രാഷ്ട്രീയം തൊഴിലാക്കുന്ന പണി സ്വീകരിച്ചിട്ടില്ല; പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്ന് പി കെ ഫിറോസ്; ഫിറോസിന്റെ എല്ലാ ബിസിനസ് സംരംഭങ്ങളെയും തേടി അന്വേഷണ ഏജന്‍സികള്‍ എത്തുമെന്ന് കെ ടി ജലീലും
രാഷ്ട്രീയം തൊഴിലാക്കുന്ന പണി സ്വീകരിച്ചിട്ടില്ല;
മലപ്പുറം: ഇടത് എംഎല്‍എ കെ.ടി.ജലീലും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി കെ ഫിറോസ് രംഗത്തുവന്നു. രാഷ്ട്രീയം തൊഴിലാക്കുന്ന പണി താന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഫിറോസ് മറുപടി നല്‍കിയത്. പൊതുപ്രവര്‍ത്തനവും തൊഴിലും ബിസിനസും ഒരുമിച്ച് നടത്തിയ പിതാവാണ് തനിക്ക് മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുകയും ബിനാമി ബിസിനസുകള്‍ ഫിറോസ് നടത്തുന്നുണ്ടെന്നും ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമായിട്ടാണ് ഫിറോസ് ഇങ്ങനെ പറഞ്ഞത്. 'രാഷ്ട്രീയം തൊഴിലാക്കുന്ന പണി ഇന്നുവരെ പി.കെ.ഫിറോസ് സ്വീകരിച്ചിട്ടില്ല. അതില്‍ അഭിമാനമുണ്ട്' ഫിറോസ് പറഞ്ഞു. സൗദിയില്‍ കെഎംസിസി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഫിറോസിന്റെ പ്രതികരണം. ലീഗിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് കെ.ടി.ജീലലടക്കമുള്ളവരുടെ നീക്കമെന്നും ഫിറോസ് പറയുകയുണ്ടായി.
എന്നാല്‍ ഇതിന് മറുപടിയുമായി ജലീല്‍ രംഗത്തെത്തി. 'ഫിറോസിന്റെ പിതാവ് പല കച്ചവടവും നടത്തിയിട്ടുണ്ട് എന്നത് ശരിയാകാം. പക്ഷെ ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോള്‍ സ്വസ്ഥം, ഗൃഹഭരണം. കച്ചവടം നഷ്ടത്തില്‍ കലാശിച്ച പിതാവിന്റെ മകന്‍ എങ്ങിനെയാണ് നിരവധി ബിസിനസുകളില്‍ ഷെയര്‍ ഹോള്‍ഡര്‍ ആവുക? അയാള്‍ എങ്ങിനെയാണ് ലക്ഷപ്രഭുവാവുക?' ജലീല്‍ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
'പി.കെ ഫിറോസിന് ഗള്‍ഫിലും നാട്ടിലും പങ്കാളിത്തമുള്ളതും ബിനാമിയെ വെച്ച് നടത്തുന്നതുമായ എല്ലാ ബിസിനസ് സംരഭങ്ങളെ തേടിയും അന്വേഷണ ഏജന്‍സികള്‍ എത്തും. ഫണ്ട് മുക്കി കുഴിച്ചിട്ട പണം ഏതു മരുഭൂമിയിലാണെങ്കിലും അടിവേരോടെ മാന്തി പുറത്തെടുക്കും. ഫിറോസിന്റെ പാര്‍ട്ട്ണര്‍മാര്‍ വേഗം തടി സലാമത്താക്കി കൊള്ളുക. അല്ലെങ്കില്‍ നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയത് പോലും കാക്ക കൊത്തിപ്പോകും! കാക്കച്ചി കൊത്തിപ്പോകും' ജലീല്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിംയൂത്ത് ലീഗ് നടത്തിയ ദോതി ചാലഞ്ചില്‍ 600 രൂപക്ക് കൊടുത്ത തുണി കമ്പനിയില്‍ നിന്ന് വാങ്ങിയതിന്റെ ജിഎസ്ടി ഉള്‍പ്പടെയുള്ള 2,72,000 മുണ്ടിന്റെ മൊത്തം തുക അടങ്ങുന്ന ബില്ലിന്റെ കോപ്പി ഉടന്‍ പുറത്ത് വിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ഫിറോസ് ദുബായിലെ ഒരു കമ്പനിയിലെ സെയില്‍സ് മാനേജരാണെന്നതിന്റെയും മാസം അഞ്ചേകാല്‍ ലക്ഷംരൂപ ശമ്പളം വാങ്ങുന്നതിന്റെയും രേഖകള്‍ ജലീല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
2021ല്‍ താനൂരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നത്. 2024 ആയപ്പോഴേക്ക് അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സ്ഥിതി ഫിറോസിന് എങ്ങനെയുണ്ടായി എന്ന് ജലീല്‍ ചോദിക്കുകയുണ്ടായി. ഫിറോസ് ആ കമ്പനിയുടെ ഓഹരിയുടമയാണ്. ഇതുമാത്രമല്ല, കൊപ്പത്ത് ഫ്രൈഡ് ചിക്കന്‍ ഫ്രാഞ്ചൈസി തുടങ്ങിയതും ഫിറോസാണ്. യഥാര്‍ത്ഥത്തില്‍ മുസ്ലിംലീഗിന്റെ സെയില്‍സ് മാനേജരാണ് ഫിറോസെന്നും ജലീല്‍ പരിഹസിച്ചു. 600 രൂപയുടെ ധോത്തി ചലഞ്ച് നടത്തി 16 കോടിരൂപയിലേറേ സമാഹരിച്ചതില്‍ അഴിമതി നടന്നുവെന്ന മുന്‍ ആരോപണത്തെക്കുറിച്ചും ജലീല്‍ പരാമര്‍ശിച്ചു. അന്നു നല്‍കിയ ധോത്തി നിലവാരം കുറഞ്ഞതാണെന്ന് തെളിയിക്കാന്‍ ഒരു യൂത്ത്‌ലീഗുകാരന്‍തന്നെ നല്‍കിയ ധോത്തി അദ്ദേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
താന്‍ ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് ഖുര്‍ആന്‍ തൊട്ട് സത്യംചെയ്യാന്‍ തയ്യാറാണെന്ന് ഖുര്‍ആന്‍ കൈയില്‍പ്പിടിച്ച് പറഞ്ഞ ജലീല്‍, ഇതുപോലെ സത്യംചെയ്യാന്‍ പി.കെ. ഫിറോസ് തയ്യാറാണോ എന്ന് വെല്ലുവിളിക്കുകയുംചെയ്തിരുന്നു.