വടകരയില്‍ 2019ല്‍ പരാജയപ്പെട്ട പി ജയരാജന്‍ 'പടിക്ക് പുറത്ത്'; കണ്ണൂരില്‍ 2024ല്‍ തോറ്റ എം വി ജയരാജന് വീണ്ടും കസേര; പിണറായിയുടെ ഇഷ്ടക്കാരന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; എം വി നികേഷ് കുമാറും കെ. അനുശ്രീയും സരിന്‍ ശശിയുമടക്കം ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍; പാര്‍ട്ടിയിലെ ചരടുവലികളില്‍ കാഴ്ചക്കാരനായി എംവി ഗോവിന്ദനും
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരും
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. തളിപ്പറമ്പില്‍ നടക്കുന്ന പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ സെക്രട്ടറിയായി എം വി ജയരാജന്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അന്‍പതംഗ പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി, എം.വി നികേഷ് കുമാര്‍ എന്നിവര്‍ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി.
2019 ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് എം വി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പി. ജയരാജന് സ്ഥാനം തിരിച്ചുനല്‍കണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നെങ്കിലും പാര്‍ട്ടി നേതൃത്വം വഴങ്ങിയിരുന്നില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജന്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എം.വി. ജയരാജന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകള്‍ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന പുറത്തുവന്നെങ്കിലും പിണറായി വിജയന്‍ ഇടപെട്ട് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍ എം വി ജയരാജന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ എം വി ജയരാജന്‍ എംഎല്‍എയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചു. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ചെയര്‍മാനുമായിരുന്നു. 2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് എം വി ജയരാജന്‍ പരാജയപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അം ഗമായ എം വി ജയരാജന്‍ സിഐടിയുവിന്റെ കേന്ദ്രപ്രവര്‍ത്തക സമിതി അംഗവുമാണ്. സമര സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഉരുകിത്തെളിഞ്ഞ വ്യക്തിത്വമാണ് ജയരാജന്റെത് പാര്‍ലമെന്ററി ഭരണ രംഗങ്ങളില്‍ ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ച നേതാവാണ് എം.വി ജയരാജന്‍. ഇതു മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്.
പത്ത് പുതുമുഖങ്ങളാണ് പുതിയതായി ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എം വി നികേഷ് കുമാര്‍, കെ അനുശ്രീ, പി ഗോവിന്ദന്‍, കെപിവി പ്രീത, എന്‍ അനില്‍ കുമാര്‍, സി എം കൃഷ്ണന്‍, മുഹമ്മദ് അഫ്‌സല്‍, സരിന്‍ ശശി, കെ ജനാര്‍ദ്ദനന്‍, സി കെ രമേശന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. വൈകുന്നേരം അഞ്ച് മണിക്ക് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പിന്നാലെ പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
എം വി ഗോവിന്ദന്‍ കാഴ്ചക്കാരന്‍, നിയന്ത്രിച്ചത് മുഖ്യമന്ത്രി
പി. ബിഅംഗമായ മുഖ്യമന്ത്രി തന്നെയാണ് സമ്മേളനത്തില്‍ പങ്കെടുത്ത മേല്‍ കമ്മിറ്റിയെ നിയന്ത്രിച്ചതും പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞതും. സമ്മേളത്തില്‍ വെറും കാഴ്ചക്കാരന്റെ റോളിലായിരുന്നു പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ സ്ഥാനം. ഒടുവില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആരെന്ന ചോദ്യത്തിനും ഉത്തരം നല്‍കിയത് പിണറായി വിജയന്റെ താല്‍പര്യങ്ങള്‍ തന്നെയായിരുന്നു.
വ്യക്തി പൂജാ വിവാദത്തില്‍ പാര്‍ട്ടി മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയ പി. ജയരാജനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ 'പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കാര്യം ശരിവെച്ചതും ശ്രദ്ധേയമായി. ഡി.വൈ.എഫ്.ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് ഉയര്‍ത്തിയ സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പി.ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടപടിയെടുക്കുമെന്ന് വ്യക്തമായ സൂചന നല്‍കി കൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കൃത്യമായി മറുപടി നല്‍കിയത്.
ഏപ്രിലില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പി.ജയരാജനെതിരെ അച്ചടക്കനടപടി വരുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന. ഇതേ സമയം മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം പി.പി ദിവ്യയെ തള്ളിപ്പറഞ്ഞുമാണ് മുഖ്യമന്ത്രി ദിവ്യ യ്ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ മറുപടി പറഞ്ഞത്. ദിവ്യ യ്ക്ക് കാലിടറിയതു കൊണ്ടാണ് പാര്‍ട്ടി നടപടിയെടുത്തത്. കാലിടറുന്ന ഏതു സഖാവിനെതിരെയും അച്ചടക്കനടപടിയെടുക്കുന്നത് സ്വാഭാവികമാണ്. അതു ഒരാളെ ഇല്ലാതാക്കാനല്ല തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയാണെന്നും പിണറായി പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയത് പരാജയ കാരണമായെന്ന ചില അംഗങ്ങളുടെ ആരോപണവും മുഖ്യമന്ത്രി ഖണ്ഡിച്ചിരുന്നു. ആരാണ് മോശം സ്ഥാനാര്‍ത്ഥിയെന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഘടനാ രംഗത്ത് നില്‍ക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂരില്‍ ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായെന്നായിരുന്നു പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. വിജയം ഉറപ്പിച്ച കാസര്‍കോട് മണ്ഡലത്തില്‍ പോലും തോല്‍ക്കാന്‍ ഇതു കാരണമായെന്നും ചിലര്‍ വിമര്‍ശിച്ചു.
എന്നാല്‍ ബാലകൃഷ്ണന്‍ മാസ്റ്ററോ ജയരാജനോ ടീച്ചറമ്മയോ മോശം സ്ഥാനാര്‍ത്ഥിയായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വടകര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ ശൈലജയെ ടീച്ചറമ്മയെന്നു വിശേഷിപ്പിച്ചത് പ്രതിനിധികളില്‍ ചിരി പരത്തി. ഇതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന്‍ പാര്‍ട്ടിയെ നിരന്തരം പ്രതിസന്ധിയിലാക്കുന്നുവെന്ന് മഹിളാ അസോസിയേഷന്‍ ഭാരവാഹി പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശിച്ചു. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം ആത്മകഥാ വിവാദമുണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഡി.സി ബുക്സിന് ആത്മകഥയുടെ ഭാഗങ്ങള്‍ എങ്ങനെ കിട്ടിയെന്ന് അവര്‍ ചോദിച്ചു. ഇതു പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നോയെന്നും അവര്‍ ചോദിച്ചു.
ഇ.പിയുടെ പല നടപടികളും പാര്‍ട്ടിയെ പ്രതിസന്ധിലാക്കുന്നുവെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ത്തിയ ചര്‍ച്ചയില്‍ പല പ്രതിനിധികളും ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിനെതിരെ അതിരൂക്ഷമായി വിമര്‍ശിച്ചും ക്ഷേമ പെന്‍ഷന്‍, പഞ്ചായത്തുകള്‍ക്ക് പ്രവര്‍ത്തന ഫണ്ട് ലഭിക്കാതിരിക്കല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയിലും സമ്മേളന പ്രതിനിധികള്‍ രംഗത്തെത്തി. സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി തന്നെയാണ് മറുപടി പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ ഫണ്ടു നല്‍കാത്തത് കാരണമാണ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.