ശശീന്ദ്രന്‍ രാജിവച്ചില്ലെങ്കിലും ഒരു ചുക്കും ചെയ്യാന്‍ ചാക്കോയ്ക്കും പവാറിനും കഴിയില്ല; എന്‍സിപിയുടെ മന്ത്രിമാറ്റത്തില്‍ നിര്‍ണ്ണായകം പിണറായിയുടെ മനസ്സ് മാത്രം; തോമസ് കെ തോമസിന് മന്ത്രിയാകാന്‍ പ്രതിസന്ധികള്‍ ഏറെ

ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ ചാക്കോയ്‌ക്കോ ശരത് പവാറിനോ പോലും ഒന്നും ചെയ്യാനാകില്ല

Update: 2024-09-27 05:33 GMT

കോട്ടയം: എന്‍സിപിയില്‍ ഭിന്നത രൂക്ഷം. എകെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനവും വൈകും. ഒക്ടോബര്‍ നാലിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ മൂന്നിന് കാണാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയെ അറിയിച്ചു. മുഖ്യമന്ത്രിയെ കാണാനായി സമയം ചോദിച്ച ശശീന്ദ്രന്‍ വിഭാഗം നേതാക്കളോടും ഒക്ടോബര്‍ മൂന്നിനേ കേരളത്തിലേക്കു തിരികെ വരികയുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഫലത്തില്‍ ഒരാഴ്ച കൂടി ശശീന്ദ്രന്‍ മന്ത്രിയായി തുടരും. അതിന് ശേഷം എന്തു സംഭവിക്കുമെന്നതും പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അത്ര സങ്കീര്‍ണ്ണമാണ് എന്‍സിപിയിലെ പ്രശ്‌നങ്ങള്‍.

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രിമാറ്റം ഉണ്ടാകില്ലെന്നും സമ്മളനം കഴിയുന്നതുവരെ കാത്തിരിക്കാനുമാകും മുഖ്യമന്ത്രി നിര്‍ദേശിക്കുക എന്നുമാണു ശശീന്ദ്രന്‍ വിഭാഗം കരുതുന്നത്. ശരദ് പവാര്‍ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാന്‍ പറ്റാത്തത് എന്‍സിപി സംസ്ഥാന നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കുറുമാറ്റ നിരോധനത്തില്‍ കുടുങ്ങാതെ എന്‍സിപി വിടാന്‍ ശശീന്ദ്രന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ശശീന്ദ്രന്‍ കോണ്‍ഗ്രസിലേക്ക് (എസ്) മടങ്ങിപ്പോകാനും സാധ്യതയുണ്ട്. കൂറുമാറ്റ നിരോധനത്തില്‍ ശശീന്ദ്രനെ തളയ്ക്കാന്‍ പിസി ചാക്കോ വിഭാഗത്തിന് കഴിയില്ല.

പി.സി.ചാക്കോയെ സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്നു മാറ്റിയാല്‍ തിരികെ വരാം എന്ന ഉപാധിയോടെ അജിത് പവാര്‍ വിഭാഗത്തിലെ ചില നേതാക്കളുമായി ശശീന്ദ്രന്‍ വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അജിത് പവാര്‍ ബിജെപിക്കൊപ്പമാണ്. എന്നാല്‍ ഔദ്യോഗിക എന്‍സിപി അജിത് പവാറും. അതുകൊണ്ട് തന്നെ ശശീന്ദ്രനെ ആയോഗ്യനാ്ക്കാന്‍ അജിത് പവാറിനേ കഴിയൂ. ബിജെപിക്കൊപ്പമുള്ള അജിത് കുമാറിനെ പരസ്യമായി അംഗീകരിക്കാന്‍ ശശീന്ദ്രനും കഴിയില്ല. ചാക്കോയ്ക്കും കേരള രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ അജിത് പവാറിനെ അംഗീകരിച്ചാല്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ചിഹ്നത്തില്‍ ശരത് പവാറിന് അവകാശമില്ലാത്തതിനാല്‍ ആകെ പ്രതിസന്ധിയിലാണ് എന്‍സിപി കേരളാ ഘടകം.

ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ ചാക്കോയ്‌ക്കോ ശരത് പവാറിനോ പോലും ഒന്നും ചെയ്യാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാത്രമാകും ഇതില്‍ നിര്‍ണ്ണായകം. അത് ശശീന്ദ്രനും അറിയാം. അതുകൊണ്ടാണ് ശരത് പവാറിനേയും ചാക്കോയേയും ശശീന്ദ്രന്‍ അംഗീകരിക്കാത്തത്. അജിത് പവാറിനെ പ്രകോപിപ്പിക്കാതെ പാര്‍ട്ടി പിളര്‍ത്തിയാലും ശശീന്ദ്രന് തന്ത്രങ്ങളിലൂടെ മന്ത്രിയായി തുടരാം. അങ്ങനെ വന്നാല്‍ തോമസ് കെ തോമസിന്റെ മന്ത്രി മോഹം വെറുതെയാകും.

മന്ത്രിമാറ്റത്തെ എതിര്‍ത്ത വൈസ് പ്രസിഡന്റ് രാജനെ ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശശീന്ദ്രനെ മാറ്റുന്നതിനെ എതിര്‍ത്ത് തൃശൂരില്‍ യോഗം വിളിച്ചത് വിമത നീക്കമെന്നു കുറ്റപ്പെടുത്തിയാണ് പി.സി.ചാക്കോ നടപടി സ്വീകരിച്ചത്. പാര്‍ട്ടി നടപടിയെ ശശീന്ദ്രന്‍ പരസ്യമായി എതിര്‍ത്തു. ഇതിനു പിന്നാലെ പവാറിന് കത്ത് അയച്ചു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ തീരുമാനങ്ങള്‍ കടുപ്പിക്കാനാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ നീക്കം.

സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശശീന്ദ്രന്റെ ആവശ്യം ചാക്കോ അംഗീകരിക്കുന്നില്ല. രാജന്‍ നടത്തിയത് വിമത പ്രവര്‍ത്തനമാണെന്നും അച്ചടക്ക നടപടി അങ്ങനെ തന്നെ തുടരുമെന്നും ചാക്കോ പറയുന്നു.

Tags:    

Similar News