കെ സുധാകരനെ മാറ്റുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലും; നേതൃമാറ്റ ചര്‍ച്ചകള്‍ മാധ്യമ കഥകള്‍ മാത്രമെന്ന് നേതാക്കള്‍; കെ സുധാകരന് പിന്തുണയുമായി ഒരു വിഭാഗം നേതാക്കള്‍; ഡല്‍ഹി ചര്‍ച്ചയില്‍ നേതൃമാറ്റം ചര്‍ച്ചയാകില്ല; വി ഡി - കെ എസ് കൂട്ടുകെട്ട് വിന്നിംഗ് കോമ്പിനേഷനെന്ന് വിലയിരുത്തല്‍; ജംബോ കമ്മറ്റികളെ ഒഴിവാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങും

കെ സുധാകരനെ മാറ്റുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലും

Update: 2025-02-27 07:43 GMT

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് തല്‍ക്കാലം വീണ്ടും അവസാനമാകുന്നു. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റാന്‍ ചര്‍ച്ചകല്‍ ഒന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഇതോടെ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേതൃമാറ്റ ആവശ്യം ഉയര്‍ന്നേക്കില്ല. കെ സുധാകരനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത് ഗുണകരമാകില്ലെന്നാണ് പൊതുവില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന വിലയിരുത്തല്‍. ഇതോടെയാണ് തല്‍ക്കാലം നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമാകുന്നത്.

നേതൃമാറ്റത്തിന് പകരം സംഘടനയിലെ ജംബോ കമ്മറ്റികളെ ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാകും നടക്കുക. കെപിസിസി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും. അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും. നിലവിലെ ജംബോ കമ്മിറ്റി ഒഴിവാക്കും. അതേസമയം വര്‍ക്കിംഗ് പ്രസിഡനറ് പദവിയില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ചര്‍ച്ച നാളെ കേരളത്തിലെ നേതാക്കളുടെ യോഗത്തിലുണ്ടാകും.

കേരളത്തില്‍ അടക്കം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ക്കുന്ന നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും. ആസമിലെ നേതാക്കളെയാകും കോണ്‍ഗ്രസ് നേതൃത്വം ഇന്ന് വൈകിട്ട് നാല് മണിക്ക് കാണും. ആസമില്‍ ഗൗരവ് ഗൊഗോയിയെ മുന്നില്‍ നിറുത്തിയാകും പ്രചാരണം. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗൊഗോയിയെ നിയമിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളനേതാക്കളുടെ യോഗം നാളെ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്താണ് ചേരുക.

യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെ നേതാക്കള്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാനുള്ള ചര്‍ച്ച യോഗത്തിലുണ്ടാവില്ലെന്നാണ് വിവരം. അതേസമയം കെ.പി.സി.സി അധ്യക്ഷനെ മാറ്റുന്നതു സംബന്ധിച്ച ഒരു ചര്‍ച്ചയും ഇവിടെയോ ഡല്‍ഹിയിലോ നടക്കുന്നില്ലെന്ന് പ്തിപവക്, നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. മിനിയാന്ന് കെ.പി.സി.സി യോഗം കഴിഞ്ഞതേയുള്ളൂ. ഇന്നലെ രാവിലെ മുതലാണ് വാര്‍ത്തകള്‍ വന്നത്. വാര്‍ത്ത എവിടെ നിന്നാണ് കിട്ടിയതെന്ന് മാധ്യമങ്ങളാണ് പറയേണ്ടതെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ മാത്രം യോഗമല്ല ഡല്‍ഹിയില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ വിവിധ ദിവസങ്ങളിലായി നടക്കും. ഇതൊക്കെ അറിയാമായിരുന്നിട്ടും കേരളത്തില്‍ എന്തോ പ്രശ്നമുള്ളതുകൊണ്ട് നേതാക്കളെ വിളിപ്പിച്ചെന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ സംസ്ഥാനങ്ങളിലെ നേതാക്കളെയും എ.ഐ.സി.സി ഡല്‍ഹിക്ക് വിളിപ്പിക്കാറുണ്ട്. എന്നിട്ടും കോണ്‍ഗ്രസില്‍ എന്തോ പ്രശ്നമാണെന്ന തരത്തില്‍ ഓരോ മാധ്യമങ്ങളും ഓരോ ദിവസങ്ങളിലും വാര്‍ത്തകള്‍ നല്‍കുകയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു തര്‍ക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ യു.ഡി.എഫും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുകായാണ്. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടായി. തിരിച്ചടിയുണ്ടായിരുന്നത് എല്‍.ഡി.എഫിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃമാറ്റ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയത്.

ഇതിനിടെ കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കെ.സുധാകരന് പിന്തുണയുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ഇവരുടെ വാദം. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം.

പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാന്റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതല്‍പ്പേര്‍ പിന്തുണയുമായി എത്തുമെന്നും പിന്നീട് തറപ്പിച്ചു. പിന്നാലെ കെപിസിസി ഉപാധ്യക്ഷന്‍ വിടി ബല്‍റാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി. കെ സുധാകരന്‍ അധ്യക്ഷനായശേഷമുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ മിന്നും ജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ മുന്നേറ്റവും അക്കമിട്ട് നിരത്തിയാണ് പിന്തുണ അറിയിച്ചത്.

