കേരളത്തില്‍ ഇനി അന്‍വറിന്റെ 'ഡിഎംകെ'; തമിഴ്‌നാട്ടിലെ ഭരണകക്ഷി ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ നീക്കം; പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മഞ്ചേരിയില്‍; ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന വിലയിരുത്തല്‍

അന്‍വറിന്റെ പാര്‍ട്ടി 'ഡിഎംകെ', തമിഴ് ഡിഎംകെയുമായി സഖ്യനീക്കം

Update: 2024-10-05 18:04 GMT

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് എല്‍ഡിഎഫ് വിട്ട പി വി അന്‍വര്‍ എം.എല്‍.എ പുതിയ പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ നീക്കം. പാര്‍ട്ടിയുടെ പേര് പി.വി. അന്‍വര്‍ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡിഎംകെ) സഖ്യത്തിനുള്ള ശ്രമവും നടക്കുന്നുണ്ട്. ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് അന്‍വറിന് ഒപ്പമുള്ള നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിയെ ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സ്റ്റാലിനു കത്തു നല്‍കിയിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം മഞ്ചേരിയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

പി.വി. അന്‍വര്‍ എം.എല്‍.എ. ഡി.എം.കെയിലേക്കെന്ന സൂചനകളുണ്ടായിരുന്നു. അന്‍വര്‍ ചെന്നൈയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് പി.വി. അന്‍വര്‍ മഞ്ചേരിയിലെ വസതിയില്‍ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാര്‍ട്ടി രൂപവത്കരിച്ച് ഡി.എം.കെയുമായി സഹകരിച്ച് ഇന്ത്യമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.

സി.പി.എമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലര്‍ത്തുന്ന എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡി.എം.കെയിലേക്കുള്ള അന്‍വറിന്റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡി.എം.കെ. ശ്രമങ്ങള്‍ക്ക് ഇതു കരുത്തുപകരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ചേരിയിലെ പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് ഡിഎംകെയുടെ ഒരു മുതിര്‍ന്ന നേതാവിനെ നിരീക്ഷകനായി അയയ്ക്കണമെന്ന് കൂടിക്കാഴ്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. മകന്‍ റിസ്വാനും അന്‍വറിനൊപ്പം ചെന്നൈയിലുണ്ട്.

കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നില്ല. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിക്ക് ചേരാന്‍ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തില്‍ കേരളത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതും ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമാണെന്നും അന്‍വറിന് ഒപ്പമുള്ള നേതാക്കള്‍ പറയുന്നു.

തമിഴ്‌നാട്ടിലെ മുസ്‌ലിം ലീഗ് നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‌ലിം ലീഗിന്റെ തമിഴ്‌നാട് ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തതായാണ് വിവരം.

Tags:    

Similar News