പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ല; നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെയെന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്ന് കെ സുധാകരന്‍; മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ് നേതൃത്വം
നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെയെന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്ന് കെ സുധാകരന്‍
ന്യൂഡല്‍ഹി: പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ലെന്നും അനുകൂലിക്കേണ്ട സ്ഥിതിയില്‍ അല്ല അന്‍വറുള്ളതെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി ആര് എന്നതടക്കം യുഡിഎഫ് ചര്‍ച്ച ചെയ്യും. നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെ എന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇപ്പോഴുള്ളത് അസ്വാഭാവികമായ സാഹചര്യമാണ്. അതിനെ തന്ത്രപരമായി കൈകാര്യം ചെയ്യും. അന്‍വറിന്റെ നിര്‍ദേശം തള്ളാനും കൊള്ളാനും ഇല്ല. അന്‍വറിന്റേത് അന്‍വറിന്റെ മാത്രം അഭിപ്രായമാണ്. അന്‍വറിന് എതിരും അനുകൂലവും അല്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിനെയും ഡിസിസി പ്രസിഡണ്ട് ജോയിയെയും എതിര്‍ചേരിയിലാക്കി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാനാണ് അന്‍വറിന്റെ നീക്കം. നിലമ്പൂര്‍ ഇനി തിരികെ ലഭിക്കില്ലെന്ന് അന്‍വറിന് അറിയാം. യുഡിഎഫില്‍ കയറിപ്പറ്റിയാല്‍ പാലക്കാട്ടെ ഒരു മണ്ഡലം ലക്ഷ്യമീട്ട് നീങ്ങാനാണ് അന്‍വര്‍ ആലോചിക്കുന്നത്.
രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന പ്രചാരണമുണ്ടെങ്കിലും യാതൊരു ഉറപ്പും ലഭിച്ചില്ലെന്നാണ് സൂചന. ഇന്ത്യാ മുന്നണിയുടെ പേരില്‍ യുഡിഎഫില്‍ പ്രവേശിക്കാമെന്നാണ് അന്‍വര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പക്ഷെ കോണ്‍ഗ്രസില്‍ സുധാകരനും ചെന്നിത്തലയ്ക്കുമുള്ള താല്പര്യം സതീശനില്ല.
തൃണമൂലിനെ കേരളത്തില്‍ സജീവമാക്കാന്‍ ആദ്യഘട്ടത്തില്‍ രണ്ടാംനിര നേതാക്കളെയും പിന്നീട് മമതെയും പങ്കെടുപ്പിച്ച് റാലികളാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. തൃണമൂല്‍ ഒരു ഇടക്കാല താവളം ആണെന്ന ചര്‍ച്ചയും അന്‍വര്‍ ക്യാംപിലുണ്ട്. തെരഞ്ഞെടുപ്പടുമ്പോള്‍ രാഷ്ട്രീയ സാഹചര്യം മാറുമെന്നും സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ എല്ലാ വഴികളും യുഡിഎഫ് തേടുമെന്നും വാതില്‍ തുറക്കുമെന്നും അന്‍വര്‍ കരുതുന്നു. അപ്പോള്‍ ലീഗിന്റെ പിന്തുണ കിട്ടുമെന്നും അന്‍വര്‍ കരുതുന്നുണ്ട്.
എംഎല്‍എ സ്ഥാനം രാജിവെച്ച് നിലമ്പൂരില്‍ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചെങ്കിലും മറുപടി നല്‍കാതെ അന്‍വറിനെ അവഗണിച്ച് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം.
തൃണമൂല്‍ വഴി യുഡിഎഫ് പ്രവേശനമാണ് അന്‍വറിനറെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ്, താന്‍ എല്‍ഡിഎഫിന്റെ ഭാഗമായിരിക്കെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും അഴിമതിയാരോപണമടക്കം ഉന്നയിക്കുകയും ചെയ്ത രാഹുല്‍ ഗാന്ധിയോടും വി.ഡി സതീശനോടും മാപ്പ് പറഞ്ഞത്. നിലമ്പൂരില്‍ മത്സരിക്കില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചു.
അന്‍വര്‍ ഒരുപാട് അയഞ്ഞെങ്കിലും മുന്നണിയിലെടുക്കാന്‍ ഇനിയും ഏറെ കാത്തിരിക്കണം. പ്രധാന കാരണം അന്‍വറിന്റെ ശൈലിയും തീരുമാനങ്ങളുമാണ്. നിലവില്‍ വരുതിയിലേക്ക് വരുമെന്ന സൂചന നല്‍കുമ്പോഴും നാളെ എന്തായിരിക്കും സ്ഥിതിയെന്നതില്‍ കോണ്‍ഗ്രസിന്റെ ആശങ്ക മാറിയിട്ടില്ല. പോകുന്ന പോക്കില്‍ പാര്‍ട്ടിയില്‍ പുതിയ തര്‍ക്കത്തിന് തുടക്കമിട്ട് നിലമ്പൂരില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചതിലും അമര്‍ഷമുണ്ട്.
പക്ഷെ അന്‍വറിനോട് മൃദുസമീപനമുള്ള നേതാക്കള്‍ അതില്‍ പ്രശ്‌നം കാണുന്നില്ല. ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപനം വന്ന് മതി അന്‍വര്‍ വിഷയത്തില്‍ തീരുമാനമെന്ന് നിലയ്ക്കാണ് കോണ്‍ഗ്രസിലെ നീക്കങ്ങള്‍.
നിലമ്പൂര്‍ വിടുമെന്ന് പറയുമ്പോഴും യുഡിഎഫിലെത്തി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തവനൂര്‍ അടക്കമുള്ള മറ്റ് സീറ്റുകളില്‍ അന്‍വറിന് കണ്ണുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സിപിഎമ്മിലെ ഉന്നതര്‍ ആവശ്യപ്പെട്ട വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും നേതൃത്വം അവഗണിച്ചുവിടുകയാണ്. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നോക്കി പുതിയ അടവുനയത്തിനുള്ള ആലോചന സിപിഎമ്മിലുണ്ട്.