സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി ഹാജര്‍ പുസ്തകം ഇല്ല; ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കിയതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടേണ്ട; ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇനി ഹാജര്‍ പുസ്തകം ഇല്ല
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇനി ഹാജര്‍ ബുക്ക് ഉണ്ടാകില്ല. സ്പാര്‍ക്ക് ബന്ധിതമായ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായും നടപ്പാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എന്നാല്‍ ബയോ മെട്രിക്കില്‍ നിന്നും ഒഴിവാക്കിയ ജീവനക്കാര്‍ക്ക് മാത്രം ഹാജര്‍ ബുക്കില്‍ ഒപ്പിടാമെന്നും ഇവര്‍ക്ക് മാത്രമായി ഹാജര്‍ ബുക്ക് ഉപയോഗിക്കാമെന്നും പൊതു ഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രത്യേക പ്രയാസം അനുഭവിക്കുന്നതും ഹൈസപ്പോര്‍ട്ട് ആവശ്യമായതുമായ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഗുരുതര രോഗം ബാധിച്ച് അവശനിലയിലുള്ളതും അംഗവൈകല്യം ബാധിച്ചതുമായ ജീവനക്കാരെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം മുഖേന ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചിരുന്നു. സംസ്ഥാനത്താകെ 16,991 ഭിന്നശേഷിക്കാരാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത്.
ജോലിസമയത്തു ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു ഹാജര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏര്‍പ്പെടുത്തണമെന്ന് പല തവണ നിര്‍ദേശിച്ചിട്ടും സര്‍വീസ് സംഘടനകളുടെ തടസ്സവാദങ്ങള്‍ മൂലം നടപ്പായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്
ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാനും ജോലി സമയത്ത് ജീവനക്കാര്‍ ഓഫീസില്‍ ഉണ്ടെന്ന് ഉറപ്പാക്കാനുമാണ് ബയോമെട്രിക് സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയത്.