കെ പി സി സി തലപ്പത്ത് അഴിച്ചുപണിയില്ല; കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും; ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ നേതൃമാറ്റ ആലോചനയ്ക്ക് പകരം നല്‍കിയത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന സന്ദേശം; തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍; തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നെന്ന് പരിഭവം

കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല

Update: 2025-02-28 14:00 GMT

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍, കെ.സുധാകരന്‍ തലപ്പത്ത് തുടരും. സുധാകരനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചുചേര്‍ത്ത സംസ്ഥാനത്തെ നേതാക്കളുടെ യോഗത്തില്‍ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ തീരുമാനമായി. യോഗത്തില്‍, നേതൃമാറ്റം ചര്‍ച്ചയായില്ല. യോഗശേഷം, തങ്ങള്‍ ഒറ്റക്കെട്ടെന്ന സന്ദേശമാണ് നേതാക്കള്‍ നല്‍കിയത്.

സമ്പൂര്‍ണ ഐക്യം വേണെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കിയത്. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് നിരീക്ഷണം നടത്തും

തനിക്കും വി ഡി സതീശനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ സുധാകരന്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ വികാരാധീനനായാണ് സുധാകരന്‍ സംസാരിച്ചത്. നേതൃതലത്തില്‍ തന്നെ ഒറ്റപ്പെടുത്താന്‍ നീക്കം നടന്നുവെന്നും താന്‍ ദുര്‍ബലനായെന്ന പ്രചാരണത്തെ ആരും പ്രതിരോധിച്ചില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന പ്രചാരണത്തെ ശരിവെയ്ക്കും വിധം ചില നേതാക്കള്‍ മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തിയെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി ഐക്യം തകര്‍ക്കും വിധം ഒരു പ്രസ്താവനയോ നീക്കമോ തന്നില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ യോഗത്തില്‍ പറഞ്ഞു.

താന്‍ പാര്‍ട്ടിയോടൊപ്പമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. കെ പി സി സി തലത്തില്‍ തല്‍ക്കാലം പുന: സംഘടന ഉണ്ടാവില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും കേരളത്തിലോ ഡല്‍ഹിയിലോ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ യോഗങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ നേതാക്കളെയും വിളിപ്പിച്ചത്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരു തര്‍ക്കവുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളിലാണ് പാര്‍ട്ടിയും മുന്നണിയും. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് നേട്ടമുണ്ടായത്'- സതീശന്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ ഭരണമാറ്റം അനിവാര്യമെന്ന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷത്ത് നിന്നുള്ള സമീപനം സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചയായെന്നും എല്ലാ നേതാക്കളും സംസാരിച്ചുവെന്നും വരും മാസങ്ങളില്‍ നിരവധി പരിപാടികള്‍ നടത്തുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സ്റ്റേറ്റ് കോണ്‍ഫറന്‍സ് നടത്തുമെന്നും രാഹുലും ഖര്‍ഗെയും പങ്കെടുക്കുമെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യമില്ല എന്ന് മാധ്യമങ്ങള്‍ പ്രചരണം നടത്തുകയാണെന്നും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു.കേരളം ഐക്യ ജനാധിപത്യ മുന്നണി തട്ടി എടുക്കുമെന്ന് യോഗത്തിനുശേഷം കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News