പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം; ക്രൈസ്തവര്‍ ഒന്നിച്ചുനിന്നാല്‍ രാഷ്ട്രീയക്കാര്‍ തേടിയെത്തും; താമരശേരി ബിഷപ്പിനോട് വിയോജിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ട്; കേരള കോണ്‍ഗ്രസിനും വിമര്‍ശനം

താമരശേരി ബിഷപ്പിനോട് വിയോജിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ട്

Update: 2025-04-06 12:09 GMT

കോട്ടയം: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ പ്രസ്താവനയോട് വിയോജിച്ച് പാലാ രൂപതാ അധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ക്രൈസ്തവര്‍ തമ്മില്‍ ഒരുമയുണ്ടാവണം. ക്രൈസ്തവര്‍ ഒന്നിച്ചുനിന്നാല്‍ രാഷ്ട്രീയക്കാര്‍ തേടിയെത്തുമെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വഖഫ് നിയമഭേദഗതിയില്‍ കേരള കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ജോസഫ് കല്ലറങ്ങാട്ട് രൂക്ഷമായി വിമര്‍ശിച്ചു. വിലയും വിലയില്ലായ്മയും അറിവും അറിവില്ലായ്മയും വെളിവാക്കുന്നതായിരുന്നു. ജനാധിപത്യപരമല്ലാത്ത നിയമങ്ങള്‍ തിരുത്തുക എന്നതാണ് ആവശ്യം. വഖഫ് ഒരു മതപരമായ പ്രശ്‌നം മാത്രമല്ല സാമൂഹിക പ്രശ്‌നമാണെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സഭയുടെ നിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. വിട്ട് നില്‍ക്കാനും മറ്റ് നിലപാടുകള്‍ എടുക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ കഴിവില്ലാത്തവരെ പോലെ നില്‍ക്കുന്നതാണ് കാണ്ടതെന്ന് അദേഹം പറഞ്ഞു.

നീതികേടുകളെ എതിര്‍ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കഴിയണമെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ക്രൈസ്തവരെയും മുസ്ലീങ്ങളെയും അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുകയാണ്. വോട്ടുവഴി പലരെയും ജയിപ്പിക്കാന്‍ സാധിക്കത്തില്ലങ്കിലും. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടന്ന് അക്രമണങ്ങളും ന്യായീകരിക്കാന്‍ സാധിക്കില്ല. ജബല്‍പൂരില്‍ നടന്ന സംഭവങ്ങള്‍ ആരുടെ പിന്തുണയോടെയാണെന്ന് അറിയാമെന്ന് അദേഹം പറഞ്ഞു. മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടനയോട് കാണിക്കുന്ന അവഗണനയാണിതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

കേരളത്തില്‍ ക്രൈസ്തവ സഭകള്‍ തമ്മില്‍ ഐക്യം ഉണ്ടാകണം. അടുപ്പം ഇല്ലാത്തത് കൊണ്ടാണ് ഈ അവഗണനകള്‍ ഉണ്ടാകുന്നത്. പൊളിറ്റിക്കല്‍ ഗിമ്മിക്‌സ് ആണ് നടക്കുന്നത്. അതുകൊണ്ട് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പാലാ രൂപതാ അധ്യക്ഷന്‍ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.

തലശേരി ബിഷപ്പും താമരശേരി ബിഷപ്പും പറഞ്ഞത്

രാഷ്ട്രീയ പാര്‍ട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ഇന്നലെ പറഞ്ഞിരുന്നു. ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി ആരും തങ്ങളെ കാണണ്ടായെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. വഖഫ് നിയമത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളും അപകടത്തില്‍ പെടുന്നു. മുനമ്പം നിവാസികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായം കേള്‍ക്കരുത് എന്നും പാംപ്ലാനി പറഞ്ഞു.

ബില്ലിനെ അനുകൂലിക്കാന്‍ പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുമുള്ള അനുകൂല നിലപാടല്ല എന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗിക്കണ്ട എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കത്തോലിക്ക സഭ സൂചന നല്‍കിയിരുന്നു.

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ട സാഹചര്യമാണെന്ന് താമരശ്ശേരി ബിഷപ് റമജനിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. വന്യമൃഗ പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നീതി കാണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News