'പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ, അങ്ങ് തനിച്ചല്ല; അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ'; അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്‌ലക്‌സ്

അരിഞ്ഞ് തള്ളാന്‍ വരുന്നവരുടെ മുന്നില്‍ ഒരു വന്‍മതില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ഉണ്ട്

Update: 2024-09-28 08:27 GMT

മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്ന ഇടത് സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വറിനെ അനുകൂലിച്ച് നിലമ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്. എംഎല്‍എക്ക് പിന്തുണ പ്രഖ്യാപിച്ച് ടാക്‌സി, ഓട്ടോറിക്ഷ, ആംബുലന്‍സ് ഡ്രൈവര്‍മാരാണ് ബോര്‍ഡ് വച്ചത്.

''കേരളത്തില്‍ രാജഭരണം തുടങ്ങിയിട്ട് 8 വര്‍ഷം കഴിഞ്ഞു. രാജാവും ബന്ധുക്കളും പ്രജകളുടെ പിച്ചചട്ടിയില്‍ കയ്യിട്ടു വാരി സ്വന്തം കീശ നിറക്കുമ്പോള്‍ പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാന്‍ ഇറങ്ങിയ ധീരയോദ്ധാവേ അങ്ങ് തനിച്ചല്ല. അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാന്‍ വരുന്നവരുടെ മുന്നില്‍ ഒരു വന്‍മതില്‍ തീര്‍ക്കാന്‍ ഞങ്ങള്‍ ഉണ്ട്. അന്‍വര്‍ നിങ്ങള്‍ ധീരതയോടെ മുന്നോട്ട് പോകൂ. ഭീരുക്കള്‍ പലതവണ മരിക്കും... ധീരനു മരണം ഒറ്റത്തവണ മാത്രം..' എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍ പറയുന്നത്.

നേരത്തെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യപ്രതിഷേധവും ആരോപണങ്ങളുമുയര്‍ത്തിയ അന്‍വറിനെതിരെ സിപിഎം പ്രതിഷേധ മാര്‍ച്ചും കോലം കത്തിക്കലുമടക്കം നടത്തിയിരുന്നു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇന്നലെ വരെ ചേര്‍ത്തുപിടിച്ച ഇടത് എംഎല്‍എക്കെതിരെ നിലമ്പൂരില്‍ പ്രതിഷേധ പ്രകടനം.

നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് പിന്നാലെ പിവി അന്‍വറിന്റെ കോലവും കത്തിച്ചു. ''ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും'' എന്നതടക്കം കടുത്ത ഭാഷയിലാണ് പ്രകടനത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

അതേ സമയം ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പിവി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ചു നിലമ്പൂരില്‍ ഐഎന്‍ടിയുസി ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുമെന്നാണ് ഐഎന്‍ടിയുസിയുടെ ഫ്‌ലക്‌സിലുള്ളത്. അന്‍വര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് മറുപടി വേണ്ടതെന്നും എഡിജിപി -ആര്‍എസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയണമെന്നും ബോര്‍ഡിലുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്‌ലക്‌സ് ബോര്‍ഡിലുണ്ട്. ഐഎന്‍ടിയുസി നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് ബോര്‍ഡ് സ്ഥാപിച്ചത്.

എല്‍ഡിഎഫ് വിട്ട പിവി അന്‍വറിന് രാഷ്ട്രീയ അഭയം നല്‍കുന്നതില്‍ കരുതലോടെ തീരുമാനമെടുക്കാനാണ് യുഡിഎഫ് തീരുമാനം. അന്‍വറിനെ ഉടന്‍ സ്വീകരിക്കുന്നതിന് പകരം തുടര്‍ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം. അതേസമയം, അന്‍വറിന്റെ ആരോപണങ്ങള്‍ ആയുധമാക്കി മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് സമരം ശക്തമാക്കും. അന്‍വര്‍ തുറന്നിട്ടത് സുവര്‍ണ്ണാവസരമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

പക്ഷേ മുഖ്യശത്രു മുഖ്യമന്ത്രിക്കെതിരെ ബോംബിട്ടത് അന്‍വറായതിനാല്‍ ആവേശം വിട്ട് കരുതലോടെയുള്ള നീക്കങ്ങളിലാണ് യുഡിഎഫ്. എല്‍ഡിഫുമായുള്ള ബന്ധം വിട്ടാണ് അന്‍വര്‍ അന്തിമ പോരാട്ടത്തിലേക്ക് എടുത്തു ചാടിയത്. എംഎല്‍എ സ്ഥാനം രാജിവെക്കുന്നുമില്ല. നിയമസഭാസമ്മേളനം നാലിന് തുടങ്ങാനിരിക്കെ യുഡിഎഫിന് അടിച്ചത് ബമ്പര്‍ ലോട്ടറിയാണ്. കാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളാണ് പതിന്മടങ്ങ് ശക്തിയില്‍ അന്‍വര്‍ ഉയര്‍ത്തുന്നത്. രാഷ്ട്രീയസാഹചര്യം അനുകൂലമെന്ന് വിലയിരുത്തുമ്പോഴും അന്‍വറിന് അഭയം നല്‍കുന്നതിലാണ് യുഡിഎഫില്‍ പല നിലപാടുകള്‍.

രാഹുല്‍ ഗാന്ധിക്കെതിരായ ഡിഎന്‍എ പരിശോധന പരാമര്‍ശം അന്‍വര്‍ മയപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സോളാര്‍ കേസ് അട്ടിമറിച്ചതില്‍ എഡിജിപി പണം പറ്റി എന്നടതക്കമുള്ള അന്‍വറിന്റെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനുമപ്പുറം സ്വര്‍ണ്ണക്കടത്തിലെ കാരിയേഴ്‌സിനെ ഇറക്കിക്കളിക്കുന്ന അന്‍വറിനെ പൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. അന്‍വറിനെതിരായ കേസുകളുടെ ബാധ്യത കൂടി ഏറ്റെടുക്കണോ എന്ന പ്രശ്‌നവും യുഡിഎഫിന് മുന്നിലുണ്ട്. ഞായറാഴ്ച അന്‍വര്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയനിലപാട് പരിശോധിച്ചാകും തുടര്‍തീരുമാനം. മുഖ്യമന്ത്രിയുടെ രാജിയ്ക്കായി നാളെ പ്രാദേശിക തലങ്ങളില്‍ പ്രതിഷേധിക്കും. എട്ടിന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും സമരമുണ്ടാകും.

Tags:    

Similar News