'വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല; മലപ്പുറത്തെ പ്രസംഗം രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ; യാഥാര്‍ത്ഥ്യം വെച്ചുകൊണ്ടാണ് ലീഗിനെതിരെ പ്രതികരണം'; വെള്ളാപ്പള്ളിയെ ന്യായികരിച്ച് മുഖ്യമന്ത്രി; എസ് എന്‍ ഡി പിയെ വളര്‍ച്ചയിലേക്ക് നയിച്ചെന്നും പ്രതികരണം

വെള്ളാപ്പള്ളിയെ ന്യായികരിച്ച് മുഖ്യമന്ത്രി

Update: 2025-04-11 13:24 GMT

ചേര്‍ത്തല: മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശനെ ന്യായികരിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെ വെള്ളാപ്പള്ളി പറഞ്ഞതിനെ ആ പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗിനെതിരെ പറഞ്ഞത് ഒരു പ്രത്യേക വിരോധമോ മമതയോ വെച്ചുകൊണ്ടല്ല. യാഥാര്‍ത്ഥ്യം വെച്ചുകൊണ്ടാണ് രാഷ്ട്രീയപ്പാര്‍ട്ടിക്കെതിരെ പറഞ്ഞത്. ആ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ അതിനെതിരെ വന്നു. അതാണ് സംഭവിച്ചത്. അത് മനസ്സില്‍ വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

വെള്ളാള്ളിക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിന്റെ നാക്കിനുണ്ട്. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയര്‍ത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാല്‍ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാര്‍ട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാര്‍ട്ടിക്ക് വേണ്ടി ചിലര്‍ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയില്‍ എത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മാഭിമാനത്തോടെ തലയുയര്‍ത്തി പിടിച്ച് നില്‍ക്കാന്‍ എസ്എന്‍ഡിപി യോഗം അംഗങ്ങള്‍ക്ക് ആശയും ആവേശവും നല്‍കി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴില്‍ എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും വളര്‍ന്നു. രണ്ട് സംഘടനകളുടെ നേതൃത്വം ഒരേ സമയം നിര്‍വഹിച്ച്, ഒന്നിനൊന്നു മെച്ചപ്പെട്ട നിലയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം തയ്യാറായി. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സംഘടനയാണ് എസ്എന്‍ഡിപി. അതിനെ മുപ്പത് വര്‍ഷം നയിച്ചത് അപൂര്‍വതയാണ്. കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓര്‍ക്കണം. വെള്ളാപ്പള്ളിക്ക് കീഴില്‍ എസ്എന്‍ഡിപി യോഗവും എസ്എന്‍ ട്രസ്റ്റും വളര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുവിന്റെ ചിന്തകള്‍ക്ക് പ്രസക്തി ഉള്ള കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു എതിര്‍ത്തതിനെ ഒക്കെ തിരിച്ചു കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. കുപ്രചരണങ്ങള്‍ നടത്തി സാഹോദര്യം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മതപരമായ ആഘോഷങ്ങള്‍ ചിലര്‍ അക്രമത്തിനുള്ള അവസരമാക്കുന്നു. പള്ളിമുറ്റത്ത് ഉള്‍പ്പടെ പൊങ്കാല ഇടുന്നത് നമ്മുടെ മുന്നില്‍ ഉണ്ട്. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. ജാതി പറയുന്നതില്‍ ചിലര്‍ അഭിമാനം കൊള്ളുന്നു. ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. ഇവിടെ ജാതി ചോദിക്കാന്‍ ചിലര്‍ പറയുന്നു. നാടിനെ പിന്നോട്ട് നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ലക്ഷ്യം. ഇതിനെതിരെ എസ്എന്‍ഡിപി ശക്തമായി ഇടപെടണം.

Tags:    

Similar News