പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി ഡിഎംകെ; ബിജെപി ജയിച്ച് കയറാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്ന് പി വി അന്‍വര്‍

പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ പി വി അന്‍വര്‍

Update: 2024-10-23 09:25 GMT

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍. ചേലക്കരയില്‍ എന്‍ കെ സുധീര്‍ സ്ഥാനാര്‍ത്ഥിയായി തുടരും. തീരുമാനം നാല് മണിക്ക് പാലക്കാട് കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും. പാലക്കാട്ടെ സര്‍വേ പൂര്‍ത്തിയായതായി പി വി അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും പി വി അന്‍വര്‍ പാലക്കാട് പറഞ്ഞു.

ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരണം. ഇതോടെ പാലക്കാട് ഡിഎംകെ സ്ഥാനാര്‍ത്ഥി എംഎം മിന്‍ഹാജിനെ ഉടന്‍ ഔദ്യോഗികമായി പിന്‍വലിക്കും. പാലക്കാട് യുഡിഎഫിനെ പരോക്ഷമായി പിന്തുണക്കാനാണ് ഡിഎംകെയുടെ പദ്ധതി.

അതേ സമയം പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം നല്‍കി. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്. അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ സുധീറും ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം ആറര മുതല്‍ എട്ട് വരെയുള്ള സമയത്ത് അന്‍വര്‍ ലീഗ് ഓഫീസില്‍ ചെലവഴിച്ചു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓഫീസില്‍ എത്തിയ അന്‍വറുമായി ലീഗ് നേതാക്കള്‍ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.

Tags:    

Similar News