നഗരസഭാപരിധിയില്‍ വോട്ടുകുറഞ്ഞിട്ടില്ല; അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല; ആസ്തി പരിശോധിക്കാമെന്നും സി കൃഷ്ണകുമാര്‍; എന്‍ ശിവരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി രഘുനാഥ്

എന്‍ ശിവരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി പി രഘുനാഥ്

Update: 2024-11-25 08:51 GMT

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍. ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാര്‍ പ്രതികരിച്ചു.

ബി.ജെ.പിയില്‍ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തന്നേക്കാള്‍ കഴിവുറ്റ നിരവധിപേര്‍ പാര്‍ട്ടിയിലുണ്ട്. പക്ഷേ സ്ഥാനാര്‍ഥിയാകണമെന്ന് സംസ്ഥാന ഘടകവും കേന്ദ്രനേതൃത്വവും നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു സാധാരണ പ്രവര്‍ത്തകനെന്ന നിലയില്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ജെ.പി നദ്ദയും ഉള്‍പ്പെട്ട ഒരു പാര്‍ലമെന്ററി ബോര്‍ഡാണ് അസംബ്ലി സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. പാര്‍ട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിച്ചാല്‍ അത് അച്ചടക്കത്തോടെ നിര്‍വഹിക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

'നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാരെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെയും ഏല്‍പിച്ച ഉത്തരവാദിത്തം കൃത്യമായി അവര്‍ നിര്‍വഹിച്ചിട്ടുണ്ട്. നഗരസഭാ പരിധിയില്‍ ഒരുശതമാനം പോലും വോട്ടു കുറഞ്ഞിട്ടില്ല. കൃത്യമായ വിലയിരുത്തല്‍ യോഗം നടത്താന്‍ പോകുന്നതേയുള്ളൂ. ദേശീയ നേതൃത്വത്തിന് പരാതി കൊടുത്തുവെന്നത് തെറ്റായ വാര്‍ത്തയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിലാണ് നല്‍കിയത്. എന്‍ ശിവരാജന്‍ കണ്ടുകാണില്ലെന്നും ശിവരാജന് വേണമെങ്കില്‍ അത് നോക്കാമെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘുനാഥിനെതിരെയും സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിനെതിരേയും വിമര്‍ശനവുമായാണ് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തിയത്. തോല്‍വിയില്‍ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളിയാണ് ശിവരാജന്റെ വിമര്‍ശനം ഉണ്ടായത്.

തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയില്‍ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണമെന്ന് 6 മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമില്‍ ഉറങ്ങല്‍ അല്ലെന്നും ശിവരാജന്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ അല്ല തോല്‍വിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാന്‍ ആകാത്ത ആള്‍ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജന്‍ പറഞ്ഞിരുന്നു.

അതേ സമയം പാലക്കാട് ഒരു ഭൂകമ്പവും നടന്നിട്ടില്ലെന്നായിരുന്നു പി രഘുനാഥ് പറഞ്ഞത്. ഒന്നര ശതമാനം വോട്ട് മാത്രമേ ബിജെപിക്ക് കുറഞ്ഞിട്ടുള്ളൂ. ശിവരാജന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് പി രഘുനാഥ് പറഞ്ഞു.

അതേസമയം, തോല്‍വിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് ബിജെപി കൗണ്‍സിലര്‍മാര്‍. നഗരസഭ ചെയര്‍മാന്‍ പ്രമീള ശശിധരന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കുന്നതില്‍ പ്രതിഷേധം അറിയിക്കാനാണ് കൗണ്‍സിലര്‍മാരുടെ തീരുമാനം. സ്വന്തം ഭാര്യയുടെ വാര്‍ഡില്‍ പോലും വോട്ട് കുറഞ്ഞതെങ്ങനെയെന്നാണ് കൗണ്‍സിലര്‍മാരുടെ ചോദ്യം.

Tags:    

Similar News