വൈസ് ചാന്‍സിലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ല; കെടിയു താത്ക്കാലിക വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി; സര്‍ക്കാരിന് തിരിച്ചടി; വിസി ശിവപ്രസാദിന് നോട്ടീസ് അയച്ചു

കെടിയു താല്‍ക്കാലിക വിസി നിയമനത്തില്‍ സ്റ്റേ വേണമെന്ന ആവശ്യം തള്ളി

Update: 2024-11-28 13:51 GMT

കൊച്ചി: എപിജെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. കെ ശിവപ്രസാദിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പ്രത്യേക ദൂതന്‍ വഴി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു. താല്‍ക്കാലിക വിസിയെ നിയമിച്ച ചാന്‍സലറുടെ നടപടി ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി.

സര്‍ക്കാര്‍ പട്ടികയില്‍ നിന്നും നിയമനം വേണമെന്ന സര്‍വ്വകലാശാല ചട്ടം ഗവര്‍ണര്‍ ലംഘിച്ചെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ പാനലില്‍ യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നില്ലെന്നും സര്‍വ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നല്‍കി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. വൈസ് ചാന്‍സിലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ സ്റ്റേ ആവശ്യം നിരസിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഡോ.കെ ശിവപ്രസാദിനോട് നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കപ്പുറം ഇതിന്‍മേല്‍ ഹൈക്കോടതി വിശദമായ വാദം കേട്ട് തീരുമാനമെടുക്കുകയും ചെയ്യും.

കെടിയു വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ വിസി ഡോ. സജി ഗോപിനാഥ് കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് പ്രഫ. കെ.ശിവപ്രസാദിന് ചുമതല നല്‍കിയത്. കെടിയുവിലേക്ക് ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.പി.ആര്‍.ഷാലിജ്, ഡോ.വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്.

സര്‍ക്കാര്‍ നല്‍കിയ പട്ടികയ്ക്ക് പുറത്തുനിന്ന് കേരള സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ നിയമിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു.

സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നു മാത്രമേ കെടിയു താല്‍ക്കാലിക വിസിയെ നിയമിക്കാവൂയെന്നും ഇതുസംബന്ധിച്ച മുന്‍ വിധിയില്‍ കൂടുതല്‍ വ്യക്തതയുടെ ആവശ്യമില്ലെന്നും ആവര്‍ത്തിച്ചുറപ്പിച്ച് ഹൈക്കോടതി ഗവര്‍ണറുടെ ഹര്‍ജി തീര്‍പ്പാക്കി. ഇതിനുപിന്നാലെയാണ് ഡോ കെ ശിവപ്രസാദിനെ താല്‍ക്കാലിക വിസി ആക്കി ഗവര്‍ണര്‍ നിയമിച്ചത്. ഇത് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Tags:    

Similar News