കേരളത്തിലുള്ളപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും; മുഖ്യമന്ത്രി വിലക്കിയെന്ന വിധത്തില്‍ പുറത്തുവന്ന വാര്‍ത്ത പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍; ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്; വിവാദത്തില്‍ വിശദീകരണവുമായി പി കെ ശ്രീമതി
വിവാദത്തില്‍ വിശദീകരണവുമായി പി കെ ശ്രീമതി
കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത സിപിഎമ്മില്‍ വ്യത്യസ്തപ്രതികരണങ്ങളാണ് ഉണടാക്കിയത്. കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീമതി തന്നെ രംഗത്തുവന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ വിലക്കെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുറത്തുന്ന വാര്‍ത്ത എന്നും പി കെ ശ്രീമതി പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ വിലക്കിയിട്ടില്ല. ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്. ഇക്കാര്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇനിയും പങ്കെടുക്കും എന്നും പി കെ ശ്രീമതി വ്യക്തമാക്കി.
കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രായ പരിധിയില്‍ ലഭിച്ച ഇളവ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാണ്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു ഇളവ് നിലവില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീമതിയെ വിലക്കിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം. പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കു മാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് നേതാക്കള്‍ ഇടപെട്ടില്ലെന്നുമായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, പി കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണോ എന്ന ചോദ്യം ഉന്നയിച്ചായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതിരോധം. യോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടല്ലേ വരികയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു.
ഇത്തരത്തിലൊരു വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശ്രീമതിയ്ക്ക് ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് സിപിഎം സെക്രട്ടറിയേറ്റില്‍ ശ്രീമതി പങ്കെടുത്തു. എന്നാല്‍ ഇന്നലെ പങ്കെടുത്തില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിലക്കിയെന്ന തരത്തിലെ വാര്‍ത്ത മാതൃഭൂമി നല്‍കുന്നത്. ഇത് നിഷേധിക്കുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും സ്ഥിരീകരിക്കുന്നത് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ശ്രീമതിയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് തന്നെയാണ്. അതായത് പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്ത ശ്രീമതി ഇനി സെക്രട്ടറിയേറ്റിന് എത്തില്ല.
''ശ്രീമതി കേന്ദ്രത്തിലാണു പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഉള്ളപ്പോള്‍ ഇവിടത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവര്‍ക്കു പങ്കെടുക്കാം. വെറുതെ വാര്‍ത്ത സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ശ്രീമതി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. പി.കെ.ശ്രീമതി കേരളത്തിലെ കേഡര്‍ അല്ലെന്നാണ് ഒരേയൊരു കാര്യം. കേരളത്തിലെ കേഡര്‍ ആയല്ല ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ വന്നത്. നമ്മള്‍ ഇവിടെ നിന്ന് ഒഴിവാക്കിയതാണ്. 75 വയസ്സ് കഴിഞ്ഞ് പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും ശ്രീമതി ഒഴിവായതാണ്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ അവരുടെ സേവനം അവിടെ വേണമെന്നുള്ളത് കൊണ്ടാണ് കേന്ദ്ര കമ്മിറ്റിയില്‍ എടുത്തത്. കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളിലാണ് അവര്‍ ഫോക്കസ് ചെയ്യുന്നത്. ഇവിടെ ഉള്ളപ്പോള്‍ അവര്‍ക്ക് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. അതില്‍ യാതൊരു പ്രശ്നവുമില്ല. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതില്‍ എല്ലാ പ്രാവശ്യവും പങ്കെടുക്കണമെന്നു നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. എന്നാല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലാതെ ആവില്ലേ. വെറുതെ ഇങ്ങനെ ഓരോന്നു പറയുകയാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കുന്നതില്‍ ശ്രീമതിക്ക് എന്താണ് കുഴപ്പം? കേഡര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി വിഭജിച്ചു നല്‍കിയിട്ടുണ്ട്. മറ്റുള്ളതെല്ലാം ശുദ്ധ അസംബന്ധമാണ്'' എം.വി.ഗോവിന്ദന്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.
ഇതില്‍ നിന്ന് തന്നെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ശ്രീമതി ഇനി പങ്കെടുക്കേണ്ടതില്ലെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതു നിലപാട് എന്ന് വ്യക്തമാകുകയാണ്. പിണറായി വിലക്കി എന്നതിനെയാണ് ഗോവിന്ദന്‍ തള്ളുന്നതെന്നാണ് സാരം. അതായത് സംസ്ഥാന നേതൃത്വം കൂട്ടായി ശ്രീമതിയെ കേരളാ കേഡറില്‍ നിന്നും ഒഴിവാക്കി എന്ന് വേണം വിലയിരുത്താന്‍. എന്നെക്കുറിച്ച് ഇന്ന് വന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതം മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണമെന്നാണ് ശ്രീമതി ഫെയ്സ് ബുക്കില്‍ കുറിപ്പിട്ടത്. ഏതായാലും മുഖ്യമന്ത്രി വിലക്കിയെന്നത് ശ്രീമതിയും നിഷേധിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളാണ് ഈ സാഹചര്യം സിപിഎമ്മിലുണ്ടാക്കുന്നത്.
സിപിഎം കേന്ദ്ര കമ്മറ്റിയിലേക്ക് മന്ത്രി മുഹമ്മദ് റിയാസിനെ ഉള്‍പ്പെടുത്താന്‍ പിണറായി ആഗ്രഹിച്ചിരുന്നു. പ്രായപരിധിയില്‍ തട്ടി പികെ ശ്രീമതി കേന്ദ്ര കമ്മറ്റിയ്ക്ക് പുറത്താകുമെന്ന് ഏവരും കരുതി. എന്നാല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീമതിയ്ക്ക് ഇളവ് കിട്ടി. ഇതോടെ കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മറ്റിയിലേക്കുള്ള ഒഴിവുകള്‍ കുറഞ്ഞു. മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയില്‍ എടുക്കുന്നതിനെ എതിര്‍ത്തവരുടെ പിന്തുണയില്‍ ശ്രീമതി കേന്ദ്ര കമ്മറ്റിയില്‍ പദവി നിലനിര്‍ത്തി. 75 വയസ്സെന്ന പ്രായപരിധിയെ പിണറായിയെ പോലെ ശ്രീമതിയും മറികടന്ന് ദേശീയ നേതൃത്വത്തിന്റെ ഭാഗമായി. അങ്ങനെ കേന്ദ്ര കമ്മറ്റിയില്‍ പികെ ശ്രീമതി എത്തിയത് പിണറായിയ്ക്ക് പിടിച്ചില്ലെന്നാണ് സൂചന. ഇതാണ് ശ്രീമതിയ്ക്കുള്ള വിലക്കിന് കാരണവും.