'പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു കാറില്‍; പോലീസ് തടഞ്ഞതോടെ സുരേഷ് ഗോപിയെ ബലംപ്രയോഗിച്ച് ആംബുലന്‍സില്‍ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു'; വിവാദങ്ങള്‍ക്കിടെ വ്യക്തത വരുത്തി കെ കെ അനീഷ് കുമാര്‍

സുരേന്ദ്രന്‍ പൂരനഗരിയില്‍ ഉണ്ടായിരുന്നില്ല

Update: 2024-10-28 17:37 GMT

തൃശൂര്‍: പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു തന്റെ കാറിലാണെന്നും പൊലീസ് തടഞ്ഞതുകൊണ്ടാണ് ആംബുലന്‍സില്‍ പൂര സ്ഥലത്ത് എത്തിച്ചതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍. തൃശൂര്‍ റൗണ്ടിലേക്കുള്ള 100 മീറ്റര്‍ ദൂരം മാത്രമാണ് ആംബുലന്‍സിലാണ് പോയതെന്നും പൊലീസ് തടഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ എത്തിയത് തന്റെ കാറിലായിരുന്നുവെന്ന് അനീഷ് പറഞ്ഞു. അവിടെവച്ച് പോലീസ് തടഞ്ഞുവെന്നും പിന്നീടുള്ള യാത്ര ആംബുലന്‍സില്‍ ആയിരുന്നുവെന്നും കെ കെ അനീഷ് കുമാര്‍ പറഞ്ഞു.

''6 കിലോമീറ്റര്‍ സുരേഷ് ഗോപി സഞ്ചരിച്ചത് എന്റെ കാറിലാണ്. പിന്നീടൊരു 100 മീറ്റര്‍ മാത്രമാണ് ആംബുലന്‍സില്‍ പോയത്. അത് പൊലീസ് പറഞ്ഞതു കൊണ്ടാണ്. റൗണ്ടിലേക്ക് ആംബുലന്‍സ് മാത്രമേ കടത്തി വിടൂ എന്നാണ് പൊലീസ് അറിയിച്ചത്. അപ്പോള്‍ സേവാഭാരതിയുടെ ആംബുലന്‍സ് റൗണ്ടില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ആംബുലന്‍സില്‍ കയറിയത്. എന്നാല്‍ പൂരനഗരിയില്‍ അദ്ദേഹം വന്നത് കാറില്‍ തന്നെയാണ്. അതാണ് സുരേഷ് ഗോപി പറഞ്ഞതും.'' അനീഷ് കുമാര്‍ പറഞ്ഞു.

സുരേന്ദ്രന്‍ പൂരനഗരിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് കൃത്യമായ വിശദാംശങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും അനീഷ് കുമാര്‍ പറഞ്ഞു. ''വിശദാംശങ്ങള്‍ ഇല്ലാത്തതുകൊണ്ടാവും സുരേന്ദ്രന്‍, സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നു എന്ന് പറഞ്ഞത്. സുരേന്ദ്രന്‍ പ്രസംഗത്തില്‍ ആംബുലന്‍സില്‍ പൂരനഗരിയില്‍ വന്നതിനെ പറ്റി പറഞ്ഞിരുന്നു. ആ പ്രസംഗം കേട്ടാല്‍ താമസിച്ച സ്ഥലം മുതല്‍ പൂരനഗരി വരെ സുരേഷ് ഗോപി വന്നത് ആംബുലന്‍സില്‍ എന്നാണ് തോന്നുക. എന്നാല്‍ അതങ്ങനെയല്ല എന്ന് വ്യക്തമാക്കുകയാണ് സുരേഷ് ഗോപി ചെയ്തത്.'' അനീഷ് കുമാര്‍ പറഞ്ഞു.

ബലംപ്രയോഗിച്ച് ആംബുലന്‍സില്‍ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു. അതാണ് ചേലക്കരയിലെ പ്രസംഗത്തില്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞതില്‍ അവ്യക്തതയില്ലെന്ന് കെ കെ അനീഷ് കുമാര്‍ പറഞ്ഞു. പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. ചേലക്കരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പ്രതികരണം.

ജില്ലാ അധ്യക്ഷന്റെ കാറിലാണ് പൂരപ്പറമ്പില്‍ എത്തിയതെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. പൂരം കലക്കല്‍ സിപിഐഎമ്മിന് ബുമറാങ് ആകുമെന്നും പൂരം നടത്തി കാണിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ആംബുലന്‍സില്‍ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളില്‍ ആണോ വന്നതെന്ന് പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

പൂരം കലക്കല്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ചങ്കൂറ്റമുണ്ടെങ്കില്‍ സിബിഐയെ വിളിച്ചു വരുത്തണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയിട്ടില്ലെന്ന് ഒരു മഹാന്‍ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ആണ് എഫ്‌ഐആര്‍ ഇട്ടത്. ഇതില്‍ ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് സുരേഷ് ഗോപി ചോദിച്ചു. ജനകീയ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

Tags:    

Similar News