ട്വന്റി 20 നനഞ്ഞ പടക്കം; എന്‍ഡിഎ പ്രവേശനം കമ്പനി ലാഭത്തിനെന്ന് മുഹമ്മദ് ഷിയാസ്; ട്വന്റി 20 അസ്തമിച്ചു കഴിഞ്ഞെന്നും കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു ജേക്കബ് മാപ്പുപറയണമെന്നും ഡിസിസി പ്രസിഡന്റ്
ട്വന്റി 20 നനഞ്ഞ പടക്കം; എന്‍ഡിഎ പ്രവേശനം കമ്പനി ലാഭത്തിനെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: ട്വന്റി 20 പാര്‍ട്ടി ഒരു നനഞ്ഞ പടക്കമാണെന്നും സാബു എം. ജേക്കബിന്റെ എന്‍ഡിഎ പ്രവേശനം തികച്ചും കമ്പനി ലാഭത്തിന് വേണ്ടിയാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അഴിമതിക്കാരും അരാഷ്ട്രീയ വാദികളും സ്വജന പക്ഷവാദികളും ആണെന്ന് പറഞ്ഞാണ് അരാഷ്ട്രീയ വാദിയായ സാബു ജേക്കബ് ട്വന്റി 20 എന്ന പാര്‍ട്ടി രൂപീകരിച്ചത്. ആ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത്, നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിനും കൊള്ളാത്തവരാണെന്നാണ് അദ്ദേഹം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ആവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരായി പറയുമ്പോഴും അദ്ദേഹം ബിജെപിക്ക് എതിരായി ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം ബിജെപി പാളയത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. അരാഷ്ട്രീയ വാദം ഉന്നയിച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അവരെ പണയപ്പെടുത്തുന്ന നടപടിയാണ് സാബു ജേക്കബിന്റെ ബിജെപി പ്രവേശനം.
രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരായി അതിക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിടുന്ന, രാജ്യത്തിന്റെ വികസന പദ്ധതികള്‍ ഇല്ലാതാക്കുന്ന, ജനാധിപത്യം തകര്‍ക്കുന്ന, ഭരണഘടനയെ അപമാനിക്കുന്ന ബിജെപിയോടൊപ്പം സാബു ജേക്കബ് ഇന്ന് ഒരുമിച്ച് നില്‍ക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തന്നെ ട്വന്റി ട്വന്റിയുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എല്‍ഡിഎഫിന്റെ പതനം തിരിച്ചറിഞ്ഞതോടെ സാബു ജേക്കബിന് മറ്റു വഴിയില്ലാതെയായി. ഇന്ത്യയില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്ന ബിജെപി, കോര്‍പറേറ്റ് മുതലാളിയായ സാബു ജേക്കബിന് ഉചിതമായ ഇടം തന്നെയാണ്. തികച്ചും കച്ചവട താല്‍പര്യമാണ് അദ്ദേഹത്തിന്റേതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
അദ്ദേഹം കോടികള്‍ മുടക്കി കെട്ടിപൊക്കിയ കമ്പനിയുടെ നിലനില്‍പിന് വേണ്ടിയാണ് ഇപ്പോഴുള്ള ഈ മാറ്റം. കിഴക്കമ്പലത്തെ കുന്നത്തുനാട്, ചൂരതോട് എന്നിവിടങ്ങളിലെ കമ്പനിയുടെ മാലിന്യ പ്രശ്‌നം അതി രൂക്ഷമായതോടെയാണ് അദ്ദേഹം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് ആരംഭിച്ച് സര്‍ക്കാരിന്റെ റേഷന് സമാനമായി വിതരണം ആരംഭിക്കുകയും ചെയ്തത്. അതോടെ സാധാരണക്കാരായ ജനങ്ങള്‍ സാബു ജേക്കബിന് അനുകൂലമാകുകയും കിഴക്കമ്പലത്ത് ഭരണം പിടിക്കുകയും ചെയ്തു. പിന്നീട് സമീപ പ്രദേശങ്ങളും ഇതുപോലെ കയ്യടക്കി. പിന്നീട് ഈ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് മുന്‍നിര്‍ത്തിയും പല വാഗ്ദാനങ്ങള്‍ നല്‍കിയും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഭക്ഷ്യകിറ്റുകള്‍ വാങ്ങി നന്ദി കാണിച്ചില്ലെന്ന തരത്തില്‍ വോട്ടര്‍മാരെ അപമാനിക്കുകയും ചെയ്തു. ഇയാള്‍ ഒരു ജനാധിപത്യവാദി ആയിരുന്നില്ല. മറിച്ച് ജനങ്ങളുടെ വോട്ട് കച്ചവട തന്ത്രം ഉപയോഗിച്ച് വാങ്ങാനാണ് ശ്രമിച്ചിരുന്നത്. പുത്തന്‍കുരിശിലും വടവുകോടും പ്രവര്‍ത്തകര്‍ സ്വതന്ത്രമായാണ് കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നും അത് അതുപോലെ തുടരുമെന്നും ഷിയാസ് വ്യക്തമാക്കി. കുന്നത്തുനാട്ടിലെ ട്വന്റി 20 മെമ്പര്‍മാര്‍ എല്ലാവരും ബിജെപിയിലേക്ക് പോകില്ല പലരും കോണ്‍ഗ്രസ് പാളയത്തിലെത്തുമെന്നും, ട്വന്റി 20 എന്ന പാര്‍ട്ടി അസ്തമിച്ചു കഴിഞ്ഞു, കുന്നത്തുനാട്ടിലെ ജനങ്ങളോട് സാബു ജേക്കബ് മാപ്പുപറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
സാബു ജേക്കബ് ഒരു യഥാര്‍ഥ ബിസിനസുകാരന്‍ ആണെന്നും തന്റെ ബിസിനസ് വളര്‍ച്ചക്കു വേണ്ടിയുള്ള നീക്കമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍ പറഞ്ഞു. ഇപ്പോഴുള്ള നടപടിയില്‍ അദ്ദേഹത്തിന് നഷ്ടം മാത്രമേ ഉണ്ടാകൂ. പ്രാദേശിക നേതാക്കള്‍ പലരും പാര്‍ട്ടിയില്‍ നിന്നും പൂര്‍ണമായി അകന്നു. പലരും കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ടെന്നും വി.പി സജീന്ദ്രന്‍ വ്യക്തമാക്കി.
