വരും തിരഞ്ഞെടുപ്പുകളില്‍ തലസ്ഥാനത്ത് കൂടുതല്‍ സീറ്റിനായി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല ലഭിച്ചതിനുശേഷം എന്‍ ശക്തന്‍

വരും തിരഞ്ഞെടുപ്പുകളില്‍ തലസ്ഥാനത്ത് കൂടുതല്‍ സീറ്റിനായി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും

Update: 2025-07-27 09:00 GMT

തിരുവനന്തപുരം: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഡിസിസി പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടാവുമെന്നും അക്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലയ്ക്കും പുതിയ ഡിസിസി പ്രസിഡന്റ് വരുമെന്നും എന്‍ ശക്തന്‍. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല ലഭിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലോട് രവി ഡിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് രാജി വച്ച സാഹചര്യത്തിലാണ് ശക്തന് ചുമതല നല്‍കിയത്.

'ഇപ്പോള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നത് താത്കാലിക ചുമതലയാണ്. ഞാന്‍ ഇപ്പോള്‍ കെപിസിസി വൈസ് പ്രസിഡന്റാണ്. അതുതന്നെ ഉന്നതമായ സ്ഥാനമാണ്. അതിനുപുറമെ ഇതൊരു ഉത്തരവാദിത്തം കൂടിയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നയാള്‍ക്ക് വളരെയേറെ പ്രവര്‍ത്തിക്കാനുള്ള സമയമാണിത്.

പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളയാളെന്ന നിലയിലും ദീര്‍ഘനാളത്തെ പരിചയസമ്പത്തും കണക്കിലെടുത്ത് ഉത്തരവാദിത്തം പൂര്‍ണമായും വിനിയോഗിക്കും. രണ്ട് തിരഞ്ഞടുപ്പുകളിലും തലസ്ഥാന ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിന് ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും'- എന്‍ ശക്തന്‍ വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് ഉച്ചികുത്തി താഴെവീഴുമെന്നും എടുക്കാച്ചരക്കായി മാറുമെന്നുമുള്ള വിവാദ ഫോണ്‍ സംഭാഷണം പാര്‍ട്ടിക്ക് നാണക്കേടായതിന് പിന്നാലെയാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവച്ചത്. വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനോട് പാലോട് രവി കുറച്ചുനാള്‍ മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ജലീലിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കി.

Tags:    

Similar News