വിലപേശലൊന്നും വിലപ്പോകില്ലെന്ന് ബോധ്യമായ അന്‍വര്‍ അടങ്ങുന്നു; സ്വന്തമായി മത്സരിക്കുന്നത് ആത്മഹത്യാപരമെന്ന തിരിച്ചറിവില്‍ കിട്ടിയ ഉറപ്പില്‍ തൃപ്തിപ്പെടും; തൃണമൂലൂമായി യുഡിഎഫ് മുന്നണിയില്‍ കയറുക സാധ്യമല്ലാത്തതിനാല്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് സ്റ്റാറ്റസെങ്കില്‍ അതെങ്കിലുമാകട്ടെയെന്ന് നിലപാട്; പ്രചരണം സജീവമാക്കി യുഡിഎഫ്
വിലപേശലൊന്നും വിലപ്പോകില്ലെന്ന് ബോധ്യമായ അന്‍വര്‍ അടങ്ങുന്നു
മലപ്പുറം: നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഇന്ന് നിലപാട് പ്രഖ്യാപിക്കും. യുഡിഎഫുമായി ചേരാതെ മറ്റുവഴികള്‍ ഇല്ലെന്ന പശ്ചാത്തലത്തില്‍ അന്‍വര്‍ വഴങ്ങുകയാണ് എന്നാണ് സൂചന. യുഡിഎഫുമായുള്ള സഹകരിക്കുമെന്ന കാര്യത്തില്‍ അന്‍വര്‍ ഇന്ന് നിലപാട് പ്രഖാപിക്കും. രാവിലെ 9 മണിക്ക് പി.വി അന്‍വര്‍ മാധ്യമങ്ങളെ കാണും. ഒതായിയിലെ വീട്ടില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് യുഡിഎഫിനോടുള്ള നിലപട് പി.വി അന്‍വര്‍ പ്രഖ്യാപിക്കും.
സ്വന്തമായി മത്സരിക്കും എന്നതടക്കം കടുത്ത നിലപാടില്‍ നിന്ന് മയപ്പെട്ട അന്‍വര്‍ ലീഗ് മധ്യസ്ഥതയിലൂടെയുള്ള ചര്‍ച്ചകളില്‍ തൃപ്തനാണ്. സ്വന്തമായി മത്സരിച്ചാല്‍ അത് ഗുണകരമാകില്ലെന്ന തിരിച്ചറിവാലാണ് അന്‍വറുള്ളത്. ഇക്കാര്യം ബോധ്യമായതോടെയാണ് അന്‍വര്‍ അടങ്ങുന്നത്. വി ഡി സതീശന്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടയാണ് അന്‍വറിന് വഴങ്ങേണ്ടി വന്നത്. അതിനാല്‍ തന്നെ മുന്നണി പ്രവേശനം ഉറപ്പുവരുത്തി യുഡിഎഫിനൊപ്പം നില്‍ക്കാന്‍ അന്‍വര്‍ ശ്രമിക്കുമെന്നാണ് സൂചന. യുഡിഎഫുമായുള്ള സഹകരണം അന്‍വര്‍ പ്രഖ്യാപിച്ചാല്‍ മുന്നണി സഹകരണം യുഡിഎഫും പ്രഖ്യാപിക്കുമെന്നാണ് യുഡിഎഫ് നിലപാട്.
അന്‍വര്‍ പ്രതീക്ഷിക്കുന്ന പോലെ ഘടകക്ഷി സ്റ്റാറ്റസ് ലഭിക്കുമോ എന്ന് സംശയമാണ്. അസോസിയേറ് മെമ്പര്‍ സ്റ്റാറ്റസ് കൊണ്ട് അന്‍വറും കൂട്ടരും തൃപ്തിപ്പെടുമോ എന്നും അറിയേണ്ടതുണ്ട്. അതേസമയം ഫുട്‌ബോഡില്‍ നിന്നാണെങ്കിലും ലക്ഷ്യത്തിലെത്തിയാല്‍ മതിയല്ലോയെന്ന് പറഞ്ഞ അന്‍വര്‍ ഘടകകക്ഷിയാക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടുണ്ട്.
അന്‍വറിന്റ സമ്മര്‍ദത്തിന് വഴങ്ങില്ല. അന്‍വറിന് വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കാം. ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരുത്തി പറഞ്ഞാല്‍ അന്‍വറിനെ മുന്നണിയില്‍ അസോഷ്യേറ്റ് അംഗമാക്കുന്ന കാര്യം പരിഗണിക്കാം. ഇതായിരുന്നു യുഡിഎഫിന്റെ നിലപാട് . സമ്മര്‍ദം വിജയിക്കില്ലെന്ന് കണ്ടതോടെ അന്‍വര്‍ വീണ്ടും പി കെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തി . വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നായിരുന്നു അവരുടേയും നിര്‍ദേശം.
ഇതോടെ പാര്‍ട്ടിയുമായി ആലോചിച്ച് പറയാമെന്നായി അന്‍വര്‍. ചര്‍ച്ച കഴിഞ്ഞ് നിലമ്പൂരിലെ വീട്ടിലെത്തിയ അന്‍വര്‍ പ്രശ്‌നം അധികം ദിവസം നീളില്ലെന്ന സൂചനയും നല്‍കി. അതിനിടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് പഞ്ചായത്ത് കണ്‍വെന്‍ഷനുകളിലേക്ക് കടക്കുകയാണ് യുഡിഎഫ്. കരുളായി, അമരമ്പലം, എടക്കര, മുത്തേടം എന്നീ പഞ്ചായത്തുകളില്‍ ഇന്ന് കണ്‍വെന്‍ഷന്‍ നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പഞ്ചായത്ത് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.
സമീപകാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ മാതൃകയില്‍ മുതിര്‍ന്നവര്‍ മുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെ നീളുന്ന നേതൃനിര തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കും. പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയകരമായി പരീക്ഷിച്ച 'ടീം വര്‍ക്ക്' നിലമ്പൂരിലും തുടരുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
4 തലങ്ങളിലുള്ള മേല്‍നോട്ടമാണു നേതാക്കളെ ഏല്‍പിക്കുക. ബൂത്ത്, ഏതാനും ബൂത്തുകള്‍ ചേര്‍ന്ന ക്ലസ്റ്റര്‍, പഞ്ചായത്ത്, നിയോജകമണ്ഡലം എന്നിങ്ങനെ വിവിധ തലങ്ങളില്‍ നേതാക്കള്‍ക്കു ചുമതല നല്‍കും. എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ അടക്കമുള്ളവരെല്ലാം വരുംദിവസങ്ങളില്‍ നിലമ്പൂരിലെത്തി ചുമതലയേല്‍ക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കായിരിക്കും ഏകോപനച്ചുമതല.
സ്ഥാനാര്‍ഥിത്വത്തിനായി ആര്യാടന്‍ ഷൗക്കത്തിന്റെയും വി.എസ്.ജോയിയുടെയും പേരുകള്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ തര്‍ക്കങ്ങളൊഴിവാക്കാന്‍ പാര്‍ട്ടിക്കകത്ത് വിപുലമായ ആശയവിനിമയം കോണ്‍ഗ്രസ് ഇക്കുറി നടത്തി. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ കെപിസിസി മുന്‍ പ്രസിഡന്റുമാര്‍, മുതിര്‍ന്ന നേതാക്കള്‍, തിരഞ്ഞെടുപ്പ് സമിതിയംഗങ്ങള്‍ എന്നിവരുടെ അഭിപ്രായം സണ്ണി ജോസഫും വി.ഡി.സതീശനും തേടി.