മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പണം തരാമെന്ന് വീട്ടിലെത്തി വാഗ്ദനം ചെയ്തു; പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബിജെപി നേതാക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ഗൂഢാലോചന നടത്തിയെന്ന് വി കെ ശ്രീകണ്ഠന്‍; രാഹുല്‍ ഗാന്ധി മത്സരിച്ചാലും ബിജെപി ജയിക്കുമെന്ന് പ്രശാന്ത് ശിവന്‍
പാലക്കാട്: പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചെന്ന് പരാതി. അമ്പതാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് കെ യുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചെന്നാണ് പരാതി. മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പണം തരാമെന്ന് നേതാക്കള്‍ വീട്ടിലെത്തി വാഗ്ദനം ചെയ്‌തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നിലവിലെ സ്ഥാനാര്‍ത്ഥിയും കൗണ്‍സിലറും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠന്‍ എം. പി ആരോപിച്ചു.
വി കെ ശ്രീകണ്ഠന്‍ രമേശിന്റെ വീട്ടിലെത്തി സംസാരിച്ചു. പാലക്കാട് നോര്‍ത്ത് പൊലീസ് രമേശിന്റെയും- കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രമേശന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. തുടര്‍ന്ന് വികെ ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ളവരെ രമേശന്‍ വിവരം അറിയിക്കുകയായിരുന്നു. 50-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പതിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. നിലവില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ മത്സരം നടക്കുന്നത്.
കോണ്‍ഗ്രസിന് പാലക്കാട് വെപ്രാളമാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറച്ചുവെക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ആരോപണത്തിന് പിന്നില്‍. ആരോപണം അടിസ്ഥാന രഹിതം. 50 ആം വാര്‍ഡില്‍ ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല. യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് നിന്നാല്‍ അവിടെ 100 വോട്ട് കിട്ടില്ല. ശ്രീകണ്ഠന്‍ അല്ല രാഹുല്‍ ഗാന്ധി മത്സരിച്ചാലും 50 ആം വാര്‍ഡില്‍ ബിജെപി ജയിക്കും. എതിരാളികള്‍ ഉണ്ടാവണമെന്നാണ് ബിജെപിയുടെ ആഗ്രഹം. സ്ഥാനാര്‍ത്ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത് വിടാന്‍ പാലക്കാട് എംപിയെ വെല്ലുവിളിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ ജാള്യത മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് പല ശ്രമങ്ങള്‍ നടത്തുന്നുവെന്നും പ്രശാന്ത് ശിവന്‍ ആരോപിച്ചു. പാലക്കാട് നഗരസഭയിലെ 50-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമമെന്നാണ് ആരോപണം. യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് കെയുടെ വീട്ടിലേക്ക് പണവുമായി ബിജെപി നേതാക്കള്‍ എത്തിയെന്നാണ് പരാതി. നിലവിലെ ബിജെപി സ്ഥാനാര്‍ഥിക്കും കൗണ്‍സിലര്‍ക്കും എതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
എന്നാല്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ആശംസ അറിയിക്കാനാണ് വീട്ടിലെത്തിയതെന്നുമാണ് കൗണ്‍സിലര്‍ ജയലക്ഷ്മി പ്രതികരിച്ചത്. ബിജെപി കൗണ്‍സിലറും സ്ഥാനാര്‍ത്ഥിയും പോയത് വോട്ട് പോദിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനും പ്രതികരിച്ചു. പരാജയ ഭീതി മൂലമാണ് ഇത്തരംപ്രചരണം. 50 ആം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കേണ്ട സാഹചര്യം ബിജെപിക്കില്ല. അവിടെ തെരഞ്ഞെടുപ്പ് നടന്നാലും ഏകപക്ഷീയമായ വിജയമാണ് തങ്ങള്‍ക്കെന്നും രാത്രിയായാലും പകലായാലും പോയത് വോട്ട് ചോദിക്കാന്‍ വേണ്ടിയാണെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
