സഭകളുടെ അതൃപ്തി മാറ്റാന്‍ അനുനയ നീക്കം; ലത്തീന്‍ സഭ കൊച്ചി രൂപതാ ആസ്ഥാനത്തെത്തി ജോസ് കെ മാണി; ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി നിര്‍ണായക കൂടിക്കാഴ്ച; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും; ഇടത് പാളയത്തില്‍ ഉറച്ചുനില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം
കൊച്ചി: മുന്നണി മാറ്റത്തെ കുറിച്ചുളള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി എംപി ലത്തീന്‍ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി. കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. ലത്തീന്‍ സഭയുമായുള്ള അനുനയനീക്കത്തിന്റെ ഭാഗമായാണ് ജോസ് കെ മാണിയുടെ സന്ദര്‍ശനമെന്നാണ് സൂചന. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും പറഞ്ഞെങ്കിലും പാര്‍ട്ടിയെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ സാഹചര്യം സഭ നേതാക്കളെ അറിയിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സൂചന.
ഫോര്‍ട്ട് കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലിനെ ജോസ് കെ. മാണി കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറിലേറെ നേരെ നീണ്ടുനിന്നു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമൊന്നുമില്ലെന്നായിരുന്നു ബിഷപ്പും ജോസും മാധ്യമങ്ങളോട് പറഞ്ഞത്. മാണി ഗ്രൂപ്പിനെ യുഡിഎഫിലെത്തിക്കാനുളള നീക്കങ്ങള്‍ക്ക് ക്രൈസ്തവ സഭകളാണ് മുന്‍കൈയെടുക്കുന്നതെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണം ഈ നീക്കം മുന്നോട്ടു കൊണ്ടു പോകാന്‍ ജോസിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യം സഭ നേതാക്കളെ നേരില്‍ക്കണ്ട് അറിയിക്കാനുളള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജോസ് കൊച്ചിയിലെത്തിയതെന്നാണ് സൂചന. സിറോ മലബാര്‍ സഭ നേതൃത്വത്തെയും ജോസ് വൈകാതെ കാണും.
യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എം പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ അതിന് സഭകള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഇതില്‍ സഭകള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകളടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ മാണി സഭ ആസ്ഥാനത്ത് എത്തിയത്.
എല്‍ഡിഎഫ് വിടാത്തതതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്താനും സര്‍ക്കാറുമായി സഭയ്ക്കുള്ള അതൃപ്തി നീക്കാനും ജോസ് കെമാണി ശ്രമിക്കുമെന്നാണ് സൂചന. മുന്നണിമാറ്റത്തിനായി സഭ ഇടപെട്ടുവെന്ന വാര്‍ത്തകളെ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരത്തെ തള്ളിയിരുന്നു.
അതേസമയം മുന്നണി മാറ്റ ചര്‍ച്ച കേരള കോണ്‍ഗ്രസ് എം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ചയായി. കോട്ടയം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുന്നണി മാറാനുള്ള അവസരം നേതാക്കള്‍ ചേര്‍ന്ന് ഇല്ലതാക്കിയെന്നും യുഡിഎഫിലേക്കെത്താന്‍ ഇതിലും മികച്ച അവസരം ഇല്ലായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കം പങ്കെടുത്ത യോഗത്തിലാണ് വിമര്‍ശനം.
മുന്നണിമാറ്റം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ ഈ നിലപാട് തള്ളുന്ന ചര്‍ച്ചകളാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്റ്റിയറിങ് യോഗത്തില്‍ നടന്നത്. കോട്ടയം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറണമായിരുന്നുവെന്ന അഭിപ്രായം ഉയര്‍ത്തി. എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥകളുമായി ബന്ധപ്പെട്ട അജണ്ടകള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് നേതാക്കള്‍ പരസ്യമായി ഇത്തരമൊരു നിലപാട് തുറന്നുപറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെന്നും ഇപ്പോഴുണ്ടായത് പ്രധാനപ്പെട്ട അവസരമായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം നോക്കി പാര്‍ട്ടിക്ക് വോട്ടുചെയ്യുന്ന കാലമൊക്കെ കഴിഞ്ഞുവെന്നും അണികള്‍ ഒരുവിഭാഗം കോണ്‍ഗ്രസിനൊപ്പമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതിനാല്‍ തന്നെ യുഡിഎഫിനൊപ്പം ചേരുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നാണ് വിമര്‍ശനമുന്നയിച്ചവര്‍ മുന്നോട്ടുവെച്ചത്.
എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസുള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും പ്രതികരണങ്ങളുണ്ടായി. നിലവില്‍ 200 രൂപയാണ് താങ്ങുവില. വോട്ടുചോദിച്ചുപോകുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം ഉണ്ടാകുമെന്ന് പറഞ്ഞ് ജോസ് കെ. മാണി ഇത് പ്രതിരേധിച്ചു. ഇപ്പോഴുണ്ടായ എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പോലും എല്‍ഡിഎഫിന് ഗുണമായിട്ട് മാറുമെന്നും മുന്നണിയില്‍ തുടരുന്നതാണ് നല്ലതെന്നും ജോസ് കെ. മാണി പറഞ്ഞു.
