മത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിന്റെ ബലത്തിലും ചിലര്‍ കൈപ്പത്തി ചിഹ്നം കൈക്കലാക്കി; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ അതൃപ്തി പരസ്യമാക്കി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി
മത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിന്റെ ബലത്തിലും ചിലര്‍ കൈപ്പത്തി ചിഹ്നം കൈക്കലാക്കി
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. മത സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങിയും സമ്പത്തിന്റെ ബലത്തിലും ചിലര്‍ കൈപ്പത്തി ചിഹ്നം കൈക്കലാക്കിയെന്ന് ആരോപണം. യുവനേതാക്കളായ മുഹമ്മദ് ദിഷാലിനും ജിതിന്‍ പല്ലാട്ടിനും സീറ്റ് നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് നേതാവിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരവിന്ദിന്റെ വിമര്‍ശനം. യുവത രാഷ്ട്രീയത്തില്‍ നിന്ന് അകന്നു പോവുന്ന വര്‍ത്തമാനകാലത്ത് മാതൃകാപൊതുപ്രവര്‍ത്തനം നടത്തുന്ന യുവനേതൃത്വം അംഗീകരിക്കപ്പെടണം. തെറ്റുകള്‍ തിരുത്തിയേ മതിയാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഷ്ടീയജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഏടാണ് പൗരത്വസമരം. 57 പ്രവര്‍ത്തകര്‍ നേതാക്കളോടൊപ്പം നാല് ദിവസം കോഴിക്കോട് ജയിലില്‍ റിമാന്റിലായത് അഭിമാനമായി ഇന്നും നെഞ്ചേറ്റാറുണ്ട്. ഒരുമിച്ച് ജയിലില്‍ കിടന്ന ഞങ്ങളുടെ നേതാക്കള്‍ ടി. സിദ്ധിഖ് , പ്രവീണ്‍കുമാര്‍ , പി. എം നിയാസ്, ദിനേശ് പെരുമണ്ണ എന്നിവര്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അഭിമാനം ഇരട്ടിച്ചു. ജവഹറിനെപ്പോലുള്ള ജയില്‍മേറ്റ്‌സ് ആയ സഹപ്രവര്‍ത്തകര്‍ പലരും തദ്ദേശതെരത്തെടുപ്പില്‍ മത്സരിച്ചപ്പോഴും ജയിച്ചപ്പോഴും നമ്മളിലൊരാള്‍ എന്ന വികാരം കോരിത്തരിപ്പിച്ചു.
അന്ന് ജയിലില്‍ പോയവര്‍ എല്ലാവരും ഇന്നും കോണ്‍ഗ്രസ് രാഷ്ടീയത്തില്‍ സജീവമായി നിറഞ്ഞു നിന്ന് നേതൃതലത്തില്‍ ഉയര്‍ത്തപ്പെടുമ്പോഴും കോണ്‍ഗ്രസ്സ് സ്ഥാനാല്‍ത്ഥികളായി മത്സരരംഗത്ത് വരുമ്പോഴും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ജനകിയ സമരത്തിന്റെ ഭാഗമായവര്‍ക്ക് കിട്ടിയ വലിയ അംഗീകാരമായി കണക്കാക്കിയിരുന്നു. ഈ തെരത്തെടുപ്പിലും പലരും മത്സരരംഗത്ത് നിറഞ്ഞു നിന്നപ്പോഴും ഏറെ വേദനിപ്പിച്ചത് അന്ന് ജയിലില്‍ ഒരുമിച്ച് കഴിഞ്ഞ ദിഷാലിനും ജിതിനും സ്വതന്ത്രരായി മത്സരിക്കേണ്ട അവസ്ഥ വന്നു എന്നുള്ളതാണ്.
പാര്‍ലിമെന്റ് തെരത്തെടുപ്പ് കഴിഞ്ഞ ഉടനെ വയനാട്ടില്‍ ചിന്തന്‍ശിബിരത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം വാര്‍ഡുകളിലെ പ്രവര്‍ത്തകരുടെ അവകാശമായപ്പോള്‍ ഉണ്ടായ മാറ്റത്തിന്റെ മെറിറ്റ് കേരളമൊന്നാകെ കാണുമ്പോഴും ചിലരൊക്കെ മത സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങിയും സമ്പത്തിന്റെ ബലത്തിലും കൈപ്പത്തി സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനെ ന്യായീകരിക്കാന്‍ കഴിയില്ല..
യുവത രാഷ്ട്രിയത്തില്‍ നിന്ന് അകന്നു പോവുന്ന വര്‍ത്തമാനകാലത്ത് മാതൃകാപൊതുപ്രവര്‍ത്തനം നടത്തുന്ന യുവനേതൃത്വം അംഗീകരിക്കപ്പെടണം. തെറ്റുകള്‍ തിരുത്തിയേ മതിയാവൂ. പാര്‍ട്ടിയും നവീകരിക്കപ്പെടണം.