സമീപകാലത്തെ കോണ്‍ഗ്രസിലെ ഏറ്റവും വിജയകരമായ വിന്നിംഗ് കോംബിനേഷനാണ് വി ഡി സതീശനും- കെ സുധാകരനും തമ്മിലെന്നാണ് ബല്‍റാം ചൂണ്ടിക്കാട്ടുന്നത്. ഇക്കാലയളവില്‍ തൃക്കാക്കരയില്‍ ഇരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. പുതുപ്പള്ളിയില്‍ നാലിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. പാലക്കാട്ട് അഞ്ചിരട്ടി ഭൂരിപക്ഷത്തിന് ജയിച്ചു. ചേലക്കരയില്‍ എതിരാളികളുടെ ഭൂരിപക്ഷം നാലിലൊന്നായി കുറഞ്ഞു. പാര്‍ലമെന്റിലേക്ക് 18 യുഡിഎഫ് എംപിമാര്‍ ജയിച്ചു കയറി. അക്കൂട്ടത്തില്‍ ഇതേ കെ സുധാകരനടക്കം പത്ത് പേര്‍ക്ക് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവും നേടാനായി. ഏറ്റവുമൊടുവില്‍ പ്രിയങ്കാ ഗാന്ധി 4 ലക്ഷത്തിലേറെ ലീഡ് നേടി കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമായി.

ഇതിനിടയില്‍ 16 തവണകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ ഓരോന്നിലും യുഡിഎഫ് നില മെച്ചപ്പെടുത്തി. സംഘടനാപരമായി കോണ്‍ഗ്രസിന് പുതിയ ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളുമുണ്ടായി. 22000ഓളം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രസിഡണ്ടുമാര്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. ഓരോ ദിവസവും നൂറ് കണക്കിന് സ്ഥലങ്ങളില്‍ മഹാത്മാഗാന്ധി കുടുംബസംഗമങ്ങള്‍ നടന്നുവരുന്നു. വിലക്കയറ്റത്തിനെതിരേയും നികുതി ഭീകരതക്കെതിരേയും കറണ്ട് ചാര്‍ജ് വര്‍ദ്ധനവിനെതിരേയും ക്രമസമാധാനത്തകര്‍ച്ചക്കെതിരേയുമൊക്കെ ദൈനംദിനമെന്നോണം കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇങ്ങനെ സുധാകരനെ വിമര്‍ശിക്കുന്നവര്‍ക്ക് മുന്നിലേക്ക് കണക്കെറിഞ്ഞു കൊണ്ടാണ് ബല്‍റാം മറുപടി നല്‍കിയത്.

സംഘടനാതലത്തില്‍ താഴെതട്ടില്‍ വരെ പ്രവര്‍ത്തനം ശക്തമാണെന്നും സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി തലപ്പത്ത് അഴിച്ചുപണിയെന്ന സൂചനവന്നപ്പോള്‍ തന്നെ സുധാകരനുള്ള പിന്തുണ രമേശ് ചെന്നിത്തലയും നേരത്തെ പരസ്യമാക്കിയിരുന്നു. പരസ്യപ്രകടനത്തിന് ഇല്ലെങ്കിലും പ്രസിഡന്റ് മാറണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷനേതാവിന്. എന്നാല്‍ കഴിഞ്ഞദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സുധാകരനുമായി ഐക്യത്തോടെയാണ് പോകുന്നതെന്ന് വി ഡി സതീശന്‍ നിലപാട് മയപ്പെടുത്തി.

ഇതോടെ പ്രസിഡന്റ് മാറുകയാണെങ്കില്‍ പ്രതിപക്ഷനേതാവും മാറട്ടെയെന്ന ആവശ്യം സുധാകരപക്ഷവും തല്‍കാലം ഉപേക്ഷിച്ച മട്ടാണ്. കോണ്‍ഗ്രസിലെ സമീപകാലത്തെ വിന്നിങ് കോമ്പിനേഷനാണ് വി ഡി സതീശനും കെ സുധാകരനുമെന്നാണ് നിലപാട്. കൂടുതല്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ വരുന്നതോടെ ദേശീയ നേതൃത്വത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാനാകമെന്നാണ് സുധാകരപക്ഷത്തിന്റെ പ്രതീക്ഷ.

അതിനിടെ, നേതൃമാറ്റത്തിനായി ഒരു വിഭാഗം ചരടുവലി നടത്തുന്നുമുണ്ട്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രണ്ടു മുതിര്‍ന്ന എംപിമാര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍കണ്ടപ്പോഴും ഇക്കാര്യം സൂചിപ്പിച്ചതാണ്. നേതൃമാറ്റ ആവശ്യവുമായി നേതൃത്വത്തെ സമീപിച്ച ചില നേതാക്കള്‍ അധ്യക്ഷ പദവിക്കു വേണ്ടിയുള്ള ചരടുവലി സജീവമാക്കിയിരുന്നു. സാമുദായിക പിന്തുണ രാഹുലിനെ ധരിപ്പിക്കാനുള്ള ശ്രമവും ചിലരില്‍ നിന്നുണ്ടായി.

കേരള നേതാക്കളുമായി നാളെ വൈകിട്ടു നടക്കുന്ന യോഗത്തില്‍ കെപിസിസി അധ്യക്ഷ പദവി സംബന്ധിച്ച ചര്‍ച്ചയുണ്ടാകില്ല. ഇക്കാര്യം എംപിമാരും നേതാക്കളും പങ്കെടുക്കുന്ന വിശാല യോഗത്തില്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നതിനോട് ഹൈക്കമാന്‍ഡിനു താല്‍പര്യമില്ല. കേരളത്തിന്റെ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പ്രത്യേക താല്‍പര്യമുണ്ട്. അന്തിമ തീരുമാനത്തില്‍ ഇരുവരുടെയും ഇടപെടല്‍ നിര്‍ണായകമാകും. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഡിസിസികളിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാരുടേതുള്‍പ്പെടെ അഭിപ്രായം യോഗത്തില്‍ തേടും. നിലവിലെ സാഹചര്യത്തിലെ മാറ്റം സാമുദായിക സന്തുലനത്തെ ബാധിക്കുമെന്ന വികാരവും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News