'ഒരേ ആള്‍ തന്നെ ആവര്‍ത്തിച്ച് സ്ഥാനാര്‍ഥിയായത് പ്രതിസന്ധി; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച പാലക്കാട്ടെ പരാജയത്തിന് കാരണമായി; ശോഭ സുരേന്ദ്രനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല'; ബിജെപി നേതൃത്വത്തിന് എതിരെ തുറന്നടിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ

ബിജെപി നേതൃത്വത്തിന് എതിരെ തുറന്നടിച്ച് പാലക്കാട് നഗരസഭ അധ്യക്ഷ

Update: 2024-11-25 07:10 GMT

പാലക്കാട്: പാലക്കാട്ടെ കനത്ത തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. ഒരേ ആള്‍ തന്നെ ആവര്‍ത്തിച്ച് സ്ഥാനാര്‍ഥിയായത് പ്രതിസന്ധിയായി. സി. കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി നിന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു. നഗരസഭ ഭരണത്തില്‍ പാളിച്ചയില്ലെന്നും പ്രമീള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാര്‍ഥി നിന്നതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നു. അതൃപ്തി മറികടന്നാണ് തങ്ങള്‍ പ്രചാരണത്തിന് പോയതെന്നും പ്രമീള ശശിധരന്‍ വ്യക്തമാക്കി.

ബിജെപിയുടെ പരാജയത്തിന് പിന്നില്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും പ്രമീള പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സി കൃഷ്ണകുമാറിനൊപ്പം നിന്നു. ജനങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് സുരേന്ദ്രനെ അറിയിച്ചിരുന്നുവെന്നും പ്രമീള പറയുന്നു.

നഗരസഭയിലെ മുഴുവന്‍ ബിജെപി കൗണ്‍സിലര്‍മാരും പ്രചരണത്തിന് മുന്നിലുണ്ടായിരുന്നു. നഗരസഭ വോട്ടുകള്‍ കുറഞ്ഞുവെന്ന് പറയാനാകില്ല.സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ വരുമ്പോള്‍ തന്നെ ഒരേ സ്ഥാനാര്‍ഥി വേണ്ടെന്ന് ഉന്നതനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ല. വേറെ സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ ജയസാധ്യത കൂടിയേനെ. ഇപ്പോഴത്തെ തോല്‍വിയില്‍ നഗരസഭയെ പഴിക്കുന്നതില്‍ യുക്തിയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് നിലപാട് ശരിയല്ല. 1500 വോട്ട് മാത്രമാണ് കുറഞ്ഞത് ഇതില്‍ നോട്ടയുമുണ്ട്. ജനവിധിയെ ബഹുമാനിക്കുന്നു. എന്തു കൊണ്ട് കൃഷ്ണകുമാറിന്റെ വോട്ട് കുറഞ്ഞുവെന്ന് പാര്‍ട്ടി അന്വേഷിക്കട്ടെ.- പ്രമീള വ്യക്തമാക്കി

ശോഭ സുരേന്ദ്രന്‍ വോട്ട് ചോദിക്കാന്‍ രംഗത്തിറങ്ങിയെന്നും ശോഭയെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും പ്രമീള കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങളും നഗരസഭാധ്യക്ഷ തള്ളി.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരാള്‍ പറഞ്ഞാല്‍ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കാന്‍ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കില്‍ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാര്‍ഥിയെ കുറിച്ച് പരാതി വന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയത്. ബി.ജെ.പി ജയിക്കേണ്ടതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍, ജനവിധി എതിരായെന്നും പ്രമീള ചൂണ്ടിക്കാട്ടി.

സി. കൃഷ്ണകുമാറിന് സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി. കൃഷ്ണകുമാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി രാജിവെക്കുമോ തനിക്കറിയില്ല. കേന്ദ്ര, സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു.

സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും പാലക്കാട് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിനെതിരെയും വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തോല്‍വിയില്‍ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളിയാണ് ശിവരാജന്റെ വിമര്‍ശനം.

'തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗണ്‍സിവര്‍മാരുടെ തലയില്‍ കെട്ടിവയ്ക്കേണ്ട. പ്രഭാരി രഘുനാഥ് എസി മുറിയില്‍ കഴിയുകയായിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആറ് മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമില്‍ ഉറങ്ങല്‍ അല്ല. കൗണ്‍സിലര്‍മാര്‍ അല്ല തോല്‍വിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാന്‍ ആകാത്ത ആള്‍ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റ ആസ്തി പരിശോധിക്കാം. എനിക്ക് വസ്തുക്കച്ചവടം ഇല്ല' എന്നായിരുന്നു ശിവരാജന്‍ പ്രതികരിച്ചത്.

Tags:    

Similar News