ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ നീക്കം; മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണമെന്നും വി ഡി സതീശന്‍
കൊച്ചി: വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വികസന നേട്ടങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ വീടുകളില്‍ എത്തിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാരെ വോളന്റിയര്‍മാരാക്കി അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പണം നല്‍കുന്നത് വഴി രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ കത്ത് പുറത്തുവന്നിട്ടുണ്ട്. പത്ത് വര്‍ഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചോദിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
സര്‍ക്കാര്‍ ചെലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും ഖജനാവില്‍ നിന്ന് ഇതിനായി ചിലവഴിക്കുന്ന പണം പാര്‍ട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കാന്‍ ഏതറ്റം വരെയും നിയമയുദ്ധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്കല്‍ ബോഡികളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സിഐടിയുവിന്റെ അപേക്ഷ പരിഗണിച്ചുള്ള ഈ നീക്കം കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. എന്നാല്‍ ഈ കേസില്‍ എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും തന്ത്രി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ അന്വേഷണ സംഘത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുന്‍ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. നാളെ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം. അന്വേഷണം സുതാര്യമാകണമെന്നും നിയമം അതിന്റെ വഴിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലത്തീന്‍ സഭ ഇടപെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലത്തീന്‍ സഭ ഒരിക്കലും അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും കെപിസിസി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മേയറെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സമുദായങ്ങളെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
