'പി.വി അന്‍വര്‍ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നു; അന്‍വറിന്റെ പരാമര്‍ശം പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കും'; പി.വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസയച്ച് പി ശശി
പി.വി അന്‍വറിന് വക്കീല്‍ നോട്ടീസയച്ച് പി ശശി
തിരുവനന്തപുരം: പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോടു കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പി. ശശി പറഞ്ഞു. നിയമസഭയില്‍ 150 കോടിയുടെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പറഞ്ഞിട്ടാണെന്ന അന്‍വറിന്റെ പരാമര്‍ശത്തില്‍ അന്‍വറിനെതിരേ പി ശശി വീണ്ടും വക്കീല്‍ നോട്ടീസയച്ചു. ഇത് നാലാമത്തെ വക്കീല്‍ നോട്ടീസാണ് അന്‍വറിനെതിരേ അയക്കുന്നത്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടെന്നായിരുന്നു അന്‍വറിന്റെ ആരോപണം.
പി.ശശിക്കെതിരേയും എ.ഡി.ജി.പി അജിത്കുമാറിനെതിരേയും കലാപക്കൊടിയുയര്‍ത്തി പി.വി അന്‍വര്‍ പുറത്തുവന്ന ശേഷം തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിലെല്ലാം ശശി വക്കീല്‍നോട്ടീസയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് കോടതികളില്‍ നടന്നുവരുന്നതിനിടെയാണ് വീണ്ടും വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. പി.ശശി എഴുതിക്കൊടുത്ത പ്രകാരമാണ് നിയമസഭയില്‍ വി.ഡി സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും ഇതില്‍ വി.ഡി സതീശനോട് മാപ്പ് പറയുന്നുവെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചശേഷം പി.വി അന്‍വര്‍ നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേയാണ് ഇപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറയണമെന്നും പിന്‍വലിക്കണമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്‍വറിന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ ദിവസം പി.ശശി പ്രതികരികരിച്ചിരുന്നു. അന്‍വറിന്റെ അടിസ്ഥാന രഹിതവും ദുരുദ്ദേശ്യത്തോടുകൂടിയതുമായ ആരോപണത്തിനെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
'പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്. നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. ഇതിനുമുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എനിക്കെതിരെ അന്‍വര്‍ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പ്രസ്തുത കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയത്തതിന്റെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി.വി അന്‍വര്‍. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അന്‍വറിന്റെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്'- പി. ശശി പറഞ്ഞു.