പള്ളി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. ജയന്തി നിലവില്‍ വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവെന്ന രീതിയില്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ജയന്തി സജീവമാണ്. നേരത്തെ ചേലക്കര നിയമസഭാ സീറ്റ് ലീഗിന് കിട്ടുകയാണെങ്കില്‍ അവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ജയന്തിയെ പരിഗണിച്ചിരുന്നു. കോങ്ങാട് സീറ്റിലും പരിഗണിച്ചിരുന്നു.

വനിതാ ലീഗ് ദേശീയ പ്രസിഡന്റാണ് അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസഫര്‍. ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫര്‍, മുസ്ലിം പഴ്‌സനല്‍ ലോ ബോര്‍ഡ്, തമിഴ്‌നാട് വഖഫ് ബോര്‍ഡ്, മുസ്ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്.

Tags:    

Similar News