പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണം; ക്രിമിനലുകളെ സംരക്ഷിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമായ സിപിഎം കേരളത്തിന് അപമാനം; അന്‍വറിന് പിന്തുണ; യുഡിഎഫ് വിപൂലികരത്തിലും പ്രതികരണം; സിപിഎമ്മിനെ കടന്നാക്രമിച്ച് വിഡി സതീശന്‍
പറവൂര്‍: കൊല്ലാനും കൊല്ലിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമാണ് സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെരിയയില്‍ രണ്ട് കുട്ടികളെ കൊന്ന ക്രിമിനലുകളെ ജയിലിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്തൊരു പാര്‍ട്ടിയാണിത്? കൊന്നവനെ സംരക്ഷിക്കാന്‍ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. രണ്ട് കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെയാണ് ജയിലിന് മുന്നില്‍ സ്വീകരിച്ചത്. പി. ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് ഉടന്‍ പുറത്താക്കണം. ക്രിമിനലുകളെ സംരക്ഷിക്കാന്‍ CPM ന് നാണമില്ലേ ? ഇവര്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നത്? ഈ നൂറ്റാണ്ടിലാണോ ഇവര്‍ ജീവിക്കുന്നത്? സി.പി.എം കേരളത്തിന് അപമാനമാണെന്നും സതീശന്‍ പറഞ്ഞു.
കൊലയാളികള്‍ക്ക് പാര്‍ട്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. വി.ഐ.പി ട്രീറ്റ്‌മെന്റാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ജയില്‍മുറി കൂടി എ.സിയാക്കി കൊടുക്കൂ. ഇതിനൊക്കെ ജനം മറുപടി ചോദിക്കും. സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടര്‍ച്ചയാകുന്നു. സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍ക്കുന്നു. ഇതിനൊപ്പം വനനിയമത്തിലെ ഭേദഗതി കൂടിയായപ്പോള്‍ ആ മേഖലയില്‍ വല്ലാത്ത ഒരു അരഷിതാവസ്ഥയുണ്ട്. സ്വാഭാവികമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസും മറ്റ് ഉദ്യോഗസ്ഥരും നയപരമായ സമീപനം സ്വീകരിക്കണം. പി.വി അന്‍വറിന്റെ നിയോജക മണ്ഡലത്തില്‍ ഒരാളെ ആന ചവിട്ടി കൊല്ലുമ്പോള്‍ എം.എല്‍.എയ്ക്ക് ജനങ്ങള്‍ക്കൊപ്പമേ നില്‍ക്കാനാകൂ. അതിന്റെ പേരില്‍ വീട് വളഞ്ഞ് ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യുന്നതിനോട് യോജിക്കില്ല.
എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ആളാണ് എന്നതുകൊണ്ട് പി.വി അന്‍വറിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തതിനോട് യോജിക്കില്ല. നിയമസഭ തല്ലി തകര്‍ത്തവര്‍ മന്ത്രിയും എം.എല്‍.എയുമായി ഇപ്പോഴും ഉണ്ടല്ലോ. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ? വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിന്റെ പാതയിലാണ്. കഴിഞ്ഞ യു.ഡി.എഫ് യോഗം മലയോര ജാഥ തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തും. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് തരണം. മാധ്യമങ്ങള്‍ ഓരോരുത്തരെ രാവിലെ യു.ഡി.എഫില്‍ എടുക്കും. എന്നിട്ട് ഉച്ചയ്ക്ക് ഞങ്ങളോട് ചോദിക്കും. ദയവായി മാധ്യമങ്ങള്‍ അങ്ങനെ ചെയ്യരുത്. സമയമാകുമ്പോള്‍ എല്ലാം നിങ്ങളോട് പറയും.
പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി ചര്‍ച്ച ചെയ്യില്ല. അത് രാഷ്ട്രീയമായി എടുക്കേണ്ട നിലപാടാണ്. മുന്നണിയില്‍ ഒരു കക്ഷിയെ എടുക്കണമെങ്കില്‍ യു.ഡി.എഫാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ചയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന് നീതി കിട്ടിയില്ല. കേരള പോലീസിന്റെ കയ്യില്‍ നിന്ന് നീതി കിട്ടുമെന്ന് അവര്‍ക്കോ ഞങ്ങള്‍ക്കോ പ്രതീക്ഷയില്ല-സതീശന്‍ കൂട്ടിച്ചേര്‍ത്തു.